ന്യൂഡൽഹി: ദിവസങ്ങളായി തുടരുന്ന ഡ്രോൺ, ഷെല്ലാക്രമങ്ങൾക്ക് പിന്നാലെ ശാന്തമായി അതിർത്തിയും നിയന്ത്രണ രേഖയും. ഇന്ത്യാ-പാകിസ്ഥാൻ വെടിനിർത്തലിനൊപ്പം ജമ്മു കശ്മിർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിലെ അതിർത്തി പ്രദേശങ്ങൾ സാധാരണ നിലയിലായി. വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകളും ബ്ലാക്കൗട്ടുകളുമില്ലാതെയാണ് കഴിഞ്ഞ ദിവസം കടന്നു പോയത്.
വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷവും അതിർത്തി കടന്നുള്ള ചില ഷെല്ലാക്രമണങ്ങൾ റിപ്പോർട്ട് ചെയ്ത ജമ്മുവിലെ ഉദംപൂരിൽ പിന്നീട് വെടിവയ്പ്പുകൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടെങ്കിലും സ്ഥിതിഗതികൾ ശാന്തമായി. പഞ്ചാബിൽ തീവണ്ടി ഗതാഗതം പുനഃസ്ഥാപിച്ചു.
മൂന്ന് ഉറക്കമില്ലാത്ത രാത്രികൾക്ക് ശേഷമാണ് ഞായറാഴ്ച രാവിലെ കശ്മിരിലെ അതിർത്തി ഗ്രാമങ്ങളിൽ സമാധാനം തിരിച്ചെത്തിയത്. നിയന്ത്രണ രേഖയിലെ സുരക്ഷിതമായ സ്ഥലത്തേക്ക് പലായനം ചെയ്ത പ്രദേശവാസികൾ ഇന്നലെ കാലത്ത് മുതൽ വീടുകളിലേക്ക് മടങ്ങി. ഷെല്ലാക്രമണത്തിൽ തകർന്നിരുന്നതിനാൽ ചില കുടുംബങ്ങൾക്ക് വീടുകളിലേക്ക് മടങ്ങാനായില്ല.
പഞ്ചാബിൽ ശനിയാഴ്ച വൈകുന്നേരം പുറപ്പെടുവിച്ച ബ്ലാക്ക്ഔട്ട് ഉത്തരവുകൾ മിക്ക ജില്ലകളും ഏതാനും മണിക്കൂറുകൾക്കുള്ളിൽ പിൻവലിച്ചിരുന്നെങ്കിലും ജനങ്ങൾ സ്വമേധയാ വിളക്കുകൾ അണച്ചു. രാജസ്ഥാനിലും സമാനമായ സാഹചര്യമായിരുന്നു. ടിന ദാബി ജില്ലയിൽ ജില്ലാ ഭരണകൂടം റെഡ് അലേർട്ട് പിൻവലിച്ചതോടെ ആളുകൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങി. ഗുജറാത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ ഞായറാഴ്ച രാവിലെ പെട്രോൾ പമ്പുകളിലും മാർക്കറ്റുകളിലും റെസ്റ്റോറന്റുകളിലും ഭക്ഷണശാലകളിലും നീണ്ട ക്യൂകൾ കാണപ്പെട്ടു. ഭുജിന്റെ അഞ്ച് ദർവാസകളിൽ ഒന്നായ ഭിദ് ഗേറ്റിലെ മാർക്കറ്റ് വലിയ ജനക്കൂട്ടത്താൽ നിറഞ്ഞു. അതേസമയം, അതിർത്തി പ്രദേശങ്ങളിൽ ജാഗ്രത തുടരുന്നുണ്ട്.





