കാറിടിപ്പിച്ച് കൊന്ന പ്രിയരഞ്ജന് ജീവപര്യന്തം; ക്രൂരകൃത്യം ക്ഷേത്ര മതിലില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത വൈരാഗ്യത്തിൽ

തിരുവനന്തപുരം: കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാര്‍ഥി ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍  പ്രതി പ്രിയരഞ്ജന് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും.  തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പൂവച്ചല്‍ സ്വദേശികളായ അരുണ്‍കുമാറിന്റെയും ദീപയുടെയും മകനായ ആദിശേഖര്‍ (15)നെ പ്രിയരഞ്ജന്‍ മനഃപൂര്‍വം കാറിടിച്ച് കൊലപ്പെടുത്തി എന്നാണു കേസ്. പിഴത്തുക ആദിശേഖറിന്റെ മാതാപിതാക്കൾക്ക് നൽകണം.

പൂവച്ചല്‍ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന്റെ മതിലില്‍ പ്രിയരഞ്ജന്‍ മൂത്രമൊഴിച്ചതിനെ ആദിശേഖര്‍ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യത്തില്‍ 2023 ഓഗസ്റ്റ് 30ന് ആദിശേഖറിനെ സുഹൃത്തുക്കള്‍ക്കു മുന്നില്‍ വച്ചാണ് പ്രിയരഞ്ജന്‍ കാറിടിപ്പിച്ചത്. ക്ഷേത്രത്തിനു സമീപത്തെ റോഡില്‍ സൈക്കിളില്‍ കയറാന്‍ ആദിശേഖര്‍ ശ്രമിക്കുന്നതിനിടെ പിന്നിലൂടെ കാറിലെത്തിയ പ്രതി ഇടിച്ചു തെറിപ്പിച്ചശേഷം നിര്‍ത്താതെ ഓടിച്ചു പോവുകയായിരുന്നു. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് ആദ്യം കേസെടുത്തത്.

കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ മൊഴിയും സിസിടിവി ദൃശ്യങ്ങളുമാണു ആസൂത്രിത കൊലപാതകമാണെന്നു തിരിച്ചറിയാന്‍ കാരണമായത്. സംഭവത്തിനു ശേഷം കാര്‍ ഉപേക്ഷിച്ച് കുടുംബവുമായി തമിഴ്‌നാട്ടിലേക്ക് കടന്ന പ്രിയരഞ്ജനെ കാട്ടാക്കട സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഡി.ഷിബുകുമാറിന്റെ നേതൃത്വത്തിലാണ് കന്യാകുമാരി കുഴിത്തുറയില്‍നിന്ന് അറസ്റ്റ് ചെയ്തത്.