- മക്കളെ പൊതു വിദ്യാലയത്തില്‍ അയക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് വേണ്ടിയാണെന്നും ആണ്‍-പെണ്‍ കൂടിക്കലര്‍ന്ന് അല്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തില്‍ തുള്ളുന്ന സംസ്‌കാരം പഠിക്കാനല്ലെന്നും ടി കെ അഷ്‌റഫ് വിമർശിച്ചിരുന്നു
തിരുവനന്തപുരം: സൂംബാ ഡാന്‍സ് പദ്ധതിയെ വിമർശിച്ച വിസ്ഡം ജനറല്‍ സെക്രട്ടറി ടി കെ അഷ്റഫിനെതിരെ നടപടിയെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂൾ മാനേജർക്ക് കത്തയച്ചു. 24 മണിക്കൂറിനകം നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
സ്കൂളിൽ സൂബാ ഡാൻസ് കളിക്കണമെന്ന നിർദേശം നടപ്പാക്കുന്നതിൽ നിന്ന് ഒരധ്യാപകൻ എന്ന നിലയ്ക്ക് വിട്ട് നിൽക്കുന്നു എന്ന നിലപാട് ടി കെ അഷ്‌റഫ് സ്വീകരിച്ചിരുന്നു. പാലക്കാട്ട് പികെഎം യുപിഎസ് എടത്തനാട്ടുകരയിലെ അധ്യാപകനാണ് അഷ്റഫ്.
സ്‌കൂളുകളില്‍ ലഹരി വരുദ്ധ ക്യാംപയിന്‍ന്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന സൂംബ ഡാന്‍സ് പദ്ധതിയില്‍ നിന്ന് അധ്യാപകനെന്ന നിലയില്‍ താന്‍ വിട്ടുനില്‍ക്കുകയാണെന്നും തന്റെ മകനും ഈ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് ടി കെ അഷ്‌റഫ് വ്യക്തമാക്കിയിരുന്നു.
മക്കളെ പൊതു വിദ്യാലയത്തില്‍ അയക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് വേണ്ടിയാണെന്നും ആണ്‍-പെണ്‍ കൂടിക്കലര്‍ന്ന് അല്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തില്‍ തുള്ളുന്ന സംസ്‌കാരം പഠിക്കാനല്ലെന്നും ടി കെ അഷ്‌റഫ് വിമർശിച്ചിരുന്നു. ഇത്തരം പരിപാടികള്‍ പുരോഗമനമായി കാണുന്നവരുണ്ടാകാമെന്നും എന്നാല്‍ ഇക്കാര്യത്തില്‍ താന്‍ പ്രാകൃതനാണെന്നും അദ്ദേഹം പറയുന്നു.
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്‌കൂളുകളില്‍ ലഘുവ്യായാമവും സൂംബ ഡാന്‍സും സംഘടിപ്പിക്കണമെന്ന വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിന്റെ പകര്‍പ്പ് സഹിതമായിരുന്നു ടി കെ അഷ്‌റഫ് ഫേസ്ബുക്കിൽ കുറിപ്പിട്ടത്. സ്‌കൂളുകളില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായ സൂംബ ഡാന്‍സ് പദ്ധതിക്കെതിരെ നേരത്തെയും ടി കെ അഷ്‌റഫ് രംഗത്തെത്തിയിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്ന് നൃത്തം ചെയ്യുന്നത് അംഗീകരിക്കാനാകില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. മാത്രവുമല്ല ലഹരി ഉപയോഗത്തിന്റെ വേരുകള്‍ കണ്ടെത്തി നശിപ്പിക്കുകയാണ് വേണ്ടതെന്നും അല്ലാത്ത നടപടികള്‍ക്ക് ലഹരി ഉപയോഗം അവസാനിപ്പിക്കാനാകില്ലെന്നും അദ്ദേഹം നേരത്തെ നിലപാടെടുത്തിരുന്നു.
സംഭവത്തിൽ വിസ്‌ഡം പുറത്തിറക്കിയ പ്രതിഷേധകുറിപ്പ്
ലഹരി ഉപയോഗത്തിനും അരാജക ജീവിതത്തിനും ആശയ അടിത്തറ പാകുന്ന ലിബറലിസ്റ്റ് വക്താക്കളുടെ അജണ്ടകളിലേക്ക് സാംസ്കാരിക കേരളത്തെ നയിക്കാനും പൊതു വിദ്യാലയങ്ങളെ പോലും ദുരുപയോഗം ചെയ്ത് പുതുതലമുറയെ സാംസ്കാരിക അധഃപതനത്തിലേക്ക് നയിക്കുന്നതുമായ ഒട്ടനവധി നീക്കങ്ങൾ ഇതിനകം ഉണ്ടായിട്ടുണ്ട്. ഇതിന്റെ ഭാഗമായി മനുഷ്യരാശിയെ അപകടത്തിലാക്കുന്നതും അത്യന്തം മാനവിക വിരുദ്ധവുമായ ‘ജെൻഡർ സാമൂഹ്യ നിർമിതി’യാണെന്ന ആശയം പാഠപുസ്തകങ്ങളിൽ വരെ ഇന്ന് ഇടംപിടിച്ചിരിക്കുകയാണ്.
