ആഭരണം വാങ്ങാനെന്ന പേരില്‍ വ്യാപാരിയെ വിളിച്ചുവരുത്തി, തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; 7 പേർ പിടിയിൽ

0
763

കുമളി: അലങ്കാരവിളക്കുകൾ, ആഭരണങ്ങൾ തുടങ്ങിയവ വഴിയോരത്തു വിറ്റിരുന്ന വ്യാപാരിയെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ചു കൊലപ്പെടുത്തിയശേഷം മൃതദേഹം കുഴിച്ചിട്ട സംഭവത്തിൽ ഏഴുപേരെ തേനി പൊലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരു സ്വദേശി ദിലീപ് (40) ആണു കൊല്ലപ്പെട്ടത്. തേനി സ്വദേശികളായ മുകേഷ് പാണ്ടി (25), ആകാശ് (19), മുത്തുപാണ്ടി (19), ഇളയരാജ (37), മുരുകൻ (45), സതീഷ്കുമാർ (34), സൗമ്യൻ (31) എന്നിവരാണു പിടിയിലായത്. ഈ മാസം 15ന്, തേനി സ്വദേശികളായ നാലംഗസംഘം ആഭരണങ്ങൾ വാങ്ങാനെന്ന പേരിൽ ദിലീപിനെയും സുഹൃത്തിനെയും തേനി ബസ് സ്റ്റാൻഡിലേക്കു വിളിച്ചുവരുത്തി കാറിൽ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീടു തേനിക്കടുത്തുള്ള ഒരു തോട്ടത്തിലെത്തിച്ചു മർദിച്ചു. 

ദിലീപിനെ പിടിച്ചുവച്ച സംഘം സുഹൃത്തിനെ തല്ലിയോടിച്ചു. പിന്നീടു ദിലീപിനെ കാണാതായി. 24നു സഹോദരി കൊടുത്ത പരാതിയിൽ തേനി പൊലീസ് നടത്തിയ അന്വേഷണത്തിലാണു കൊലപാതകവിവരം പുറത്തുവന്നത്. സ്വർണാഭരണങ്ങൾ എന്ന പേരിൽ വഴിയോരക്കച്ചവടക്കാരിൽനിന്ന് ആഭരണം വാങ്ങി വഞ്ചിക്കപ്പെട്ടവരാണു കൊലപാതകത്തിനു പിന്നിലെന്നു കണ്ടെത്തി. കുറഞ്ഞ വിലയ്ക്ക് സ്വർണാഭരണങ്ങൾ വിൽക്കുന്ന സംഘത്തിലെ അംഗമാണെന്ന സംശയത്തെത്തുടർന്നാണ് ദിലീപിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതെന്നും പൊലീസ് പറഞ്ഞു. ദിലീപിന്റെ മൃതദേഹം തേനി ജെല്ലിപ്പട്ടിക്കു സമീപത്തെ തോട്ടത്തിൽ മറവുചെയ്യുകയായിരുന്നു.