അൽഖോബാർ: നിയമകുരുക്കുകളും ഹുറൂബും മൂലം 12 വർഷങ്ങമായി നാട്ടിലേക്ക് മടങ്ങാനാവാത്ത പ്രവാസി ഇന്ത്യക്കാരൻ രോഗബാധിതനായി സൗദിയിൽ അന്തരിച്ചു. കിഴക്കൻ പ്രവിശ്യയിലെ അൽഖോബാറിൽ ജോലി ചെയ്തു വന്നിരുന്ന ബിഹാർ, ഗോപാൽഗഞ്ച് സ്വദേശി അഭയ് കുമാർ സിങ്(54) ആണ് മരിച്ചത്.
ദേഹാസ്വസ്ഥമനുഭപ്പെട്ട് താമസസ്ഥലത്ത് കുഴഞ്ഞു വീണതിനെ തുടർന്ന് ഒപ്പം താമസിച്ചിരുന്നവർ അൽഖോബാർ, അൽമന ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് സാധാരണ തൊഴിലാളി വീസയിലെത്തിയതായിരുന്നു. അഭയകുമാർ സിങ്ങിന്റെ ഇഖാമ കാലാവധി അവസാനിച്ചിട്ട് അഞ്ചു വർഷം കഴിഞ്ഞിരുന്നു.
തൊഴിൽ താമസ രേഖയൊന്നും പുതുക്കാതായതോടെ ഇയാൾക്കെതിരെ ഹുറൂബ് (ഒളിച്ചോടിയതായി) രേഖപ്പെടുത്തിയിരുന്നു. നാട്ടിലുള്ള ഭാര്യയും ഏക മകളും മടങ്ങിയെത്താൻ അവശ്യപ്പെട്ടിരുന്നുവെങ്കിലും പഴയ സ്പോൺസറിനെയും മറ്റും കണ്ടെത്താനാവാതെ രേഖകളും മറ്റും ശരിയാക്കാനുള്ള വഴിയറിയാതെയാണ് ഇത്രയും കാലം കഴിഞ്ഞത്.
ഇയാളുടെ ഒപ്പമുണ്ടായിരുന്നവർ കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ ഹുസൈൻ നിലമ്പൂരിനെ ബന്ധപ്പെട്ട് സഹായം തേടി. തുടർന്ന് ഇയാളുടെ വിവരങ്ങൾ ഇന്ത്യൻ എംബസി അധികൃതരെ ധരിപ്പിച്ചു. യാത്രാ തടസ്സങ്ങൾ ഒഴിവാക്കാനുള്ള നിയമ നടപടികൾ പൂർത്തീകരിക്കുന്നതിന് ഹുസൈൻ നിലമ്പൂർ നേതൃത്വം നൽകി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള വിമാനടിക്കറ്റും മറ്റും ഇന്ത്യൻ എംബസി അനുവദിച്ചു. ദമാം രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ഇന്ന് രാത്രിയിൽ പുറപ്പെടുന്ന വിമാനത്തിൽ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.





