ജന്മംകൊണ്ടും വിശ്വാസം കൊണ്ടും ഹിന്ദുക്കള്‍; എന്നാല്‍ പഞ്ചാബിലെ ഈ ‘ഹുസൈനി ബ്രാഹ്മണര്‍’ വര്‍ഷങ്ങളായി മുഹര്‍റം ആചരിക്കുന്നു | കഥ അറിയാം

0
343

ന്യൂഡല്‍ഹി: ജൂലൈ 06 ന്മു ഹറം ദിനത്തില്‍ ഇന്ത്യന്‍ ശിയാ മുസ്‌ലിംകൾ ഇമാം ഹുസൈന്റെ രക്തസാക്ഷിത്വത്തെ അനുസ്മരിച്ചു. നിരവധി മുസ്ലിംകള്‍ ഈ ദിവസം വ്രതം അനുഷ്ഠിക്കും. ചിലര്‍ താസിയകളുമായി തെരുവുകളില്‍ ഘോഷയാത്രകള്‍ നടത്തും, ചിലര്‍ സര്‍ബത്തും മറ്റ് ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു പൊതുസേവനത്തില്‍ സമയം ചെലവഴിക്കും. ലോകമെമ്പാടുമുള്ള നിരവധി മുസ്ലിംകള്‍ ഈ ദിവസം ഇമാം ഹുസൈന്റെ രക്തസാക്ഷിത്വത്തെ വ്യത്യസ്ത രീതികളില്‍ അനുസ്മരിക്കുന്നു. ഇറാഖിലെ കര്‍ബല നഗരത്തില്‍ ഈ ദിവസത്തിനായി പ്രത്യേക ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്.

എന്നാല്‍ ജന്മംകൊണ്ടും വിശ്വാസം കൊണ്ടും ഹിന്ദുക്കള്‍ ആണെങ്കിലും ലോകത്തെ ശിയാ വിശ്വാസികള്‍ക്കൊപ്പം പഞ്ചാബിലെ ഈ ‘ഹുസൈനി ബ്രാഹ്മണ’ വിഭാഗക്കാരും വര്‍ഷങ്ങളായി മുഹര്‍റം ആചരിക്കുകയാണ്. ഇന്ത്യയിലെ പഞ്ചാബ് സംസ്ഥാനത്ത് നിലവിലുള്ള ഒരു ചെറിയ സമൂഹമായ ‘ഹുസൈനി ബ്രാഹ്മണര്‍’ മുഹറം ദിനത്തില്‍ ഇമാം ഹുസൈനെ അനുസ്മരിക്കുന്നു.

ആരാണ് ഹുസൈനി ബ്രാഹ്മണര്‍?

പഞ്ചാബിലെ മൊഹ്യാല്‍ ബ്രാഹ്മണ സമൂഹത്തിന്റെ ഭാഗമാണ് ഹുസൈനി ബ്രാഹ്മണര്‍. മൊഹ്യാല്‍ സമൂഹത്തില്‍ ബാലി, ഭീംവാള്‍, ഛിബ്ബര്‍, ദത്ത്, ലൗ, മോഹന്‍, വൈദ് എന്നിവയുള്‍പ്പെടെ ആറ് ചെറിയ സമൂഹങ്ങളുണ്ട്. അവര്‍ തങ്ങളുടെ ഹിന്ദു പാരമ്പര്യത്തിന്റെ പരിധിക്കുള്ളില്‍ തന്നെ തുടരുമ്പോള്‍ തന്നെ ഇന്ത്യയ്ക്ക് പുറത്തുള്ള പാരമ്പര്യങ്ങള്‍ സ്വീകരിച്ചു. ഇതുമൂലം, മൊഹ്യാല്‍ സമൂഹത്തിലെ ചെറിയ ഉപവിഭാഗം ഇസ്ലാമില്‍ വിശ്വസിക്കാന്‍ തുടങ്ങിയിരിക്കുന്നു.

