വെടിയൊച്ചകൾക്കിടയിൽ മരുഭൂമിയിൽ മലയാളി സംഘം കുടുങ്ങിയത് 8 ദിവസം; രക്ഷകരായി ഒമാൻ സ്വദേശികൾ

0
403

മലപ്പുറം: ഇറാൻ അതിർത്തിയിൽ കുടുങ്ങിയ, പരപ്പനങ്ങാടി സ്വദേശികളായ സഹോദരങ്ങളും ഭാര്യമാരും സുരക്ഷിതരായി ഒമാനിലെത്തി. പരപ്പനങ്ങാടി ചെട്ടിപ്പടി കുപ്പിവളവ് സ്വദേശി വെട്ടിക്കുത്തി മുഹമ്മദ് റഫീഖ്, ഭാര്യ നൂറിൻ സമദ്, റഫീഖിന്റെ സഹോദരൻ വെട്ടിക്കുത്തി മുഹമ്മദ് ഷെഫീഖ്, ഭാര്യ സൗഫിയ ഫാത്തിമ എന്നിവരാണു ഇറാനിൽ കുടുങ്ങിയത്.

ഏറെ അനിശ്ചിതത്വത്തിനു ശേഷം ഇന്നലെ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞു 3.55നാണ് ഇവർ ഒമാനിലെത്തിയത്. ഇറാഖിൽ പ്രവേശനാനുമതി നിഷേധിച്ചതോടെ അതിർത്തിയിൽ കുടുങ്ങിയ സംഘം ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടെങ്കിലും നടപടികൾ വൈകി. ഒമാൻ എംബസിയാണു ഗതാഗത സൗകര്യം ഒരുക്കിയത്.

എംപിമാരായ ഇ.ടി.മുഹമ്മദ് ബഷീർ, ഹാരിസ് ബീരാൻ, പി.അബ്ദുൽ ഹമീദ് എംഎൽഎ എന്നിവരുടെ ഇടപെടലുകളും യാത്രയുടെ തടസ്സം പരിഹരിക്കാൻ സഹായിച്ചതായി ഇവർ പറഞ്ഞു. റഫീഖിന്റെയും ഷെഫീഖിന്റെയും പിതാവ് ഹാഷിം മാലിക് ഏറെക്കാലം ഒമാനിൽ വ്യാപാരിയായിരുന്നു. ഇവർക്കും ഒമാനിൽ ബിസിനസുണ്ട്. ഇതിന്റെ ഭാഗമായി ഭാര്യമാർക്കൊപ്പം ഒമാനിലെത്തിയ ഇവർ ഇറാനിലേക്കു വിനോദയാത്ര പുറപ്പെടുകയായിരുന്നു.

വെടിയൊച്ചകൾക്കും പലായനം ചെയ്യുന്നവർക്കുമിടയിൽ മരുഭൂമിയിൽ മലയാളി സംഘം കുടുങ്ങിയത് 8 ദിവസം. ഹസൻകിഫിലെ സ്കൂളിലുൾപ്പെടെ പലയിടങ്ങളിൽ മാറിമാറിയായിരുന്നു താമസം. ഇതിനിടെ പരിചയപ്പെട്ട, സമാന രീതിയിൽ കുടുങ്ങിയ ഒമാൻ സ്വദേശികളാണ് ഇവർക്കു രക്ഷകരായത്.

ഇവരുടെ മടക്കയാത്രയ്ക്കാണ് ഒമാൻ എംബസി പ്രത്യേക വിമാനം ഒരുക്കിയത്. മലയാളി കുടുംബത്തെയും ഒപ്പം കൊണ്ടുപോകണമെന്ന് ഇവർ പറഞ്ഞതോടെ എംബസി അധികൃതർ തങ്ങളെയും കയറ്റിവിടാൻ സമ്മതിക്കുകയായിരുന്നു എന്നു രക്ഷപ്പെട്ട മലയാളികൾ പറഞ്ഞു. ഇന്ത്യൻ എംബസി മതിയായ യാത്രാരേഖകൾ സമർപ്പിച്ചതും സഹായമായി.