‘വസ്ത്രം വലിച്ചു കീറി; ദൃശ്യം പകർത്തി..’: നഗ്നയാക്കി മർദനം, വാട്സാപ്പിൽ പ്രചരിപ്പിക്കും: ‘സെക്സ് റാക്കറ്റിനെ’ സാഹസികമായി കുടുക്കി പെൺകുട്ടി

0
1560

‘അവർ നാലു പേരുണ്ടായിരുന്നു. എന്റെ വസ്ത്രങ്ങൾ അവർ വലിച്ചു കീറി. അതിന്റെ ദൃശ്യങ്ങൾ പകർത്തി. ഞാൻ നിലവിളിച്ചപ്പോൾ അവർ നടുറോഡിൽ എന്നെ ഇറക്കിവിട്ടു. കഴുത്തിലെ സ്വർണമാലയും പൊട്ടിച്ചെടുത്തു…’– തമിഴ്നാട് രാഷ്ട്രീയത്തെ തന്നെ ഇളക്കിമറിച്ച പെൺകുട്ടിയുടെ വാക്കുകൾ ഇന്ന് പ്രതികൾക്കു നേടിക്കൊടുത്തത് മരണംവരെ ജീവപര്യന്തം ശിക്ഷ. രാജ്യത്തെയാകെ പിടിച്ചുകുലുക്കിയ പൊള്ളാച്ചി പീഡനപരമ്പരയിലെ പ്രതികൾ ഇന്ന് ശിക്ഷിക്കപ്പെടുമ്പോൾ ചർച്ചയാകുന്നത് തനിക്കു സംഭവിച്ചതു തുറന്നു പറയാൻ ഒരു പെൺകുട്ടി കാണിച്ച അസാധാരണ ധൈര്യമാണ്. 

2019 ഫെബ്രുവരിയിൽ കോളജ് വിദ്യാർഥിനിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് അന്നത്തെ അണ്ണാ ഡിഎംകെ സർക്കാരിനെ പിടിച്ചുലച്ച സംഭവത്തിൽ പ്രതികളെ കണ്ടെത്തിയത്. പൊള്ളാച്ചി സ്വദേശികളായ എൻ.ശബരിരാജൻ (32), കെ.തിരുനാവുക്കരശ് (34), എം.സതീഷ് (33), ടി. വസന്തകുമാർ (30), ആർ.മണി (32), പി.ബാബു (33), ടി.ഹരോണിമസ് പോൾ (32), കെ. അരുൾനാഥം (39), എം.അരുൺകുമാർ എന്നീ പ്രതികൾക്ക് മരണംവരെ ജീവപര്യന്തം ശിക്ഷയാണ് കോയമ്പത്തൂർ കോടതി വിധിച്ചത്. ഇരകളായി കണ്ടെത്തിയ എട്ടു യുവതികൾക്ക് 85 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു.

2016നും 2019നും ഇടയിൽ പൊള്ളാച്ചി കേന്ദ്രീകരിച്ച പെണ്‍വാണിഭ സംഘത്തിൽപ്പെട്ടവരാണ് പിടിയിലായത്. ഇവരിൽ ശബരിരാജനാണ് പെൺകുട്ടികളെ പ്രത്യേകിച്ച് കോളജ് വിദ്യാർഥികളെ പ്രണയം നടിച്ച് കൂടെക്കൂട്ടി വിവിധ സ്ഥലങ്ങളിൽ എത്തിച്ചിരുന്നത്. ഇത്തരത്തിൽ എത്തിക്കുന്ന പെൺകുട്ടികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി അവരുടെ നഗ്നവിഡിയോകൾ ചിത്രീകരിക്കും. ഈ വിഡിയോകൾ ഉപയോഗിച്ച് പെൺകുട്ടികളെ ഭീഷണിപ്പെടുത്തി പണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കുന്നതായിരുന്നു രീതി. 

കൂടുക്കിയത് ആ തുറന്നുപറിച്ചിൽ
പീഡനത്തിന് ഇരയായവരെല്ലാം വിവരം രഹസ്യമായി വച്ചപ്പോൾ 19കാരിയായ കോളജ് വിദ്യാർഥിനിയുടെ തുറന്നുപറച്ചിലാണ് കേസിനെ മുന്നോട്ടു നയിച്ചത്. ശബരീരാജൻ വാട്സാപ് സന്ദേശങ്ങളിലൂടെയാണ് പെൺകുട്ടിയുമായി അടുപ്പത്തിലാകുന്നത്. സ്കൂളിൽ പെൺകുട്ടിയുടെ സീനിയറായിരുന്നു ഇയാൾ. പെൺകുട്ടിയുടെ സഹോദരനും അടുത്തറിയാം. 2019 ഫെബ്രുവരി 12നായിരുന്നു കേസിന് ആസ്പദമായ സംഭവം. അത്യാവശ്യകാര്യമുണ്ടെന്നും സംസാരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇയാൾ പെൺകുട്ടിയെ പൊള്ളാച്ചിയിലെ ഒരു ബസ് സ്റ്റോപ്പിലേക്കു വിളിച്ചത്. എല്ലാവർക്കും അറിയാവുന്ന സ്ഥലമായതിനാൽ പെൺകുട്ടി പറഞ്ഞ സ്ഥലത്തെത്തി.

അവിടെ ശബരീരാജൻ കാത്തുനിൽപ്പുണ്ടായിരുന്നു. കാറിൽ പോകാമെന്നും യാത്രയ്ക്കിടെ സംസാരിക്കാമെന്നും പറഞ്ഞ് പെൺകുട്ടിയെ ഒപ്പം കൂട്ടി. പരിചയമുള്ള ഒരു റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാമെന്നു പറഞ്ഞാണു പോയതെങ്കിലും വണ്ടി അവിടവും കടന്നുപോയപ്പോൾ പെൺകുട്ടിക്ക് സംശയമായി. എതിർത്തപ്പോൾ മർദിച്ചു. അതിനിടെ അതുവഴി പോയ രണ്ട് ബൈക്ക് യാത്രികർ ഇതു കണ്ടതോടെ പെൺകുട്ടിയെ റോഡിലേക്കു വലിച്ചെറിയുകയായിരുന്നുവെന്നാണ് മൊഴി.