‘ഉഷയെ ഞാൻ കൊന്നു. എന്ത് ശിക്ഷയും അനുഭവിക്കാൻ തയ്യാർ’; ഭാര്യയെ കൊന്ന ശേഷം കുടുംബ ഗ്രൂപ്പിൽ സന്ദേശം

ആനക്കര: കിടപ്പുരോഗിയായ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് കുടുംബ വാട്സാപ്പ് ഗ്രൂപ്പിൽ സന്ദേശമിട്ടു. പട്ടിത്തറ അരീക്കാട് കൊങ്ങശ്ശേരി വളപ്പിൽ ഉഷാനന്ദിനി (57)യാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ കട്ടിലിലാണ് ഉഷാനന്ദിനിയുടെ മൃതദേഹം കിടന്നിരുന്നത്. വിവരമറിഞ്ഞെത്തിയ തൃത്താല പോലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഭർത്താവ് മുരളീധരനെ (62) കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച രാവിലെ 9.30-ഓടെയായിരുന്നു സംഭവം. ശാരീരിക അവശതകളെത്തുടർന്ന് രണ്ടു മാസത്തിലേറെയായി ഉഷാനന്ദിനി വീട്ടിൽ കിടപ്പിലായിരുന്നു. ബുധനാഴ്ച രാവിലെ കൊല നടത്തിയതായി മുരളീധരന്റെ ശബ്ദസന്ദേശം കുടുംബ വാട്സാപ്പ് ഗ്രൂപ്പിൽ വന്നതോടെയാണ് വിവരം പുറത്തറിഞ്ഞത്. കിടപ്പിലായിരുന്ന ഉഷ നന്ദിനിയുടെ ശാരീരിക അവശതകളിൽ മനംനൊന്ത് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം.

‘‘ഉഷ മരിച്ചു. ഉഷയെ ഞാൻ കൊന്നു. അതിന് എന്തു ശിക്ഷവന്നാലും ഞാൻ അനുഭവിക്കാൻ തയ്യാർ’’- എന്നായിരുന്നു ശബ്ദസന്ദേശം. തുടർന്ന്, ബന്ധുക്കൾ പോലീസിൽ അറിയിക്കുകയായിരുന്നു. പെയിന്റിങ്‌ തൊഴിലാളിയാണ് മുരളീധരൻ. മകൻ: മനീഷ്. താനാണ് ഉഷനന്ദിനിയെ കൊലപ്പെടുത്തിയതെന്ന് മുരളീധരൻ പോലീസിന് മൊഴിനൽകി. സംഭവത്തിൽ ഷൊർണൂർ ഡിവൈഎസ്‌പി മനോജ്കുമാറിെന്റ നേതൃത്വത്തിൽ തൃത്താല പോലീസ് അന്വേഷണം തുടങ്ങി. വീട്ടിൽ ഫോറൻസിക് സംഘം പരിശോധന നടത്തി. കൂടുതൽ ചോദ്യംചെയ്യലുകൾക്കും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ കൂടുതൽ വ്യക്തത കൈവരൂ എന്ന് പോലീസ് പറഞ്ഞു.