ക്വാറന്റൈന്‍ നിയമം ലംഘിച്ചു; നാളെ നടക്കേണ്ട സ്വന്തം വിവാഹത്തിനു നാട്ടിലെത്താനാകാതെ മലയാളി

0
5507

അബുദാബി: ക്വാറന്റൈന്‍ നിയമം ലംഘിച്ചതിന് കുരുക്കിലായ മലയാളി പ്രവാസി സ്വന്തം വിവാഹത്തിന് നാട്ടില്‍ എത്താനാവാതെ അബുദാബിയില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ജിജോ വര്‍ഗീസിന് 50,000 ദിര്‍ഹം (10 ലക്ഷത്തിലേറെ രൂപ) പിഴ ലഭിച്ചതിനെ തുടർന്ന് കുടുങ്ങിയത്. ക്വാറന്റൈന്‍ കാലയളവില്‍ പ്രത്യേക പെർമിഷൻ എടുക്കാതെ താമസ സ്ഥലം മാറിയതിനെ തുടർന്നാണ് പിഴ ഈടാക്കിയത്. യു.എ.ഇയിലെ ക്വാറന്റീന്‍ നിയമം അനുസരിച്ച് സ്മാര്‍ട് വാച്ച് (ട്രാക്കര്‍) ധരിച്ചയാള്‍ താമസ സ്ഥലത്തുനിന്നു പരിധിവിട്ട് പുറത്തിറങ്ങിയാല്‍ 50,000 ദിര്‍ഹമാണ് പിഴ. ഈ നിയമം ലംഘിച്ചതായി കണ്ടെത്തിയാണ് പിഴ ഈടാക്കിയത്.

ഇതോടെ നാളെ നടക്കേണ്ടിയിരുന്ന വിവാഹത്തിന് പങ്കെടുക്കാൻ കഴിയാതെ കുടുങ്ങിയിരിക്കുകയാണ് ജിജോ. നിശ്ചയത്തിനും വിവാഹത്തിനുമായി ഈ മാസം 20 നു നാട്ടിലേക്കു പോകാനായി അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് പാസ്‌പോര്‍ട്ട് ഹോള്‍ഡ് ചെയ്തിരിക്കുകയാണെന്നും ക്വാറന്റൈന്‍ നിയമലംഘന പിഴ അടയ്ക്കാതെ രാജ്യം വിടാനാവില്ലെന്നും എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഒന്നിനു സന്ദര്‍ശക വിസയിലായിരുന്നു ജിജോ വർഗീസ് അബുദാബിയിലെത്തിയിരുന്നത്. ഇവിടെ ഇറങ്ങിയതോടെ അന്നത്തെ ക്വാറന്റൈന്‍ നിയമപ്രകാരം സ്മാര്‍ട് വാച്ച് ധരിപ്പിച്ച് താമസ സ്ഥലത്തേക്കു വിട്ടിരുന്നു. എന്നാല്‍ സ്ഥിരം മുറി ശരിയാകാത്തതിനാല്‍ തല്‍ക്കാലം സുഹൃത്തിന്റെ ഫ്‌ളാറ്റിലെത്തിയ ജിജോ അധികൃതരുടെ നിര്‍ദേശപ്രകാരം ഉടന്‍ നിശ്ചിത വാട്‌സ് ആപ്പ് നമ്പറിലേക്ക് ലൊക്കേഷന്‍ മാപ്പ് അയച്ചുകൊടുത്തിരുന്നു.

രണ്ട് ദിവസത്തിനുശേഷം സ്ഥിരം താമസം ശരിയായെന്നും അങ്ങോട്ടേക്കു മാറാന്‍ അനുമതി വേണമെന്നും ആവശ്യപ്പെട്ട് വിളിച്ചെങ്കിലും കിട്ടിയില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി വാട്‌സ് ആപ്പില്‍ സന്ദേശം അയയ്ക്കുകയും ചെയ്തു. പലതവണ നടത്തിയ ശ്രമത്തിനൊടുവിൽ വിവരം അറിയിച്ചെങ്കിലും കുഴപ്പമില്ലെന്നും പുതിയ സ്ഥലത്തെത്തി ലൊക്കേഷന്‍ മാപ്പ് അയച്ചാല്‍ മതിയെന്നും വാക്കാല്‍ അറിയിച്ചിരുന്നുവെന്നാണ് ജിജോ പറയുന്നത്.

