‘തവക്കൽന’യിൽ ആദ്യ ഡോസ് സ്റ്റാറ്റസ് കാലാവധി 90 ദിവസമാക്കി കുറച്ചു

0
2496

റിയാദ്: സഊദിയിൽ മുഴുവൻ കാര്യങ്ങൾക്കും രണ്ട് ഡോസ് നിർബന്ധമാക്കിയതോടെ നിലവിൽ വന്ന തവക്കൽന പുതിയ അപ്ഡേറ്റിൽ ചില മാറ്റങ്ങൾ വരുത്തി. ഇക്കഴിഞ്ഞ പത്താം തിയ്യതി മുതലാണ് ഇമ്മ്യൂൺ സ്റ്റാറ്റസ് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമാക്കി ചുരുക്കിയത്. ഇതോടെ നേരത്തെയുണ്ടായിരുന്ന ഒറ്റ ഡോസ് എടുത്തവർക്കും രോഗം ബേധമായവർക്കുമുള്ള ഇമ്മ്യൂൺ സ്റ്റാറ്റസ് ഇപ്പോൾ ലഭ്യമല്ല. രണ്ട് ഡോസ് പൂർത്തിയാക്കിയവർക്ക് മാത്രമാണ് ഇമ്മ്യൂൺ സ്റ്റാറ്റസ് ലഭിക്കുന്നത്. ഇവർക്ക് മാത്രമാണ് ഓഫീസുകൾ, പൊതു ഗതാഗതം, പൊതു കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് പ്രവേശനാനുമതി നൽകുന്നുള്ളൂ.

പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കിവര്‍ക്ക് മാത്രമാണ് ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ലഭിക്കുകയെന്നതിനൊപ്പം ഒരു ഡോസ് വാക്‌സിന്‍ മാത്രം എടുത്തവരെ ആദ്യ ഡോസ് എടുത്തവര്‍ എന്ന് പ്രത്യേകമായി കാണിക്കുകയും ചെയ്യും. മാത്രമല്ല, ഒറ്റ ഡോസ് എടുത്തവരുടെ പ്രതിരോധ ശേഷി കാലയളവ് 90 ദിവസം കുറക്കുകയും ചെയ്തിട്ടുണ്ട്. പുതിയ തീരുമാന പ്രകാരം ഒന്നാം ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കുള്ള ഇമ്മ്യൂണ്‍ സ്റ്റാറ്റസ് 180 ദിവസത്തില്‍ നിന്ന് 90 ദിവസമായാണ് കുറച്ചത്.

അതായത്, ഫസ്റ്റ് ഡോസ് എടുത്ത് 90 ദിവസത്തിനുള്ളിൽ രണ്ടാം ഡോസ് സ്വീകരിച്ചിട്ടില്ലെങ്കിൽ ഈ കാലയളവിന് ശേഷം ഇവരുടെ സ്റ്റാറ്റസ് രോഗബാധ സ്ഥിരീകരിച്ചിട്ടില്ല എന്നായി മാറും. സെക്കന്റ് ഡോസ് എടുക്കുന്നത് വരെ ഈ സ്റ്റാറ്റസ് തന്നെയായിരിക്കും തുടരുക. എന്നാൽ, രണ്ടാം ഡോസ് സ്വീകരിച്ചു കഴിഞ്ഞാല്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് തിരിച്ചുവരും. നേരത്തേ ആദ്യ ഡോസ് എടുത്ത് 14 ദിവസത്തിനു ശേഷം 180 ദിവസം വരെ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ലഭിച്ചിരുന്നു. അതിനാണ് പുതിയ തീരുമാനത്തോടെ മാറ്റം വന്നിരിക്കുന്നത്.

വാക്‌സിന്‍ എടുക്കാന്‍ നിര്‍ദേശിച്ച പ്രായം തികയാത്തവര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല എന്ന സ്റ്റാറ്റസും, വാക്‌സിന്‍ നിര്‍ബന്ധമുള്ളവര്‍ അത് സ്വീകരിച്ചിട്ടില്ലെങ്കില്‍ പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടില്ല എന്ന സ്റ്റാറ്റസുമാണ് ആപ്പില്‍ തെളിയുക. രോഗബാധിതര്‍, രോഗികളുമായി ഇടപഴകിയവര്‍, ഹോം ക്വാറന്റൈനിലും ഹോട്ടല്‍ ക്വാറന്റൈനിലും കഴിയുന്നവര്‍ എന്നി വിഭാഗങ്ങളെയും പ്രത്യേകം സ്റ്റാറ്റസില്‍ തിരിച്ചറിയാന്‍ സാധിക്കും. വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ ഇളവ് ലഭിച്ച വിഭാഗത്തിനുള്ള നിലവിലെ സ്റ്റാറ്റസ് അതേപടി തുടരുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

പുതിയ മാറ്റംപ്രകാരം ഫൈസര്‍ ബയോണ്‍ടെക്, ഓക്‌സ്‌ഫോഡ് ആസ്ട്രസെനെക്ക, മൊഡേണ എന്നീ വാക്‌സിനുകളില്‍ ഏതെങ്കിലും ഒന്നിന്റെ രണ്ട് ഡോസും ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ഒരു ഡോസും എടുത്തവര്‍ക്കു മാത്രമേ തവക്കല്‍നാ ആപ്പില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ലഭിക്കൂ. സിനോഫാം, സിനോവാക്‌സ് വാക്‌സിനുകളുടെ രണ്ട് ഡോസ് എടുത്തവര്‍ സഊദിയിൽ അംഗീകാരമുള്ള മൂന്നാമതൊരു ബൂസ്റ്റര്‍ ഡോസ് കൂടി എടുത്താല്‍ അവര്‍ക്കും ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ലഭ്യമാകും.

ഇത് കൂടി വായിക്കുക 👇

“നാളെ മുതൽ പ്രാബല്യത്തിൽ വരുന്ന തവക്കൽന സ്റ്റാറ്റസ് ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ടു”