സഊദിയില്‍ ബിനാമി ബിസിനസ് നടത്തിയ പ്രവാസി അറസ്റ്റിൽ; പ്രതിയായ സഊദി പൗരനുൾപ്പെടെ രണ്ട് ലക്ഷം റിയാല്‍ പിഴയും നാടുകടത്തലും ശിക്ഷ

0
347
  • ലഭിക്കുന്ന ലാഭത്തിന്റെ 40 ശതമാനം പ്രവാസിക്കും 60 ശതമാനം സഊദി പൗരനും വീതിച്ചെടുക്കുന്ന നിലക്കായിരുന്നു ബിസിനസ് നടത്തിയിരുന്നത്

ദമാം: സഊദിയിൽ ബിനാമി ബിസിനസ് കേസില്‍ പ്രവാസി അറസ്റ്റിൽ. സഊദി പൗരന്റെ സഹായത്തോടെ ബിസിനസ് നടത്തിയ ഈജിപ്ഷ്യൻ പൗരനാണ് അറസ്റ്റിലായത് സംഭവത്തിൽ വിദേശിയായ ഈജിപ്ഷ്യൻ പൗരനും സഹായം ചെയ്ത സഊദി പൗരനും കോടതി ശിക്ഷ വിധിക്കുകയും ചെയ്തു.

കിഴക്കൻ സഊദിയിലെ ദമാമിലാണ് ബിനാമി ബിസിനസ് കണ്ടെത്തി പിടികൂടിയത്. കുറ്റക്കാരായ സഊദി പൗരനും ഈജിപ്തുകാരനും ദമാം ക്രിമിനല്‍ കോടതി രണ്ടു ലക്ഷം റിയാല്‍ പിഴയും ചുമത്തിയതിനു പുറമെ പ്രവാസിയെ ആജീവനാന്ത നാട് കടത്താനും സഊദി പൗരന് ഈ മേഖലയിൽ ബിസിനസ് വിലക്ക് ഉൾപ്പെടെയുള്ള നടപടികളും നേരിടണം.

വിദേശ നിക്ഷേപ ലൈസന്‍സ് നേടാതെ കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫില്‍ സ്വന്തം നിലക്ക് ശുദ്ധീകരിച്ച സമുദ്രജലം ടാങ്കറുകളില്‍ വിതരണം ചെയ്യുന്ന സ്ഥാപനം നടത്തിയ ഈജിപ്തുകാരന്‍ ഹംദി സഈദ് അബ്ദുല്‍കരീം സഅദ്, ഇതിന് ആവശ്യമായ ഒത്താശകള്‍ ചെയ്തുകൊടുത്ത സഊദി പൗരന്‍ ഹുസൈന്‍ അബ്ദുറബ്ബ് റിദ ബാഖിര്‍ അല്‍ശഖ്‌സ് എന്നിവര്‍ക്കാണ് ശിക്ഷ. ബിനാമി സ്ഥാപനം അടച്ചുപൂട്ടാനും ലൈസന്‍സും കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനും റദ്ദാക്കാനും കോടതി വിധിച്ചു.

പ്രതികളിൽ നിന്ന് നിയമാനുസൃത ഫീസുകളും സകാത്തും നികുതികളും പ്രതികളില്‍ നിന്ന് ഈടാക്കാനും വിധിയുണ്ട്. സൗദി പൗരന്റെയും ഈജിപ്തുകാരന്റെയും പേരുവിവരങ്ങളും ഇവര്‍ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷകളും രണ്ടു പേരുടെയും ചെലവില്‍ പത്രത്തില്‍ പരസ്യപ്പെടുത്താനും കോടതി വിധിച്ചു.

ടാങ്കറുകളില്‍ വെള്ളം വിതരണം ചെയ്യുന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിലൂടെ ലഭിക്കുന്ന ലാഭത്തിന്റെ 40 ശതമാനം ഈജിപ്തുകാരനും 60 ശതമാനം സഊദി പൗരനും വീതിച്ചെടുക്കുന്ന നിലക്കായിരുന്നു ബിസിനസ് നടത്തിയിരുന്നത്. സ്ഥാപനത്തില്‍ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ സ്ഥാപനം ഈജിപ്തുകാരന്‍ സ്വന്തം നിലക്കാണ് നടത്തുന്നതെന്ന് വ്യക്തമാവുകയായിരുന്നു.

സഊദിയില്‍ ബിനാമി ബിസിനസ് കേസ് പ്രതികള്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും 50 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. ബിനാമി ബിസിനസിലൂടെ സമ്പാദിക്കുന്ന സ്വത്തുവകകള്‍ കോടതി വിധി അടിസ്ഥാനത്തില്‍ കണ്ടുകെട്ടാനും ബിനാമി ബിസിനസ് വിരുദ്ധ നിയമം അനുശാസിക്കുന്നു