ബത്തേരി (വയനാട്) ∙ കോഴിക്കോടു നിന്നും ഒന്നര വർഷം മുമ്പ് കാണാതായ ആളുടെ മൃതദേഹഭാഗങ്ങൾ തമിഴ്നാട് അതിർത്തിയിലെ വനത്തിൽ കണ്ടെത്തി. വയനാട് പൂമല ചെട്ടിമൂല സ്വദേശി ഹേമചന്ദ്രനാണ്(54) മരിച്ചത്. തമിഴ്നാട് അതിർത്തിയോടു ചേർന്നുള്ള ചേരമ്പാടി വനത്തിലാണ് ഹേമചന്ദ്രന്റേതെന്നു കരുതുന്ന മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്.
കേരള, തമിഴ്നാട് പൊലീസിന്റെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ പുരോഗമിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ബത്തേരി സ്വദേശികളായ ജ്യോതിഷ്, അജേഷ് എന്നിവർ പൊലീസ് കസ്റ്റഡിയിലാണ്. മൃതദേഹം മറവു ചെയ്യാൻ സഹായിച്ച രണ്ടു പേരാണ് പിടിയിലായതെന്നാണു സൂചന. വിദേശത്തേക്കു കടന്ന നൗഷാദ് എന്നയാൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കും. നൗഷാദാണ് തട്ടിക്കൊണ്ടുപോകലിനു നേതൃത്വം നൽകിയതെന്നാണ് വിവരം.
സാമ്പത്തികതർക്കത്തെ തുടർന്നാണ് കൊലപാതകം എന്നാണ് സൂചന. ബത്തേരി വിനോദ് ഭവനിൽ ഹേമചന്ദ്രൻ കോഴിക്കോട് മെഡിക്കൽ കോളജിനു സമീപം മായനാട് നടപ്പാലം പാറപ്പുറത്തു വീട്ടിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. 2024 മാർച്ച് 20 ന് പെൺസുഹൃത്തിനെക്കൊണ്ടു വിളിപ്പിച്ച് മെഡിക്കൽ കോളജിന് സമീപമെത്തിച്ച ഹേമചന്ദ്രനെ രണ്ടു പേർ കാറിൽ കൂട്ടിക്കൊണ്ടുപോയി. പിന്നാലെ ഇയാളെ കാണാതാവുകയായിരുന്നു.
ഇതുസംബന്ധിച്ച് ഹേമചന്ദ്രന്റെ ഭാര്യ സുബിഷ 2024 ഏപ്രിൽ ഒന്നിന് കോഴിക്കോട് മെഡിക്കൽകോളജ് പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ഹേമചന്ദ്രന്റെ കോൾ റെക്കോർഡും സംഭവവുമായി ബന്ധപ്പെട്ടവർ എന്നു കരുതുന്നവരുടെ ടവർ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വനത്തിൽ മൃതദേഹഭാഗം കണ്ടെത്തിയത്. മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണർ എ.ഉമേഷ്, ഇൻസ്പെക്ടർ പി.കെ.ജിജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണത്തിലാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്.
മൃതദേഹം സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്തും. സിറ്റി പൊലീസ് കമ്മിഷണർ ടി.നാരായൺ, ഡിസിപി അരുൺ കെ.പവിത്രൻ, തുടങ്ങിയ ഉദ്യോഗസ്ഥരാണ് കോഴിക്കോട്ടെയും വയനാട്ടിലെയും അന്വേഷണം ഏകോപിപ്പിക്കുന്നത്.





