കുവൈത്ത് സിറ്റി: കുവൈത്തിനെ മറ്റ് ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുമായി ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന റെയിൽവെ പദ്ധതിയുടെ ആദ്യ ഘട്ട പഠനം നടത്താനും രൂപകൽപന തയാറാക്കാനുമായി കുവൈത്ത് പൊതുമരാമത്ത് മന്ത്രി നൂറ അൽമശ്ആൻ തുർക്കി കമ്പനിയായ പ്രോയാപിയുമായി കരാറിൽ ഒപ്പുവച്ചു.
ചടങ്ങിൽ കുവൈത്തിലെ തുർക്കി അംബാസഡർ തുബാ നൂർ സോൻമെസ് പങ്കെടുത്തു. ഈ പദ്ധതി പ്രകാരം ഗൾഫ് റെയിൽവെ ശൃംഖലയുടെ സുപ്രധാന വടക്കൻ ടെർമിനസായി കുവൈത്ത് പ്രവർത്തിക്കും. സൗദി അറേബ്യയോടു ചേർന്ന കുവൈത്തിന്റെ തെക്കൻ അതിർത്തിയായ നുവൈസിബ് ഏരിയയിൽ നിന്ന് വടക്ക് ശദ്ദാദിയ ഏരിയ വരെ നീളുന്ന 111 കിലോമീറ്റർ പാത വഴി കുവൈത്തിനെ സൗദി അറേബ്യയുമായി പദ്ധതി ബന്ധിപ്പിക്കും.
കുവൈത്തിൽ നിന്ന് എല്ലാ ഗൾഫ് രാജ്യങ്ങളിലൂടെയും ഒമാൻ തലസ്ഥാനമായ മസ്‌കത്ത് വരെ നീണ്ടുകിടക്കുന്ന 2,177 കിലോമീറ്റർ ദൈർഘ്യമുള്ള ഗൾഫ് റെയിൽവെ പദ്ധതി യാത്രാ, ചരക്ക് ഗതാഗതത്തിന് ഒരുപോലെ ഉപകരിക്കുമെന്ന് കുവൈത്ത് പൊതുമരാമത്ത് മന്ത്രി നൂറ അൽമശ്ആൻ പറഞ്ഞു. ഡിസൈൻ കരാറിൽ ഒപ്പുവെച്ചതിലൂടെ ഈ സുപ്രധാന പദ്ധതി യാഥാർഥ്യമാക്കാനുള്ള തുടക്കമായതായി പൊതുമരാമത്ത് മന്ത്രാലയ വക്താവ് അഹ്മദ് അൽസ്വാലിഹ് പറഞ്ഞു.
പദ്ധതിയുടെ അന്തിമ ചെലവ് ഇപ്പോൾ നിർണയിക്കാൻ കഴിയില്ല. അന്തിമ സമഗ്ര രൂപകൽപന പൂർത്തിയായ ശേഷം ചിത്രം കൂടുതൽ വ്യക്തമാകുമെന്നും അഹ്മദ് അൽസ്വാലിഹ് പറഞ്ഞു.





