പത്തനംതിട്ട: ജര്‍മനിയില്‍ അന്തരിച്ച റാന്നി പെരുനാട് സ്വദേശി ദേവപ്രസാദിന് വിടചൊല്ലി നാട്. ഇന്നലെ (വെള്ളിയാഴ്ച) ഉച്ചയ്ക്കായിരുന്നു സംസ്കാരം.
ബുധനാഴ്ച ഉച്ചയ്ക്ക് ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും ഡല്‍ഹിയിലെത്തിച്ച ദേവപ്രസാദിന്റെ മൃതദേഹം വ്യാഴാഴ്ച രാത്രി 7നാണ് എയര്‍ഇന്ത്യ വിമാനത്തില്‍ തിരുവനന്തപുരത്തെത്തിച്ചത്.. നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ ടി. രശ്മി വിമാനത്താവളത്തിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സ്വദേശമായ റാന്നി പെരുനാട് കക്കാട് സ്വഭവനത്തില്‍ രാത്രി പതിനൊന്നോടെ എത്തിച്ചു. പത്തനംതിട്ട എംപി. അഡ്വ.ആന്റോ ആന്റണി, റാന്നി എംഎല്‍എ അഡ്വ.പ്രമോദ് നാരായണന്‍, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങി വൻ ജനാവലിയാണ് ദേവപ്രസാദിന് അന്തിമോപചാരം അര്‍പ്പിക്കാൻ എത്തിയത്.
കെ.പി. പ്രസാദിന്റെയും (റിട്ട. അധ്യാപകൻ) പരേതയായ ലേഖപ്രസാദിന്റെയും (നഴ്സ്) ഏക മകനാണ്. ബോഹും റൂർ യൂണിവേഴ്സിറ്റിയിൽ ജിയോളജിയിൽ മാസ്റ്റേഴ്സ് വിദ്യാർഥിയായിരുന്ന ദേവപ്രസാദ് ജൂൺ 8നാണ് മരിച്ചത്. 2024 മാര്‍ച്ചിലാണ് ഉപരിപഠനത്തിനായി ദേവപ്രസാദ് ജര്‍മനിയില്‍ എത്തിയത്.
ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്‍ഡ്യന്‍ കോണ്‍സുലേറ്റ്, കേന്ദ്രന്യൂനപക്ഷകാര്യ സഹമന്ത്രി ജോര്‍ജ് കുര്യന്‍, റാന്നി എംഎല്‍എ അഡ്വ. പ്രമോദ് നാരായണന്‍, നോര്‍ക്ക റൂട്ട്സ്, ജര്‍മനിയില്‍ നിന്നുള്ള ലോക കേരള സഭാംഗം ജോസ് കുമ്പിളുവേലില്‍ എന്നിവര്‍ നടത്തിയ ഇടപെടലുകളാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാൻ സഹായകരമായത്.