ഹുസൈനി ബ്രാഹ്മണരുടെ ഹൃദയങ്ങളില്‍ ഇമാം ഹുസൈനോടുള്ള സ്‌നേഹമുണ്ട്. വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന ഈ പാരമ്പര്യത്തിന്റെ ഭാഗമായി, അവര്‍ എല്ലാ വര്‍ഷവും മുഹറത്തില്‍ താസിയ ഉണ്ടാക്കുന്നു. നോഹയും കവിത്തും പാടി ഇമാം ഹുസൈനെയും കര്‍ബലയില്‍ രക്തസാക്ഷികളായവരെയും അവര്‍ ഓര്‍മ്മിക്കുന്നു. ദത്ത് സമുദായത്തിലെ ചില പൂര്‍വ്വികരെയും ഈ നോഹയിലും കവിത്തിലും പരാമര്‍ശിക്കുന്നു. ഇതിന് പിന്നിലെ കാരണം മനസ്സിലാക്കാന്‍, നമ്മള്‍ അവരുടെ ചരിത്രത്തിലേക്ക് തിരിയണം.

എന്തുകൊണ്ടാണ് മുഹറം ആഘോഷിക്കുന്നത്?

ഹുസൈനി ബ്രാഹ്മണര്‍ക്കും മുഹറത്തിനും ഉള്ള ബന്ധം മനസ്സിലാക്കുന്നതിനുമുമ്പ്, ആദ്യം മുഹറം എന്തെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഇസ്ലാമിക കലണ്ടറിലെ (ഹിജ്രി കലണ്ടര്‍) ആദ്യ മാസമാണ് മുഹറം. ഹിജ്രി 61ല്‍ (അതായത് എ.ഡി. 680) പ്രവാചകന്‍ മുഹമ്മദ് നബിയുടെ കൊച്ചു മകന്‍ ഹുസൈന്‍ മദീന നഗരത്തിലായിരുന്നപ്പോള്‍, ഇറാഖിലെ കൂഫ നഗരത്തില്‍ നിന്ന് അദ്ദേഹത്തിന് ഒരു കത്ത് ലഭിച്ചു. അവിടത്തെ മുസ്ലിംകള്‍ അന്നത്തെ രാജാവായ യസീദ് ബിന്‍ മുആവിയയെ രാജാവായി അംഗീകരിക്കുന്നില്ലെന്ന അറിയിപ്പായിരുന്നു കത്തില്‍. കൂഫയിലെ നിരവധി ആളുകള്‍ യസീദിന് പകരം ഇമാം ഹുസൈനെ തങ്ങളുടെ ഖലീഫയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്തുകള്‍ എഴുതി. പൊതുജനാഭിപ്രായം മറ്റെല്ലാറ്റിനുമുപരിയായി നിലനിര്‍ത്തിക്കൊണ്ട്, ഇമാം ഹുസൈന്‍ തന്റെ 70 കൂട്ടാളികളോടൊപ്പം കൂഫയിലേക്ക് 1400 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ തീരുമാനിച്ചു.

വഴിയില്‍ യസീദിന്റെ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരും പട്ടാളക്കാരും അവരെ തടഞ്ഞു. ഈ സ്ഥലം കര്‍ബലയായിരുന്നു. ഇമാം ഹുസൈനും കൂട്ടാളികളും ഏകദേശം 10 ദിവസത്തോളം വിശപ്പും ദാഹവും സഹിച്ചതിന് ശേഷം രക്തസാക്ഷികളായി. മുഹറം 10ാം ദിവസമാണ് കര്‍ബലയിലെ ഈ സംഭവം നടന്നത്. അതിനാല്‍ ആണ് ഇന്ന് ഇമാം ഹുസൈന്റെ ത്യാഗത്തെ ഓര്‍മ്മിക്കുന്നത്.

