മലപ്പുറം: തങ്ങളെ വിമര്‍ശിക്കുന്നതിന് മുമ്പ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ചരിത്രം പഠിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ റസാഖ് പാലേരി. സിപിഎമ്മുമായി വെല്‍ഫെയര്‍ പാര്‍ട്ടി മുമ്പ് ധാരണയുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി വെല്‍ഫെയര്‍ പാര്‍ട്ടിക്കും യുഡിഎഫിനുമെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. ജമാഅത്തെ ഇസ്ലാമി ആഗോളതലത്തില്‍ തന്നെയുള്ള വര്‍ഗീയ ശക്തിയാണെന്നും അവരുമായുള്ള യുഡിഎഫ് ബന്ധം ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നും എം.വി.ഗോവിന്ദന്‍ പറയുകയുണ്ടായി.
എന്നാല്‍ തങ്ങള്‍ മുമ്പ് എല്‍ഡിഎഫുമായി ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന വാദവുമായി വെല്‍ഫെയര്‍പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രംഗത്തെത്തുകയുണ്ടായി. ‘വെല്‍ഫെയര്‍ പാര്‍ട്ടി രൂപീകരിച്ച ശേഷം വരാനിരിക്കുന്നത് മൂന്നാമത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പാണ്. ആദ്യ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ എല്‍ഡിഎഫുമായും സിപിഎമ്മുമായും ധാരണയുണ്ടാക്കി മത്സരിച്ചിരുന്നു’ റസാഖ് പാലേരി പറഞ്ഞു.
‘നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. കേരള പോലീസില്‍ ശക്തമായ സംഘപരിവാര്‍ സാന്നിധ്യമുണ്ടെന്ന ആരോപണം ഉയര്‍ത്തിയാണ് എല്‍ഡിഎഫ് സിറ്റിങ് എംഎല്‍എ രാജിവെച്ചത്. മലപ്പുറം ജില്ലയെ ക്രിമിനല്‍ ഹബ്ബാക്കി മാറ്റാനുള്ള ശ്രമങ്ങളും പോലീസിന്റെ ഭാഗത്ത്‌നിന്ന് നടക്കുന്നു. ഇത് കുറേക്കാലമായി ഞങ്ങള്‍ ആരോപിക്കുന്ന കാര്യംതന്നെയാണ്’ റസാഖ് പാലേരി പറഞ്ഞു.
കേരളത്തിലെ തിരഞ്ഞെടുപ്പ് ചരിത്രത്തെ കുറിച്ച് എം.വി.ഗോവിന്ദന്‍ പഠനം നടത്തണം. സിപിഎമ്മും വെല്‍ഫെയര്‍ പാര്‍ട്ടിയും ഒരുമിച്ച് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് മനസ്സിലാക്കാന്‍ ഏറെയൊന്നും പിറകോട്ട് പോകേണ്ടതില്ല. എല്‍ഡിഎഫ് പിന്തുണയോടെ പല പഞ്ചായത്തുകളിലും ഞങ്ങള്‍ക്ക് വാര്‍ഡ് മെമ്പര്‍മാര്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
….