ഈ ശ്രമങ്ങളുടെ ഭാഗമായി ജെൻഡർ ന്യൂട്രൽ ഡ്രസ്കോഡ് കൊണ്ടുവരാനുള്ള ആദ്യ നീക്കത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നപ്പോൾ, അടിച്ചേൽപ്പിക്കില്ലെന്നും ഇഷ്ടമുള്ളവർക്കാകാമെന്നും പറഞ്ഞ് സർക്കാർ പിൻവാങ്ങി. ഇതൊരു സിസ്റ്റത്തിന്റെ ഭാഗമായി മാറിയാൽ ക്രമേണ ആ സംസ്കാരത്തിലേക്ക് കുട്ടികൾ എത്തുമെന്ന് അവർക്കുറപ്പുണ്ടായിരുന്നു.
പുതു തലമുറ നിയന്ത്രണമില്ലാത്ത ആഘോഷത്വരയിലേക്കും (Celebration Culture) അതുവഴി നൈമിഷിക ആനന്ദം (Instant Gratification) ലഭിക്കുന്ന കാര്യങ്ങളോടുള്ള അമിതാസക്തിയിലൂടെ ലഹരിയിലേക്കും, വിചിത്രമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നതിലേക്കും വളരെ വേഗത്തിലാണ് എത്തിയത്. ഡി.ജെ പാർട്ടികളും വിദ്യാർഥികൾക്കിടയിലെ അവിഹിത ബന്ധങ്ങളും വർധിച്ചു. വിവാഹവും കുടുംബ സംവിധാനവും ചോദ്യം ചെയ്യപ്പെട്ടു. ലിവിംഗ് ടുഗതർ നോർമലൈസ് ചെയ്തു. പത്താം ക്ലാസ് കഴിഞ്ഞ് സെന്റ് ഓഫ് ദിനത്തിൽ യൂണിഫോമുകൾ വലിച്ച് കീറിയെറിയുകയും ലഹരി ഉപയോഗിച്ച് ചേരിതിരിഞ്ഞ് അടികൂടുകയും ചെയ്യുന്ന എത്രയോ ദൃശ്യങ്ങൾ നമ്മൾ കണ്ടു. താമരശ്ശേരിയിൽ ഒരു കുട്ടി കൊല്ലപ്പെടുന്ന സാഹചര്യം വരെ ഉണ്ടായി. അധ്യാപകരെ ഭീഷണിപ്പെടുത്തുന്ന പ്രതികരണങ്ങൾ നാം കണ്ടു. പത്ത് വർഷം പഠനം പൂർത്തിയാക്കിയിറങ്ങുന്ന നമ്മുടെ മക്കളെ പോലീസ് കാവലിൽ രക്ഷിതാക്കൾ നേരിട്ട് വന്ന് കൂട്ടിക്കൊണ്ടു പോകേണ്ട സാഹചര്യത്തിലേക്ക് എത്തിയിരിക്കുന്നു. വിദ്യാഭ്യാസം മാനവ സംസ്കരണത്തിന് എന്ന ലക്ഷ്യം ഇവിടെ അട്ടിമറിയുകയാണ്.
ഇത് യാദൃശ്ചികമായി സംഭവിച്ചതല്ല. ‘എന്റെ ശരീരം എന്റെ അവകാശം’, നിഹിലിസം, YOLO തുടങ്ങിയ ലിബറലിസ്റ്റ് ആശയങ്ങൾ കുട്ടികളെ വിഴുങ്ങിയതാണ് ഇതിനെല്ലാം കാരണം. കൂടാതെ സ്വവർഗരതി, പീഡോഫീലിയ, ഇൻസെസ്റ്റ്, ശവരതി, മൃഗരതി തുടങ്ങിയവക്ക് വരെ അവകാശം ഉന്നയിക്കുകയും, MDMA, കഞ്ചാവ് പോലുള്ള മാരക ലഹരികൾ ലീഗലൈസ് ചെയ്യണമെന്ന് വാദിക്കുകയും അത് നിസംഗരായി കേട്ടുനിൽക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് കേരളത്തിന്റെ സാംസ്കാരിക പരിസരം മാറി.
