നിങ്ങൾ കണ്ടുവോ സഊദി മാനത്ത് വിരുന്നെത്തിയ ആ അസാധാരണ അതിഥിയെ?, സഊദി ആകാശത്ത് ഇന്നലെ എത്തി പിങ്ക് പൊട്ട്

0
340

റിയാദ്: അസാധാരണ കളറിലുള്ള പൊട്ട് വീണ്ടും സഊദി ആകാശത്ത് പ്രത്യക്ഷപ്പെട്ടു. വടക്കുപടിഞ്ഞാറൻ ആകാശത്ത് ആണ് ഇന്നലെ വൈകിട്ട് അപ്രതീക്ഷിതമായി ഒരാസാധരണ അതിഥിയെത്തിയത്. സൂര്യൻ അസ്‌തമിച്ച ഉടൻ തിളങ്ങുന്ന പിങ്ക് നിറത്തിൽ വൃത്താകൃതിയിലുള്ള പൊട്ടാണ് എത്തി നോക്കി മറഞ്ഞത്. തികകച്ചും അപൂർവവും അസാധാരണവുമായ ഈ സംഭവം കാഴ്ചക്കാരിൽ കൗതുകമുണർത്തി.

ആകാശത്ത് മറ്റു പ്രത്യേകമായ കാര്യങ്ങൾ ഒന്നും തന്നെ ഈ സമയം ഉണ്ടായിരുന്നില്ല. വൃത്താകൃതിയിൽ ഏതാനും മിനിറ്റുകൾ ആകാശത്ത് പിങ്ക് കളറിൽ വർണം വിതറി നിന്ന ഈ സുന്ദരി ഏതാനും മിനിറ്റുകൾക്ക് ശേഷം ക്രമേണ മങ്ങിപ്പോകുകയായിരുന്നു. സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഇത് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു.

ശാസ്ത്ര വിശദീകരണം

അന്തരീക്ഷത്തിന്റെ മുകളിലെ പാളികളിലെ (അയണോസ്ഫിയർ) ബേരിയം, സ്ട്രോൺഷ്യം, അയോണൈസ്ഡ് ഓക്സിജൻ എന്നിവയുടെ നീരാവി കാരണമാണ് ഈ പ്രതിഭാസം ഉണ്ടായതെന്നാണ് ശാസ്ത്രീയ വിശദീകരണമെന്നാണ് ജിദ്ദ ജ്യോതിശാസ്ത്ര സൊസൈറ്റിയുടെ തലവൻ എഞ്ചിനീയർ മജീദ് അബു സഹ്‌റ ഇതെക്കുറിച്ച് അഭിപ്രായപ്പെട്ടത്. കത്തുന്ന റോക്കറ്റിന്റെ അവശിഷ്ടങ്ങൾ, ഉപഗ്രഹങ്ങളുടെ ഭാഗങ്ങൾ, ഹീലിയം/ ഹൈഡ്രജൻ പോലുള്ള വാതകങ്ങളുടെ സാന്നിധം തുടങ്ങിയവ ഒത്തുകൂടുന്നതിന്റെ കൂടി ഫലമായാണ് ഇത്തരത്തിൽ പിങ്ക് പൊട്ട് രൂപപ്പെടാൻ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബേറിയം, സ്ട്രോൺഷ്യം, ഓക്സിജൻ എന്നിവ ഉപയോഗിച്ചുള്ള ഐണോസ്ഫിയർ പരീക്ഷണത്തിലും ഇത് സംഭവിക്കാറുണ്ട്. അമേരിക്കൻ, യൂറോപ്യൻ ബഹിരാകാശ ഏജൻസികൾ റോക്കറ്റുകൾ ഉപയോഗിച്ച് വ്യോമമണ്ഡലത്തിൽ (ionosphere) നടത്തുന്ന ശാസ്ത്രീയ പരീക്ഷണങ്ങളിലും ബേറിയം, സ്ട്രോൺഷ്യം പോലുള്ള ലോഹ വാതകങ്ങൾ പുറത്തേക്ക് തള്ളാറുണ്ട്. ഈ വാതകങ്ങൾ ആകാശത്ത് പ്രകാശശേഖരങ്ങൾ സൃഷ്ടിക്കും.

അവ പലപ്പോഴും പിങ്ക്, പച്ച, നീല തുടങ്ങിയ നിറങ്ങളിലുമാകാം. ഇത് ഒരു കൃത്രിമ പ്രകാശപ്രകടനം കൂടിയാണ്. 100 മുതൽ 300 കിലോമീറ്റർ വരെ ഉയർന്ന ആകാശത്തിൽ റോക്കറ്റുകൾ ബേറിയം, സ്ട്രോൺഷ്യം, ഓക്സിജൻ ഐയൺസ് തുടങ്ങിയവ പുറത്തേക്ക് തള്ളാറുണ്ട്. ഇവ സൂര്യപ്രകാശത്തിൽ (മൂടിക്കെട്ടാത്ത ആകാശത്തിൽ) പ്രകാശിക്കുകയും ചെയ്യും. അത് ഒരാൾക്ക് ഭൂമിയിൽ നിന്ന് കാണുമ്പോൾ പിങ്ക്, നീല, പച്ച എന്നിവ പോലെ പ്രകാശിക്കുന്നുണ്ട്.

ഇതിനെയാണ് പിങ്ക് സ്പോട്ട് എന്ന് വിളിക്കുന്നത്. നേരത്തെയും ഇത് സഊദി ആകാശത്ത് വിരുന്നെത്തിയിരുന്നു. ഇക്കഴിഞ്ഞ മെയ് 13നായിരുന്നു അത്.