മുഹമ്മദലിയുടെ വെളിപ്പെടുത്തല്‍: കൊലപാതകമാകാന്‍ ഇടയില്ലെന്ന് ഇന്‍ക്വസ്റ്റ് നടത്തിയ എസ്‌ഐ

36 വര്‍ഷം മുന്‍പത്തെ എഫ്‌ഐആറും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും വഴിത്തിരിവാകും

കോഴിക്കോട്: 39 വര്‍ഷം മുന്‍പ് കൂടരഞ്ഞിയില്‍ താന്‍ കൊലപാതകം നടത്തിയെന്ന മുഹമ്മദലിയുടെ വെളിപ്പെടുത്തലിലെ സാധ്യതകള്‍ തള്ളി മുന്‍ തിരുവമ്പാടി എസ്‌ഐ.

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും അന്ന് അതില്‍ കൊലപാതക സാധ്യതതോന്നിയിരുന്നില്ലെന്നും മരിച്ചയാളുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് നേതൃത്വംനല്‍കിയ റിട്ടയേര്‍ഡ് എസ്‌ഐ ഒ.പി. തോമസ് വ്യക്തമാക്കി. വെള്ളത്തില്‍ വീണത് അപസ്മാരം മൂലമായിരിക്കാമെന്നും കാഴ്ചയില്‍ നല്ലആരോഗ്യമുള്ളയാളായിരുന്നു മരിച്ചയാളെന്നും തോമസ് പറഞ്ഞു.

അന്ന് പതിനാല് വയസ്സുമാത്രം പ്രായമുള്ള മുഹമ്മദലിക്ക് അയാളെ കൊലപ്പെടുത്താന്‍ കഴിയുമെന്ന് സംശയമുണ്ടെന്നും ശരീരത്തില്‍ മറ്റ് മുറിവുകളൊന്നും ഉണ്ടായിരുന്നില്ലെന്നും തോമസ് ഒരു വാര്‍ത്താ ചാനലിനോട് പ്രതികരിച്ചു. 1986 ഡിസംബര്‍ 1-നാണ് സംഭവം നടന്നതെന്നാണ് മുഹമ്മദലി മൊഴി നല്‍കിയിരിക്കുന്നത്. മരിച്ചയാളെ തോട്ടില്‍ ചവിട്ടിയിട്ടതാണെന്നും, സംഭവത്തിന് രണ്ടുദിവസം മുന്‍പും തര്‍ക്കമുണ്ടായിരുന്നുവെന്നും വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് വിവരങ്ങള്‍ ശേഖരിച്ചുവരുകയാണ്.

36 വര്‍ഷം മുന്‍പത്തെ എഫ്‌ഐആറും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും വഴിത്തിരിവാകും

കോഴിക്കോട്: രണ്ടുപേരെ കൊലപ്പെടുത്തിയെന്ന വേങ്ങര സ്വദേശി മുഹമ്മദലി നടത്തിയ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് മുപ്പത്തിയാറു വര്‍ഷം മുന്‍പത്തെ എഫ്‌ഐആറും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും അന്വേഷണസംഘം തിരയുന്നു. ഇവ രണ്ടും കേസില്‍ വഴിത്തിരിവാകുമെന്നതാണ് പ്രതീക്ഷ.

1989 സെപ്റ്റംബര്‍ 24-ന് വെള്ളയില്‍ കടപ്പുറത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ചുകിടന്നയാളുമായി ബന്ധപ്പെട്ട കേസാണ് മുഹമ്മദലിയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ജീവന്‍ വെക്കുന്നത്.

മുഹമ്മദലി പറഞ്ഞതില്‍ കഴമ്പുണ്ടോയെന്ന് ഉറപ്പിക്കാനാണ് പഴയരേഖകള്‍ തിരിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. കേസ് ഡയറിതന്നെ കാണാതായ സാഹചര്യത്തില്‍ പുനരന്വേഷണം ആരംഭിക്കാന്‍ ഏറ്റവും കുറഞ്ഞത് എഫ്‌ഐആറും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും വേണം. ഇതില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കോഴിക്കോട് മെഡിക്കല്‍ കോേളജിലെ ഫൊറന്‍സിക് വിഭാഗത്തില്‍നിന്ന് ചൊവ്വാഴ്ച ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതിനായി തിങ്കളാഴ്ച ഫൊറന്‍സിക് മെഡിസിന്‍ വിഭാഗത്തെ അന്വേഷണസംഘം സമീപിച്ചിരുന്നു.