കരിപ്പൂർ: ഹജ് കമ്മിറ്റി മുഖേന കേരളത്തിൽ നിന്ന് അവസരം ലഭിച്ച തീർഥാടകരിൽ പകുതിയിലേറെ പേരും പുണ്യഭൂമിയിലെത്തി. മേയ് 10ന് ആരംഭിച്ച യാത്രയിൽ ഇന്നലെ വരെ 3 വിമാനത്താവളങ്ങളിൽ നിന്നുള്ള 45 സർവീസുകളിലായി 2,994 പുരുഷന്മാരും 5,412 വനിതകളും ഉൾപ്പെടെ 8,406 തീർഥാടകരാണു മക്കയിലെത്തിയത്.
ഇതിൽ കരിപ്പൂർ വഴി 4,306, കൊച്ചി 1,720, കണ്ണൂർ 2,380 വീതം തീർഥാടകരാണ് ഹജ് കർമത്തിനായി പുറപ്പെട്ടത്. ശേഷിക്കുന്ന തീർഥാടകർ 36 വിമാനങ്ങളിലായി ഈ മാസം മുപ്പതിനകം മക്കയിലേക്കു പുറപ്പെടും. കേരളത്തിൽ നിന്ന് 16,064 തീർഥാടകർക്കാണ് ഈ വർഷത്തെ ഹജ് കർമത്തിന് അവസരം ലഭിച്ചത്.
ഇതിൽ കോഴിക്കോട് വഴി 5,340, കൊച്ചി 6,039, കണ്ണൂർ 4,663 വീതം തീർഥാടകരാണ് യാത്രയായത്. സംസ്ഥാനത്തു നിന്നുള്ള 22 പേർ ഇതര സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളാണ് ഹജ് യാത്രയ്ക്കായി തിരഞ്ഞെടുത്തത്. കരിപ്പൂരിൽ നിന്ന് ഇന്ന് 3 ഹജ് വിമാന സർവീസുകൾ. അവസാന ഹജ് വിമാനം വ്യാഴാഴ്ച പുലർച്ചെ ഒരു മണിക്ക് പുറപ്പെടും. ഇന്നലെ കരിപ്പൂരിൽ നിന്ന് പുലർച്ചെ 4.35ന് പുറപ്പെട്ട വിമാനത്തിൽ 88 പുരുഷന്മാരും 83 സ്ത്രീകളും യാത്ര തിരിച്ചു. കരിപ്പൂരിലെ ഹജ് ക്യാംപ് നാളെ സമാപിക്കും. ഇന്നലെ ക്യാംപിൽ നടന്ന യാത്രയയപ്പ് സംഗമത്തിൽ സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി കടലുണ്ടി പ്രാർഥന നടത്തി.





