കണ്ടെയ്‌നറുകളിലുളള ഇന്ധനം അത്യന്തം അപകടകാരിയായത്
കപ്പലിലെ 21 ജീവനക്കാര്‍ സുരക്ഷിതരെന്ന് വിവരം. 24 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്.
ഫിലിപ്പീന്‍സുകാരായ 20 ജീവനക്കാര്‍, ക്യാപ്റ്റന്‍ റഷ്യക്കാരൻ, യുക്രൈനില്‍ നിന്നുളള രണ്ടുപേർ, ജോര്‍ജിയയില്‍ നിന്നുളള ഒരാള്‍
കൊച്ചി: കേരള തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ കപ്പൽ അപകടം. കപ്പൽ ചരിഞ്ഞതായും കപ്പലിൽനിന്നു കുറച്ച് കണ്ടെയ്‌നറുകൾ കടലിലേക്ക് വീണതായുമാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്. അപകടരമായ വസ്തുക്കളാണ് കണ്ടെയ്നറുകളിൽ ഉള്ളതെന്നാണ് വിവരം. കപ്പലിൽ നിന്ന് മറൈൻ ഗ്യാസ് ഓയിൽ (എംജിഒ), വെരി ലോ സൾഫർ ഫ്യുയൽ ഓയിൽ (വിഎൽഎസ്എഫ്ഒ) എന്നിവ ചോർന്നതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തീരത്തേക്ക് കണ്ടെയ്നറുകൾ ഒഴുകിയെത്താൻ സാധ്യതയുണ്ടെന്നും കോസ്റ്റ് ഗാർഡ് മുന്നറിയിപ്പ് നൽകി.
ജനങ്ങൾ ഒരു കാരണവശാലും കണ്ടെയ്നറുകളിൽ തൊടരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. തീരദേശ നിവാസികൾക്ക് മുന്നറിയിപ്പ് നൽകാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. സംശയകരമായ വസ്തുക്കൾ കേരള തീരത്ത് കണ്ടാൽ ജനങ്ങൾ സ്പർശിക്കരുതെന്നും വിവരം പൊലീസിലോ 112 എന്ന നമ്പറിലോ അറിയിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
6–8 വരെ കണ്ടെയ്നറുകളാണ് കടലിലേക്കു വീണതെന്നാണ് വിവരം. വിഴിഞ്ഞത്തുനിന്ന് ഇന്നലെ വൈകിട്ട് കൊച്ചിയിലേക്കു പോയ എംഎസ്‌സി എൽസാ 3 എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. കണ്ടെയ്നറുകൾ വടക്കൻ കേരള തീരത്തേക്ക് നീങ്ങാനാണ് സാധ്യതയെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അപകടം ഉണ്ടായത് എങ്ങനെയെന്ന് വ്യക്തമല്ലെന്നും കടൽതീരത്ത് എണ്ണപ്പാട കണ്ടാൽ സ്പർശിക്കരുതെന്നും അധികൃതർ അറിയിച്ചു. കപ്പലിൽ 24 ജീവനക്കാർ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇതിൽ 21 പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. ബാക്കിയുള്ളവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുന്നു. നാവികസേനയുടെ ഡ്രോണിയർ ഹെലികോപ്റ്ററും കോസ്റ്റ് ഗാർഡിന്റെ 2 കപ്പലുകളും രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്.
വിഴിഞ്ഞത്തു നിന്ന് വിവിധ തുറമുഖങ്ങളിലേക്ക് ഇറക്കാനുള്ള കണ്ടെയ്നറുകളാണ് കപ്പലിൽ ഉണ്ടായിരുന്നത്. റഷ്യൻ വംശജനാണ് കപ്പലിന്റെ ക്യാപ്റ്റൻ. കപ്പലിൽ ഉണ്ടായിരുന്ന മറ്റുള്ളവരിൽ 20 പേർ ഫിലിപ്പീൻസുകാരും 2 പേർ യുക്രെയ്ൻകാരും ഒരാൾ ജോർജിയക്കാരനുമാണ്. കപ്പൽ അപകടത്തിൽപ്പെട്ടതായി ഇന്ന് ഉച്ചയ്ക്ക് 1.25നാണ് ഇന്ത്യൻ അധികൃതരെ വിവരം അറിയിക്കുന്നത് . കപ്പൽ 26 ഡിഗ്രി ചരിഞ്ഞെന്നായിരുന്നു വിവരം.
