മലപ്പുറം: നിലമ്പൂർ വഴിക്കടവിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ നരഹത്യാക്കുറ്റം ചുമത്തി പൊലീസ് കേസ് എടുത്തു. അപകടം ഫെൻസിങിന് കറണ്ട് എടുക്കാൻ വേണ്ടി സ്ഥാപിച്ച കമ്പിയിൽ നിന്നെന്ന് എഫ്ഐആറിൽ വ്യക്തമാക്കിയിട്ടുണ്ട്. മറ്റുള്ളവർക്ക് അപകടം ഉണ്ടാകുമെന്ന് അറിഞ്ഞു കൊണ്ടുള്ള പ്രവർത്തിയെന്നും എഫ്ഐആർ പറയുന്നു.
അനന്തു അപകടത്തിൽപ്പെട്ടത് കാൽ വൈദ്യുതി കമ്പിയിൽ കാൽ തട്ടിയതോടെയെന്നാണ് എഫ്ഐആറിലുള്ളത്. ഭാരതീയ ന്യായസംഹിത 105 വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. അനന്തുവിന്റെ ബന്ധു സുരേഷിന്റെ പരാതിയിലാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അനന്തുവിനെ പിടിക്കാൻ ശ്രമിച്ചപ്പോൾ സുരേഷിനും ഷോക്കേറ്റിരുന്നു. മരിച്ച അനന്തുവിന്റെ അച്ഛന്റെ ജ്യേഷ്ഠൻ്റെ മകനാണ് സുരേഷ്.
കെണിവെച്ച ആളെക്കുറിച്ച് പൊലീസിന് സൂചനലഭിച്ചതായും വിവരമുണ്ട്. സമീപത്തെ തോട്ടിൽ മീൻപിടിക്കാൻ പോയപ്പോഴായിരുന്നു അനന്തുവിനും മറ്റ് രണ്ട് വിദ്യാർത്ഥികൾക്കും ഇന്നലെ ഷോക്കേറ്റത്. കെഎസ്ഇബി വൈദ്യുതി ലൈനിൽ നിന്ന് നേരിട്ട് കണക്ഷൻ കൊടുത്തിരുന്ന അനധികൃത ഫെൻസിംഗിൽ നിന്നാണ് വിദ്യാർത്ഥിക്ക് ഷോക്കേറ്റതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിൽ അനന്തു എന്ന വിദ്യാർത്ഥി മരിക്കുകയും ഒപ്പമുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റിരുന്നു.
പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന മറ്റ് രണ്ടുപേരുടെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് ഇവരുടെ ബന്ധുക്കൾ അറിയിക്കുന്നത്. അതേസമയം മരിച്ച 15 വയസുകാരൻ ജിത്തുവിൻ്റെ മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലെ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മഞ്ചേരി മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോയി. മെഡിക്കൽ കോളേജിൽ വെച്ചാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക.





