1983 ൽ നിറയെ പ്രതീക്ഷകളും സ്വപ്നങ്ങളുമായി ഗൾഫിലേക്ക് വിമാനം കയറി, തൊഴിലുടമ മരിച്ചതോടെ പാസ്പോർട്ട് പോയി, ഫോണില്ല, 42 വർഷത്തെ പ്രവാസത്തിനൊടുവിൽ, ഗോപാലൻ മടങ്ങുന്നു നാട്ടിലേക്ക്

0
1485

മനാമ: 42 വർഷം നീണ്ട ബഹ്റൈൻ പ്രവാസ ജീവിതത്തിനൊടുവിൽ ഗോപാലൻ ചന്ദ്രൻ നാടണയുന്നു. തിരുവനന്തപുരം പൗഡിക്കോണം സ്വദേശിയായ ഗോപാലൻ 1983ലാണ് ബഹ്റൈനിലെത്തുന്നത്. നിറയെ പ്രതീക്ഷകളും സ്വപ്നങ്ങളുമായെത്തിയ ഗോപാലന് പ്രവാസം കരുതിവെച്ചത് മറ്റൊരു ജീവിതമായിരുന്നു. കുടുംബത്തെ കാണാനോ അവരെപ്പറ്റിയുള്ള വിവരങ്ങൾ അറിയാനോ ആകാതെ നീണ്ട നാല് പതിറ്റാണ്ടുകാലമായി കഴിഞ്ഞിരുന്ന ഗോപാലന് തുണയായത് പ്രവാസി ലീഗൽ സെല്ലാണ്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തന്റെ പാസ്പോർട്ടുകളും മറ്റ് രേഖകളുമെല്ലാം വിസ നൽകിയിരുന്ന തൊളിലുടമയുടെ പക്കലായിരുന്നു. എന്നാൽ തൊഴിലുടമ മരണപ്പെട്ടതോടെ ആ രേഖകളെപ്പറ്റിയുള്ള യാതൊരു വിവരവും ഗോപാലന് ലഭിച്ചിരുന്നില്ല. ഫോണോ മറ്റ് ആശയവിനിമയ ഉപാധികളോ ഉപയോഗിക്കാതിരുന്ന ഗോപാലന് നാട്ടിലുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞതുമില്ല. ഇതോടെ ജീവിതം കൂടുതൽ ഇരുട്ടിലായി. ബഹ്റൈനിൽ പലയിടങ്ങളിലായി ജോലി ചെയ്ത് ജീവിതം തള്ളിനീക്കി. എന്നാൽ 2020ൽ ഒരു പ്രശ്നത്തിന്റെ പേരിൽ ഗോപാലൻ പോലീസ് പിടിയിലാവുകയും ജയിലിൽ അകപ്പെടുകയും ചെയ്തു.

അതിനിടയിലാണ് നാട്ടിൽ അമ്മയും സഹോദരനും ജീവിച്ചിരിപ്പുണ്ടെന്ന വിവരം അറിയുന്നത്. അതോടെ നാട്ടിൽ പോകണമെന്നും അമ്മയെ കാണണമെന്നുമുള്ള ആഗ്രഹമായി. നാട്ടിലെത്തിക്കാൻ പലരും സഹായവുമായി മുന്നോട്ട് വന്നു. ഒടുവിൽ പ്രവാസി ലീഗൽ സെല്ലിന്റെ ഇടപെടലിലാണ് ഗോപാലന് നാട്ടിൽ പോകാൻ വഴിയായത്.

പ്രവാസി ലീഗൽ സെല്ലിന്റെ ബഹ്റൈൻ പ്രസിഡന്റ് സുധീർ തിരുനിലത്ത്, സെക്രട്ടറി ഡോ.റിതിൻ രാജ്, അനിൽ തങ്കപ്പൻ നായർ എന്നിവരുടെ കഠിന പരിശ്രമങ്ങൾക്കൊടുവിൽ ഗോപാലനെ നാട്ടിലെത്തിക്കാനുള്ള എല്ലാ നിയമക്കുരുക്കുകളും തടസ്സങ്ങളും ഒഴിവായി. യാത്രാ ചെലവുകളും മറ്റും ഇന്ത്യൻ എംബസിയാണ് വഹിക്കുന്നത്. അമ്മയ്ക്ക് 95 വയസ്സുണ്ട്. ഗോപാലന്റെ മനസ്സിൽ അമ്മയെയും സഹോദരനെയും കാണണമെന്ന ആഗ്രഹം മാത്രമായിരുന്നു ബാക്കി. വർഷങ്ങളോളം ബഹ്റൈനിൽ പ്രവാസിയായിരുന്നെങ്കിലും യാതൊരു സമ്പാദ്യവുമില്ലാതെയാണ് ഗോപാലൻ നാട്ടിലേക്ക് തിരിക്കുന്നത്. 42 വർഷത്തോളമുള്ള പ്രവാസ ജീവിതത്തിന്റെ അനുഭവങ്ങളും പേറിയാണ് ഗോപാലൻ ഉറ്റവരുടെ പക്കലേക്ക് യാത്ര തിരിച്ചത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക