കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പുക; മൂന്നുപേർ മരിച്ചെന്ന് ടി സിദ്ദിഖ് എം.എൽ.എ

0
832

തീപിടിത്തമുണ്ടായതിനു പിന്നാലെ നാല് മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റിയെന്ന് വിവരവും പുറത്ത് വരുന്നുണ്ട്

കോഴിക്കോട്: മെഡിക്കല്‍ കോളേജിലുണ്ടായ പുകയിൽ മൂന്നുപേർ മരിച്ചതായി ടി. സിദ്ദിഖ് എം.എൽ.എ. വയനാട് കല്പറ്റ മേപ്പാടി സ്വദേശി നസീറ (44) മരിച്ചതായി ബന്ധുക്കൾ അറിയിച്ചെന്ന് സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു. മറ്റു രണ്ടുപേരും മരിച്ചിട്ടുണ്ട്. പുക ഉയര്‍ന്ന സമയത്ത് വെന്റിലേറ്ററില്‍നിന്ന് ഇവരെയെടുത്ത് മാറ്റുന്നതിനിടെയാണ് നസീറ മരിച്ചതെന്നാണ് വിവരം. ഒന്നാംവാര്‍ഡിലാണ് നിലവില്‍ മൃതദേഹമുള്ളത്. ഇവരുടെ കുടുംബങ്ങളുമായി സംസാരിച്ചെന്നും ടി. സിദ്ദിഖ് അറിയിച്ചു. അതേസമയം ആളപായമില്ലെന്നും എല്ലാ രോഗികളും സുരക്ഷിതരാണെന്നുമായിരുന്നു നേരത്തേ കളക്ടറും മെഡിക്കല്‍ സൂപ്രണ്ടും അറിയിച്ചിരുന്നത്.

അതിനിടെ, കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ തീപിടിത്തമുണ്ടായതിനു പിന്നാലെ നാല് മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റിയെന്ന് വിവരം. അതേസമയം, ഇവരുടെ മരണം പൊട്ടിത്തെറി കാരണമാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.

അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. അഗ്നിരക്ഷാസേനയുടെ വിവിധ യൂണിറ്റുകൾ സ്ഥലത്തെത്തി പുക ശാന്തമാക്കാനുള്ള തീവ്ര യത്നത്തിലാണ്. പഴയ കാഷ്വാലിറ്റി താത്കാലികമായി അത്യാഹിത വിഭാഗമായി സജ്ജമാക്കി.

പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. പൊട്ടിത്തെറി ശബ്ദം കേട്ടതായി ഡോക്ടര്‍മാരും നഴ്‌സുമാരും സ്ഥിരീകരിക്കുന്നു. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ കെട്ടിടങ്ങളിലേക്കാണ് രോഗികളെ മാറ്റിയത്.രോഗികളെ പുറത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടില്ല. മെഡിക്കല്‍ കോളേജിലെത്തന്നെ പ്രധാന കെട്ടിടത്തിലേക്ക് മാറ്റാനാണ് നിര്‍ദേശിച്ചത്. ഫയര്‍ഫോഴ്‌സും ഇലക്ട്രിക്കല്‍ വിഭാഗവും പോലീസും ഡോക്ടര്‍മാരും ചേര്‍ന്ന് സുരക്ഷ ഉറപ്പുവരുത്തുന്നുണ്ടെ്. ഫയര്‍ഫോഴ്‌സിന്റെ വിവിധ യൂണിറ്റുകള്‍ എത്തിയിട്ടുണ്ടെന്നും മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു.

അതേസമയം സംഭവത്തിൽ മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോടാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ അവരെ സുരക്ഷിതരായി മറ്റ് സ്ഥലത്തേയ്ക്ക് മാറ്റാനും നിര്‍ദേശിച്ചു. അത്യാഹിത സേവനം ആവശ്യമുള്ള രോഗികള്‍ക്ക് ബീച്ച് ഹോസ്പിറ്റലില്‍ അതിനുള്ള സൗകര്യം ലഭ്യമാക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സേവനം കൂടി അവിടെ ലഭ്യമാക്കും.

(സഹായങ്ങൾക്കായി വിളിക്കുക: 9188920765 – മെഡിക്കൽ കോളേജ് ഹെൽപ് ഡെസ്ക് നമ്പർ)