രണ്ടു ദിവസത്തിനുശേഷം അന്വേഷിച്ചെത്തിയ സി.ഐ.ഡി ഉദ്യോഗസ്ഥരോട് വിവരം അറിയിക്കുകയും മാറുന്ന വിവരം വച്ച് അയച്ച സന്ദേശം കാണിക്കുകയും ചെയ്തു. നിയമലംഘനത്തിനു 50,000 ദിര്‍ഹമാണെന്ന് ഓര്‍മിപ്പിച്ച ഉദ്യോഗസ്ഥര്‍ സന്ദേശം കണ്ടപ്പോള്‍ പ്രശ്‌നമില്ലെന്ന് പറഞ്ഞു മടങ്ങി. ടൂറിസ്റ്റ് വിസ കാലാവധി തീരുന്നതിനു മുന്‍പായി ഫയല്‍ ക്ലോസ് ചെയ്യണമെന്ന് പറഞ്ഞ് പിന്നീട് വിളിപ്പിക്കുകയും ഡിജിറ്റലായി ഒപ്പിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ പ്രശ്‌നം അവസാനിച്ചെന്നാണ് ജിജോ കരുതിയത്. പിന്നീട് പുതിയ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു. ഒരു വര്‍ഷത്തിനുശേഷം ഈ മാസം 24 നു വിവാഹ നിശ്ചയവും 27 നു വിവാഹവും ആണെന്നു അറിയിച്ചെങ്കിലും നിയമനടപടി പൂര്‍ത്തിയാക്കാനായിരുന്നു നിര്‍ദേശം. ഇതേ തുടര്‍ന്ന് ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റിലും ഇന്ത്യന്‍ എംബസിയിലും പരാതി നല്‍കി കാത്തിരിക്കുകയാണ് ഇദ്ദേഹം.

ഇന്ന് അടിയന്തരമായി കേസ് പരിഗണിച്ച് നിജസ്ഥിതി കോടതിക്കു ബോധ്യപ്പെട്ട് ഫയല്‍ ക്ലിയര്‍ ചെയ്യുകയോ അല്ലെങ്കില്‍ പിഴ അടയ്ക്കുകയോ ചെയ്താല്‍ മാത്രമേ ജിജോയ്ക്ക് നാട്ടിലെത്താനാകൂ. നടപടി നീണ്ടുപോയാല്‍ വിവാഹം നീട്ടിവയ്ക്കുകയല്ലാതെ മാര്‍ഗമില്ലെന്ന് ജിജോ പറയുന്നു.

യു.എ.ഇയിലെ ക്വാറന്റീന്‍ നിയമം അനുസരിച്ച് സ്മാര്‍ട് വാച്ച് (ട്രാക്കര്‍) ധരിച്ച് ക്വാറന്റൈനിലിരിക്കെ അടിയന്തരമായി പുറത്തിറങ്ങേണ്ടവര്‍ (പി.സി.ആര്‍ ടെസ്റ്റ് എടുക്കാനോ ആശുപത്രിയിലേക്കോ) മുന്‍കൂട്ടി മൂവിങ് പെര്‍മിറ്റ് എടുക്കണം. സ്മാര്‍ട് വാച്ച് ഇളക്കി മാറ്റുക, പ്രവര്‍ത്തന രഹിതമാക്കുക തുടങ്ങിയ നിയമലംഘനത്തിനു തുല്യതുക പിഴയുണ്ട്. ഇങ്ങനെ ചെയ്താല്‍ വാച്ചില്‍ അപായ സൈറണ്‍ മുഴങ്ങും. നിലവില്‍ യു.എ.ഇയില്‍ ക്വാറന്റൈന്‍ നിയമത്തില്‍ ഇളവുണ്ട്. എന്നാല്‍ പഴയ കേസുകളില്‍പെട്ടവര്‍ നിയമനടപടി പൂര്‍ത്തിയാക്കണം.