ഹുസൈനി ബ്രാഹ്മണരും മുഹറവും തമ്മിലെ ബന്ധം

ഹുസൈനി ബ്രാഹ്മണര്‍ക്കും മൊഹറവുമായുള്ള ബന്ധത്തെക്കുറിച്ച് രണ്ട് വിശ്വാസങ്ങളുണ്ട്. ആദ്യത്തേത് വിശമ്പര്‍നാഥ് ഉപാധ്യായ തന്റെ ‘താന്ത്രിക് പ്രഭാവ് ഓണ്‍ സെയിന്റ് – വൈഷ്ണവ് പോയട്രി’ എന്ന പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുള്ളതാണ്. അജ്മീരില്‍ അന്ത്യവിശ്രമ കൊള്ളുന്ന ഹസ്രത്ത് ഖ്വാജ മുഈനുദ്ദീന്‍ ചിഷ്തി ഇന്ത്യയില്‍ വന്നപ്പോള്‍, ‘ചിഷ്തികളുടെ സ്വാധീനം മൂലമാണ് ഹുസൈനി ബ്രാഹ്മണര്‍ ജനിച്ചത്’ എന്ന് ഉപാധ്യായ എഴുതുന്നു.

അദ്ദേഹം എഴുതുന്നു: ‘അവര്‍ ഹിന്ദുക്കളോ മുസ്ലീങ്ങളോ അല്ല. അവര്‍ സ്വയം അഥര്‍വവേദി ബ്രാഹ്മണര്‍ എന്ന് വിളിക്കുന്നു. അവരുടെ രൂപം ഹിന്ദുവാണ്, പക്ഷേ അവര്‍ ഹിന്ദു വ്രതങ്ങളോടൊപ്പം റംസാനും ആചരിക്കുന്നു.’

രണ്ടാമത്തെ വിശ്വാസം ബ്രിട്ടീഷ് വംശശാസ്ത്രജ്ഞന്‍ ഡെന്‍സില്‍ ഇബ്ബെറ്റ്‌സണ്‍ പരാമര്‍ശിച്ചതാണ്. ടി.പി. റസ്സല്‍ സ്‌ട്രേസി. മൊഹ്യാല്‍ സമൂഹത്തില്‍ ഒരു ഐതിഹ്യം ഉണ്ട്. അതനുസരിച്ച് ദത്ത് വംശത്തിലെ ഒരു മോഹ്യാല്‍ ബ്രാഹ്മണന്‍ കര്‍ബല യുദ്ധത്തില്‍ ഇമാം ഹുസൈന്റെ പക്ഷത്ത് നിന്ന് പോരാടി. റാഹിബ് ദത്ത് എന്ന ഈ യോദ്ധാവ് തന്റെ ഏഴ് ആണ്‍മക്കളെ ഇതുപ്രകാരം ബലിയര്‍പ്പിച്ചു. എന്നാല്‍ ഇസ്ലാമിക ചരിത്രത്തില്‍ അത്തരമൊരു യോദ്ധാവിനെക്കുറിച്ച് ഒരു വിവരവുമില്ല.

ഹുസൈനി ബ്രാഹ്മണര്‍ ഇപ്പോള്‍ എവിടെയാണ്?

പ്രധാനമായും ഹുസൈനി ബ്രാഹ്മണര്‍ പൂനെ, ഡല്‍ഹി, ചണ്ഡീഗഡ്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലാണ് താമസിക്കുന്നത്. ഇന്ത്യയിലെ ഹുസൈനി ബ്രാഹ്മണ സമൂഹം ഇമാം ഹുസൈനോടൊപ്പം റഹാബ് ദത്തിനും അവരുടെ നോഹുകളിലും കവിതകളിലും സ്ഥാനം നല്‍കിയിട്ടുണ്ട്. അതായത്, അവര്‍ ഹിന്ദുമതത്തെയോ ഇമാം ഹുസൈനെയോ ഉപേക്ഷിച്ചിട്ടില്ല. ഹുസൈനി ബ്രാഹ്മണരുമായി ബന്ധപ്പെട്ട ഈ ചൊല്ല് അവരുടെ ജീവിതരീതിയെ ഉചിതമായ വാക്കുകളില്‍ വിവരിക്കുന്നു; ‘വാ ദത്ത് സുല്‍ത്താന്‍, ഹിന്ദു മതം, മുസ്ലീം വിശ്വാസം. പകുതി ഹിന്ദു, പകുതി മുസ്ലീം.!