കേസ് പ്രോസിക്യൂഷനിൽ
ദമാം: പ്രതിമാസം 5,000 റിയാൽ പ്രതിഫലം സ്വീകരിച്ച് വിദേശിക്ക് ബിനാമി ബിസിനസിന് കൂട്ട് നിന്ന സഊദി പൗരന് കിട്ടിയത് എട്ടിന്റെ പണി. ബിസിനസ് മറവിൽ സ്വദേശിയുടെ പേരിൽ നടത്തിയ ഇടപാടിൽ ഒടുവിൽ സഊദി പൗരൻ കടക്കണിയിലുമായി. ഒന്നും രണ്ടുമല്ല, 2.6 കോടി റിയാലിന്റെ കടക്കെണിയിലാണ് സഊദി പൗരൻ പെട്ടത്.
കിഴക്കൻ സഊദിയിലെ ദമാമിലാണ് സംഭവം. കോൺട്രാക്ടിംഗ് മേഖലയിൽ സ്വന്തം നിലക്ക് സ്ഥാപനം നടത്താൻ അറബ് വംശജന് ആവശ്യമായ ഒത്താശകൾ ചെയ്തുകൊടുത്തതായിരുന്നു സഊദി പൗരൻ. പ്രതിമാസം 5,000 റിയാൽ ഈടാക്കിയാണ് ബിനാമി സ്ഥാപനം നടത്താൻ സൗദി പൗരൻ വിദേശിക്ക് കൂട്ടുനിന്നത്. ഇതിനിടെ, സഊദിയുടെ പേരിൽ വിദേശി ഇടപാടുകളും നടത്തിയിരുന്നു. കോൺട്രാക്ടിംഗ് സ്ഥാപനത്തിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങിയ വകയിലെ കടങ്ങൾ തിരിച്ചടക്കുന്നതിൽ വിദേശി പരാജയപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഇതോടെ ബന്ധപ്പെട്ട വകുപ്പുകൾ സഊദി പൗരനെ വിളിച്ചുവരുത്തി അന്വേഷണം നടത്തിയപ്പോഴാണ് തന്റെ പേരിൽ വിദേശി നടത്തുന്ന സ്ഥാപനത്തിന്റെ പേരിൽ 2.6 കോടി റിയാലിലേറെ റിയാലിന്റെ കടങ്ങൾ കുമിഞ്ഞുകൂടിയതായി സഊദി പൗരൻ അറിഞ്ഞത്. ബിനാമി ബിസിനസ് കേസിൽ സഊദി പൗരനെയും വിദേശിയെയും വാണിജ്യ മന്ത്രാലയം വിളിച്ചുവരുത്തി ചോദ്യം ചെയ്ത് ഇരുവർക്കുമെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാരുകയായിരുന്നു.




