സോഷ്യൽ മീഡിയ വളരെ സജീവമായ ഈ കാലത്ത്, മിക്കവരും സ്വയം സൗന്ദര്യസംരക്ഷണം ചെയ്യുന്നവരും ഡയറ്റ് ചെയ്യുന്നവരും ഒക്കെയായി മാറാറുണ്ട്. പലരുടേയും ശരീരം പലതുപോലെയാണ്. പല രോഗങ്ങളും പല അവസ്ഥകളും ഒക്കെയായിരിക്കാം ഓരോരുത്തർക്കും. എങ്കിലും, ആരോഗ്യവിദഗ്ദ്ധരുടെ നിർദ്ദേശങ്ങൾ ഇല്ലാതെ തന്നെ പലരും പല റിസ്കുള്ള കാര്യങ്ങളും ചെയ്യാറുണ്ട്. അതുപോലെ, മലേഷ്യയിൽ നിന്നുള്ളൊരു കമ്പനിക്കുനേരെ വലിയ വിമർശനമാണ് ഉയരുന്നത്.
ആരോഗ്യ, സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾക്ക് പേരുകേട്ട വിക്ടോറിയാസ് വൈറ്റാലിറ്റി എന്ന കമ്പനിക്ക് നേരെയാണ് വിമർശനം. ‘ടീം ബോണ്ടിംഗ് വ്യായാമം’ എന്ന നിലയിൽ അവർ ഒരു ‘ഐസ് ബാത്ത് സെഷൻ’ സംഘടിപ്പിക്കുകയായിരുന്നു. എന്നാൽ, ഇതിന്റെ വീഡിയോ വൈറലായതോടെ വലിയ വിമർശനം കമ്പനിക്ക് നേരെ ഉയർന്നു. ജീവനക്കാരുടെ സുരക്ഷയെ കുറിച്ച് പലരും ആശങ്കകൾ ഉന്നയിച്ചു.
കമ്പനിയിലെ ജീവനക്കാരിൽ ഒരാളായ Ngosak Bi Bi ഇതിന്റെ ഒരു വീഡിയോ ആദ്യം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഐസ് ബാത്തിലൂടെ കടന്നുപോകുമ്പോഴുണ്ടായ വേദനാജനകമായ അവസ്ഥയാണ് ആ വീഡിയോയിൽ കാണാനാവുന്നത്. വീഡിയോയിൽ കാണുന്നത്, മറ്റ് ജീവനക്കാർക്കൊപ്പം അവരും ഐസിൽ താഴ്ന്നിരിക്കുന്നതാണ്.





