‘ഇന്ത്യയുടെ നീക്കത്തിന് ശക്തമായ മറുപടി നൽകും’; അടിയന്തരയോഗം വിളിച്ച് പാകിസ്താൻ പ്രധാനമന്ത്രി

0
1792

ഇസ്‌ലാമാബാദ്: സിന്ധു നദീജല കരാ‍ർ റദ്ദാക്കിയതുൾപ്പെടെ പാകിസ്താനെതിരെ ശക്തമായ നടപടി ഇന്ത്യ സ്വീകരിച്ചതിന് പിന്നാലെ ദേശീയ സുരക്ഷാ സമിതിയുടെ അടിയന്തര യോഗം വിളിച്ച് പാകിസ്താൻ. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫാണ് യോഗം വിളിച്ചത്. ഇന്ത്യയുടെ നീക്കത്തിന് മറുപടി നൽകുമെന്ന് പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ പറഞ്ഞു. യോഗത്തിന് ശേഷം വ്യക്തമായ പ്രതികരണമുണ്ടാകുമെന്നും പാക് വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ഇന്ന് രാവിലെയാണ് പാകിസ്താനിൽ ദേശീയ സുരക്ഷാ സമിതി യോഗം ചേരുന്നത്.

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരെ കടുത്ത നടപടികളാണ് ഇന്ത്യ സ്വീകരിച്ചത്. പാകിസ്താൻ പൗരന്മാർ 48 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടണമെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്റി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി പഹൽഗാം ആക്രമണത്തിൽ 26 പേർ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. പാകിസ്താൻ പൗരന്മാർക്കുള്ള വിസാ നടപടികളും ഇന്ത്യ മരവിപ്പിച്ചു. പാകിസ്താന്റെ സുപ്രധാന കുടിവെള്ള പദ്ധതിയായ സി‌ന്ധു നദീജല കരാ‍റും ഇന്ത്യ റദ്ദാക്കി.

വാഗ – അട്ടാരി അതിർത്തി അടിയന്തരമായി അടച്ചു. പാകിസ്നിതാനിൽ നിന്ന് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ തിരികെ വിളിക്കാനും തീരുമാനമായി. പാക് ഹൈ കമ്മീഷനിലെ അംഗസംഖ്യ മുപ്പതാക്കി കുറയ്ക്കും. മെയ് 1 മുതല്‍ പുതിയ നടപടികൾ പ്രാബല്യത്തില്‍ വരുമെന്നും ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

കഴിഞ ദിവസമാണ് പഹല്‍ഗാമില്‍ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം അരങ്ങേറിയത്. പ്രദേശത്തുണ്ടായിരുന്ന ടൂറിസ്റ്റുകള്‍ക്ക് നേരെ പൈന്‍ മരങ്ങള്‍ക്കിടയില്‍ നിന്നിറങ്ങിവന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തിന് തൊട്ടുപിന്നാലെ ലഷ്‌കര്‍ ഇ തൊയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. ആക്രമണം നടത്തിയ ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടിട്ടുണ്ട്. ലഷ്‌കര്‍ നേതാവ് സെയ്ഫുള്ള കസൂരിയാണ് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ എന്നാണ് വിവരം.