ദുബൈ: പെരുന്നാൾ അവധി ദിന ആഘോഷത്തിനിടെ മലയാളി യുവ എന്‍ജിനീയര്‍ സ്കൂബ ഡൈവിങ്ങിനിടെ അപകടത്തില്‍ മരിച്ചത് ദുബായിലെ പ്രവാസി മലയാളി സമൂഹത്തിന് വേദനയായി. തൃശൂര്‍ വടക്കാഞ്ചേരി വേലൂര്‍ ഒലെക്കേങ്കില്‍ വീട്ടില്‍ ഐസക് പോള്‍ (29) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരന് ഐവിന് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാര്യ രേഷ്മ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെയായി യുഎഇയിലുള്ള ഐസക് ദുബായ് അലെക് എന്‍ജീനിയറിങ് കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ രേഷ്മയും എന്‍ജിനീയറാണ്. ഇന്നലെ രാവിലെ ദുബായ് ജുമൈറ ബീച്ചില്‍ സ്കൂബ ഡൈവിങ്ങിനിടെ ഓക്സിജന്‍ ലഭിക്കാതെ ഇവര്‍ അപകടത്തില്‍പ്പെടുകയായിരുന്നു.
ഓക്സിജന്‍ ലഭിക്കാതെ ഐസക്കിന് ഹൃദയാഘാതം ഉണ്ടായതാണ് മരണ കാരണമെന്ന് പറയുന്നു. ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പോള്‍-ഷീജ ദമ്പതികളുടെ മകനാണ്. ദുബായ് പൊലീസ് മോര്‍ച്ചറിയിലുള്ള മൃതദേഹം തിങ്കളാഴ്ച നാട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു





