കപ് നംദേ… പഞ്ചാബിനെ ആറ് റണ്‍സിന് തകര്‍ത്ത് ആര്‍സിബിക്ക് കന്നിക്കിരീടം

0
243

അഹ്മദാബാദ്: നീണ്ട 18 വർഷത്തെ ബംഗളൂരു ആരാധകരുടെ കാത്തിരിപ്പിന് ഒടുവിൽ വിരാമം. വിരാട് കോഹ്ലി അടക്കമുള്ള ഇതിഹാസ നായകർക്ക് കഴിയാത്തത് രജത് പഠിധാറെന്ന 32 കാരനിലൂടെ ആർ.സി.ബി സാധ്യമാക്കി. പഞ്ചാബിനെ ആറ് റൺസിന് തകർത്തെറിഞ്ഞാണ് പഠീദാറും സംഘവും കന്നി ഐ.പി. എൽ കിരീടത്തിൽ മുത്തമിട്ടത്.

ബംഗളൂരു ഉയർത്തിയ 191 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പഞ്ചാബിന് 184 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ക്രുണാൽ പാണ്ഡ്യയും ഭുവനേശ്വർ കുമാറും ഹേസല്‍വുഡും അടക്കമുള്ള ബോളർമാരുടെ നിശ്ചയദാർഢ്യമാണ് ബംഗളൂരുവിന് കന്നിക്കിരീടം സമ്മാനിച്ചത്. അവസാന ഓവറുകളില്‍ പഞ്ചാബിനായി ശശാങ്ക് സിങ് തകര്‍ത്തടിച്ചെങ്കിലും ടീമിനെ വിജയതീരമണക്കാനായില്ല. ശശാങ്ക് അര്‍ധസെഞ്ച്വറിയുമായി പുറത്താവാതെ നിന്നു. ഐ.പി.എൽ ചരിത്രത്തിൽ ഇതുവരെ കിരീടം ചൂടാനായിട്ടില്ലെന്ന കറ പഞ്ചാബിന്റെ ജഴ്‌സിയിൽ ഇനിയുമേറെക്കാലം അവശേഷിക്കും.

മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ ബംഗളൂരു 190 റൺസാണ് അടിച്ചെടുത്തത്. 35 പന്തിൽ 43 റൺസെടുത്ത വിരാട് കോഹ്ലിയായിരുന്നു ബംഗളൂരുവിന്റെ ടോപ് സ്‌കോറർ. പഞ്ചാബിനായി അർഷ്ദീപ് സിങ്ങും കെയിൽ ജാമിസണും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

പഞ്ചാബിനെ സംബന്ധിച്ച് 191 ഒരു ബാലികേറാമലയൊന്നുമായിരുന്നില്ല. മികച്ച തുടക്കമാണ് പ്രിയാൻഷ് ആര്യയും പ്രഭ്‌സിംറാൻ സിങ്ങും ചേർന്ന് ടീമിന് നൽകിയത്. എന്നാൽ ടീം സ്കോര്‍ 43 ല്‍ നില്‍ക്കേ പ്രിയാൻഷ് ആര്യയെ വീഴ്ത്തി ഹേസൽവുഡ് പഞ്ചാബിന് ആദ്യ പ്രഹരമേൽപ്പിച്ചു. പ്രഭ്‌സിംറാനെയും മികച്ച രീതിയിൽ ബാറ്റ് വീശിയ ജോഷ് ഇംഗ്ലിസിനേയും ക്രുണാൽ കൂടാരം കയറ്റി.

ക്യാപ്റ്റൻ ശ്രേയസ് വെറും ഒരു റണ്ണുമായി റൊമാരിയോ ഷെഫേർഡിന്റെ പന്തിൽ വീണു. അവസാന ഓവറുകളിൽ ശശാങ്ക് സിങ്ങ് രക്ഷാപ്രവർത്തിന് ശ്രമിച്ചെങ്കിലും അതൊരല്‍പം വൈകിപ്പോയിരുന്നു. ശശാങ്ക് 30 പന്തില്‍ 61 റണ്‍സുമായി പുറത്താവാതെ നിന്നു. ആറ് സിക്സും മൂന്ന് ഫോറും ശശാങ്കിന്‍റെ ബാറ്റില്‍ നിന്ന് പിറന്നു. ബംഗളൂരുവിനായി ഭുവനേശ്വറും ക്രുണാൾ പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതം പോക്കറ്റിലാക്കി.