Aisle Seat ആവശ്യപ്പെട്ടെന്ന് ആരോപിച്ച് യുകെയിൽ നിന്നുള്ള വിനോദസഞ്ചാരിയെ വിമാനത്തിൽ നിന്ന് പുറത്താക്കിയതായി റിപ്പോർട്ട്. ബാങ്കോക്കിലെ ഡോൺ മ്യുവാങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് തായ് ലയൺ എയർ വിമാനത്തിലാണ് സംഭവം. ബുധനാഴ്ചയാണ് സംഭവമുണ്ടായത് എന്നാണ് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.
പുറത്താക്കപ്പെട്ട യാത്രക്കാരന്റെ പേരോ മറ്റ് വിവരങ്ങളോ റിപ്പോർട്ടിൽ പറയുന്നില്ല. എന്നാൽ, അമിതവണ്ണമുള്ള വ്യക്തിയായിരുന്നു ഇദ്ദേഹമെന്നാണ് റിപ്പോർട്ട്. അതിനാൽ, അനുവദിക്കപ്പെട്ട വിൻഡോ സീറ്റിൽ ഇരിക്കാൻ സാധിക്കില്ലെന്നും കൂടുതൽ കാൽ നീട്ടാനുള്ള സ്ഥലം ലഭിക്കാൻ Aisle Seat ആവശ്യമാണെന്നും ഇയാൾ പറഞ്ഞു. എന്നാൽ ഇയാളുടെ ആവശ്യം അധികൃതർ തള്ളുകയായിരുന്നു.
ഇതിൽ പ്രകോപിതനായ വ്യക്തി വഴക്കുണ്ടാക്കുകയും വിമാന ജീവനക്കാരുമായി രൂക്ഷമായ വാഗ്വാദത്തിൽ ഏർപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജീവനക്കാർ അധികാരികളെ വിളിച്ച് യാത്രക്കാരനെ വിമാനത്തിൽ നിന്ന് പുറത്തേക്ക് കൊണ്ടുകാൻ ആവശ്യപ്പെട്ടത്. പ്രതിഷേധിച്ച് സീറ്റ് തടഞ്ഞുവെച്ച യാത്രികനെ അധികാരികൾ വലിച്ചിഴച്ചാണ് പുറത്തേക്ക് കൊണ്ടുപോയതെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ പ്രശ്നങ്ങളാൽ വിമാനം വൈകിയതിൽ പ്രകോപിതരായ സഹയാത്രികരും അദ്ദേഹത്തെ കുറ്റപ്പെടുത്തി.