അഞ്ജാതന്റെ ഒറ്റ ഫോൺ കോളിൽ സഊദിയിൽ ഒരാൾക്ക് നഷ്ടമായത് അഞ്ച് ലക്ഷം റിയാൽ

0
4235

റിയാദ്: സഊദിയിൽ ഫോൺ ബാങ്കിങ് തട്ടിപ്പിൽ സ്വദേശിക്ക് അഞ്ചു ലക്ഷം റിയാൽ നഷ്ടമായി. ബാങ്ക് ജീവനക്കാരനാണെന്ന വ്യാജേന ഫോണിൽ എത്തിയ തട്ടിപ്പ് വീരൻ വിവരങ്ങൾ കൈക്കലാക്കി മിനിറ്റുകൾക്കകം 500,000 റിയാൽ അടിച്ചു മാറ്റുകയായിരുന്നു.

താൻ ബാങ്ക് അഡ്മിനിസ്ട്രേഷനിലെ ജീവനക്കാരനാണെന്ന് വെളിപ്പെടുത്തിയാണ് ഫോൺ സന്ദേശം എത്തിയത്. വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനാണെന്ന് ബോധ്യപ്പെടുത്തി ബാങ്ക് അകൗണ്ട് നമ്പർ, ഐബാൻ നമ്പർ, പാസ്‌വേർഡ് എന്നിവ നൽകണമെന്ന് ആവശ്യപ്പെട്ടു. ഇത് സത്യമാണെന്ന് കരുതിയ പൗരൻ വിവരങ്ങൾ നൽകുകയും തൊട്ടു പിന്നിലെത്തിയ ഒ ടി പി നമ്പറും നൽകി. പിന്നീട് തന്റെ എല്ലാ പണവും മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതായി കണ്ടെത്തുകയായിരുന്നുവെന്നാണ് സഊദി പൗരൻ പറയുന്നത്.

ഉടൻ തന്നെ ബാങ്കിലെത്തി പരാതി നൽകിയപ്പോൾ നൽകിയ അന്വേഷണത്തിൽ പിൻവലിക്കപ്പെട്ട പണം ഒരു സ്ത്രീയുടെ സ്ഥാപനത്തിന്റെ അകൗണ്ടിലേക്ക് മാറ്റിയതായാണ് കണ്ടെത്തിയത്. പോലീസിൽ പരാതി നൽകാൻ ബാങ്ക് ആവശ്യപ്പെട്ടതായി
നിയമ ഉപദേഷ്ടാവ് അബ്ദുൽ റഹ്മാൻ അൽ ശൈബാൻ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ നടപടികളും പോലീസ് സ്വീകരിച്ചതായും പൗരന്റെ അക്കൗണ്ടും കൈമാറ്റം നടത്തിയ സ്ഥാപനത്തിന്റെ അക്കൗണ്ടും താൽക്കാലികമായി ബ്ലോക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. പണം തിരിച്ചു പിടിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.