അപകടത്തിൽപ്പെട്ടത് എംഎസ്‌സി എൽസ 3 ലൈബീരിയൻ കപ്പൽ; മംഗളൂരു – തൂത്തുക്കുടി പാതയിലെ പ്രധാന ഫീഡർ സർവീസ്
കൊച്ചി∙ അപകടത്തിൽപ്പെട്ട എംഎസ്‌സി എൽസ 3 ലൈബീരിയൻ പതാക വഹിക്കുന്ന കപ്പൽ. കൊച്ചി തീരത്തു നിന്ന് 38 നോട്ടിക്കൽ മൈൽ തെക്ക് പടിഞ്ഞാറായാണ് കപ്പൽ ഇന്ന് ഉച്ചയോടെ ചരിഞ്ഞത്. ഇതോടെയാണ് കണ്ടെയ്നറുകൾ അറബിക്കടലിലേക്കു വീഴുകയായിരുന്നു. എംഎസ്‌സി എൽസ 3 ഫീഡർ കപ്പലാണെന്നാണ് വിവരം. കപ്പലിൽ നിന്ന് മറൈൻ ഗ്യാസ് ഓയിൽ (എംജിഒ), വെരി ലോ സൾഫർ ഫ്യുയൽ ഓയിൽ (വിഎൽഎസ്എഫ്ഒ) എന്നിവ ചോർന്നതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തീരത്തേക്ക് കണ്ടെയ്നറുകൾ ഒഴുകിയെത്താൻ സാധ്യതയുണ്ടെന്നും കോസ്റ്റ് ഗാർഡ് മുന്നറിയിപ്പ് നൽകി.
184 മീറ്റർ നീളവും 26 മീറ്റർ വീതിയുമാണ് കപ്പലിനുള്ളത്. ഗ്രോസ് ടണേജ് ഭാരം 16,799 ടണ്ണും ഡെഡ് വെയിറ്റ് ടണേജ് ഭാരം 22,994 ടണും ആണ്. 1997ലാണ് എംഎസ്‌സി എൽസ 3 കമ്മിഷൻ ചെയ്തത്. ശരാശരി 6.7 നോട്‌സ് വേഗതയിൽ സഞ്ചരിക്കാവുന്ന ഈ കപ്പലിന്റെ പരമാവധി വേഗം 13.1 നോട്‌സ് ആണ്. തൂത്തുക്കുടിയിൽ നിന്ന് മേയ് 18ന് വൈകിട്ട് പുറപ്പെട്ട കപ്പൽ പിന്നീട് വിഴിഞ്ഞത്തെത്തിയിരുന്നു. തുടർന്ന് ഇന്നലെ വൈകിട്ടോടെ കപ്പൽ വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ടു. കപ്പൽ ഇന്ന് രാവിലെ 5 മണിയോടെ കൊച്ചി തുറമുഖത്ത് എത്തേണ്ടതായിരുന്നു.
ഫീഡർ കപ്പൽ ആയതിനാൽ തന്നെ തൂത്തുക്കുടി, കൊളംബോ, വിഴിഞ്ഞം, കൊച്ചി, മംഗളൂരു, പനമ്പൂർ തുറമുഖങ്ങളായിരുന്നു എംഎസ്‌സി എൽസ 3 കപ്പലിന്റെ ലക്ഷ്യ സ്ഥാനങ്ങൾ. ഈ വർഷം മാത്രം 16 തവണ കപ്പൽ കൊളംബോ തുറമുഖത്ത് എത്തിയിരുന്നു. 15 തവണ തൂത്തുക്കുടി തുറമുഖത്തും 10 തവണ കൊച്ചി തുറമുഖത്തും 6 തവണ മംഗളൂരു പനമ്പൂർ തുറമുഖത്തും എത്തി. ഇടയ്ക്ക് ഇന്ത്യയുടെ കിഴക്കൻ തീരത്തെ തുറമുഖങ്ങളായ പാരദ്വീപിലും വിശാഖപട്ടണത്തും എംഎസ്‌സി എൽസ 3 കപ്പൽ സന്ദർശനം നടത്താറുണ്ട്.