‘ജെൻഡർ സാമൂഹ്യ നിർമ്മിതിയാണ്’ എന്ന ആശയം ലൈംഗിക അരാജകത്വങ്ങൾക്കുള്ള ഒരു തുറന്ന വാതിലാണ്. ഈ ആശയം കുത്തി നിറച്ച പാഠ്യപദ്ധതി ചട്ടക്കൂടാണ് ആദ്യം ചർച്ചക്ക് വന്നത്. അത് ജനകീയ ചർച്ചക്ക് വിധേയമായപ്പോൾ ഉയർന്ന വിമർശനങ്ങൾ കാരണം, ചില വാക്കുകൾ പ്രത്യക്ഷത്തിൽ പിൻവലിഞ്ഞെങ്കിലും അതിന്റെ വേരുകൾ അവിടെത്തന്നെയുണ്ട്. ജനകീയ ചർച്ചകളിൽ ജനങ്ങൾ ഉന്നയിച്ച പ്രധാന ആശങ്കകൾ കണക്കിലെടുത്തതേയില്ല.
ഇപ്പോഴിതാ പൊതുവിദ്യാലയങ്ങളിൽ സൂംബാ ഡാൻസ് നിർദേശിച്ചിരിക്കുന്നു. ഇത് ശേഷിക്കുന്ന കുട്ടികളെക്കൂടി ലഹരി കൈമാറ്റത്തിന്റെയും ഉപയോഗത്തിന്റെയും പ്രാഥമിക സ്രോതസ്സുകളായ ഡി.ജെ പാർട്ടിയിലേക്ക് എത്തിക്കുന്നതിലാണ് അവസാനിക്കുക എന്ന് നിസ്സംശയം പറയാം. കാര്യങ്ങളുടെ ഗൗരവം ആഴത്തിൽ മനസ്സിലാക്കാത്തവർ ഇതിനെ പുരോഗമനമായി കാണുന്നുണ്ട്.
ഈ വിഷയത്തെ പൊതു വിദ്യാലയങ്ങളിൽ കൊണ്ടുവരുന്നത് ധാർമ്മിക സദാചാര മൂല്യങ്ങൾ കാത്ത് സൂക്ഷിക്കുന്ന വലിയൊരു വിഭാഗത്തെ പൊതു വിദ്യാലയങ്ങളിൽ നിന്ന് അകറ്റാൻ ഇടയാക്കുമെന്നാണ് ടി.കെ അഷറഫ് ഉയർത്തിയ ആശങ്ക. ഇതിനെതിരെയാണ് നടപടി വന്നിരിക്കുന്നത്. സമൂഹത്തെ നേർവഴി നടത്താൻ നിയോഗിതരായ, പ്രതികരണബോധമുള്ള അധ്യാപക വിഭാഗത്തെ നിശബ്ദമാക്കാനുള്ള ശ്രമമായി മാത്രമേ ഇതിനെ മനസ്സിലാക്കാനാവൂ.
മുഖ്യധാരയിലുള്ള ഒരു സംഘടനയുടെ സംസ്ഥാന ഭാരവാഹി എന്ന നിലയിൽ, ജനാധിപത്യപരമായി ഈ വിമർശനം ഉന്നയിച്ചപ്പോൾ തന്നെ, മന്ത്രിയടക്കമുള്ളവരിൽ നിന്നുള്ള പരിഹാസങ്ങളും ഒറ്റപ്പെടുത്തിയുള്ള വേട്ടയാടലുകളും നാം കണ്ടതാണ്. ജനാധിപത്യ അവകാശങ്ങളെ ഹനിക്കുന്നതും, പൊതുവിദ്യാലയങ്ങളെ ഗ്രസിക്കുന്നതുമായ ഈ കൾച്ചറൽ ഫാസിസത്തിനെതിരെ ജാതി-മത-ഭേദമന്യേ നാം ശബ്ദിച്ചില്ലെങ്കിൽ ഇത് നാളെ നമ്മുടെ മക്കളെയും തേടിവരും. ഇത് അടുത്ത തലമുറക്ക് വേണ്ടിയുള്ള പോരാട്ടമാണ്. നമ്മുടെ നാടിന്റെ ധാർമിക സംസ്കാരവും മൂല്യബോധവും നിലനിന്ന് കാണണമെന്നാഗ്രഹിക്കുന്ന എല്ലാവർക്കുമൊപ്പം ചേർന്നുനിന്ന് ഈ ആശയ പോരാട്ടത്തിൽ വിജയം വരിക്കുന്നത് വരെ വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ മുന്നോട്ട് പോകും. നന്മയുള്ള മുഴുവൻ ആളുകളുടെയും പിന്തുണ ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
✍️ Pn Abdul latheef Madani
President
Wisdom Islamic Organization





