ഇസ്റാഈലിലും ഇറാനിലും തുടർ സ്‌ഫോടനങ്ങള്‍; ഇറാന് മുന്നറിയിപ്പുമായി അമേരിക്ക, നെതന്യാഹുവും ഉന്നതരും ബങ്കറില്‍

0
425

ഇറാൻ ആക്രമണത്തിൽ ഇസ്റാഈലിനും വൻ നഷ്ടം

ടെല്‍ അവീവ്/ടെഹ്‌റാന്‍: പശ്ചിമേഷ്യയെ ആശങ്കയിലാഴ്ത്തി ഇറാനും ഇസ്രയേല്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്നു. വെള്ളിയാഴ്ച ഇസ്രയേല്‍ ഇറാനെതിരെ ആക്രമണം ആരംഭിച്ചതിന് ശേഷം ഇരുരാജ്യങ്ങളിലും സ്‌ഫോടനങ്ങള്‍ തുടരുകയാണ്. ശനിയാഴ്ച രാത്രിയിലുള്ള ഇറാന്റെ പ്രത്യാക്രമണത്തില്‍ ടെല്‍ അവീവില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായെന്നാണ് റിപ്പോർട്ട്. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ ഒരാളുടെ മരണമാണ് ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടുള്ളത്. അറുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇറാന്റെ പ്രത്യാക്രമണം പ്രതീക്ഷിച്ചതുകൊണ്ട് തന്നെ പൊതുജനങ്ങളോട് ഷെല്‍ട്ടറുകളിലേക്ക് മാറാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന്‍ മിസൈലുകളില്‍ ഭൂരിപക്ഷവും പ്രതിരോധിച്ചതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. നൂറുകണക്കിന് മിസൈലുകളാണ് ഇറാന്‍ ഇസ്രയേല്‍ ലക്ഷ്യമാക്കി വര്‍ഷിച്ചത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സും ബങ്കറിനുള്ളിലാണെന്ന് ഇസ്രയേല്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം തന്നെ ഇവര്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ളവരുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ടെല്‍ അവീവിലും ജറുസലേമിലുമടക്കം ഇറാന്‍ മിസൈലുകള്‍ പതിച്ചതായാണ് വിവരം. ഇതിന് പിന്നാലെ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലും ഇസ്രയേല്‍ ആക്രമണമുണ്ടായി. ടെഹ്‌റാന്‍ വിമാനത്താവളത്തില്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായും പുക ഉയര്‍ന്നതായും ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ഇറാന് മുന്നറിയിപ്പുമായി അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്. ഇറാന്‍ അമേരിക്കന്‍ പൗരന്മാരെയോ, താവളങ്ങളെയോ, അടിസ്ഥാന സൗകര്യങ്ങളെയോ ലക്ഷ്യം വച്ചാല്‍, അതിന്റെ അനന്തരഫലങ്ങള്‍ ഭയാനകമായിരിക്കുമെന്ന് യുഎസ് അറിയിച്ചു. ഇസ്രയേല്‍ ആക്രമണം സംബന്ധിച്ച് അമേരിക്കയ്ക്ക് അറിവുണ്ടായിരുന്നെങ്കിലും തങ്ങളുടെ സൈനികര്‍ക്ക് അതില്‍ യാതൊരു പങ്കുമില്ലെന്ന് യുഎസ് ആവര്‍ത്തിക്കുകയും ചെയ്തു.

വെള്ളിയാഴ്ചത്തെ ഇസ്രയേല്‍ ആക്രമണത്തില്‍ ഉന്നത സൈനിക ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും 78 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ യുഎന്നില്‍ അറിയിച്ചിട്ടുണ്ട്. ഇറാന്റെ ആണവപദ്ധതിയുടെ ബുദ്ധികേന്ദ്രവും ഇറാൻ റെവലൂഷണറി ഗാർഡ് കോറിന്റെ തലവനുമായ ജനറൽ ഹൊസ്സൈൻ സലാമി, സംയുക്ത സൈനികമേധാവി മേജർ ജനറൽ മുഹമ്മദ് ബഘാരി, മുൻ സുരക്ഷാ ഉപദേഷ്ടാവ് അലി ഷംഖാനി എന്നിവരും ആണവോർജ ഏജൻസിയുടെ മുൻ തലവൻ മുഹമ്മദ് മഹ്ദി ടെഹ്രാഞ്ചി അടക്കമുള്ള ആറോളം ആണവശാസ്ത്രജ്ഞരും ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് വിവരം. ഇതിൽ എല്ലാവരുടെയും മരണം ഇറാൻ സ്ഥിരീകരിച്ചിട്ടില്ല.

ഇതിനിടെ സംഘര്‍ഷം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യുഎന്‍ സെക്രട്ടറി ജനറലും രംഗത്തെത്തി. സമാധാനവും നയതന്ത്രവും നിലനിര്‍ത്തണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.