പുട്ടിന് നേരെ വധശ്രമം? ഔദ്യോഗിക വാഹനം തീപിടിച്ച് പൊട്ടിത്തെറിച്ചു

0
1295

റഷ്യന്‍ പ്രസിഡന്‍റ് വ്ളോഡിമിര്‍ പുട്ടിന് നേരെ വധശ്രമമെന്ന് സംശയിക്കുന്നതായി രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പുട്ടിന്‍റെ ഔദ്യോഗിക വാഹനവ്യൂഹത്തിലെ ലിമസീനെന്ന കൂറ്റന്‍ ആഡംബരക്കാറാണ് തീ പിടിച്ച് കത്തിയത്. അതും തലസ്ഥാനമായ മോസ്കോയിലുള്ള രഹസ്യാന്വേഷണ ഏജന്‍സിയുടെ കേന്ദ്രത്തിന് മുന്നില്‍വച്ചും. പുട്ടിന്‍റെ നാളുകള്‍ എണ്ണപ്പെട്ടുവെന്നും മരണം അധികം വൈകില്ലെന്നും യുക്രൈയ്ന്‍ പ്രസിഡന്‍റ്  സെലന്‍സ്കി പറഞ്ഞ് ദിവസങ്ങള്‍ക്കകമാണ് വാഹനവ്യൂഹത്തിലെ കാറിന് തീപിടിച്ചതെന്നതും ആശങ്ക ഉയര്‍ത്തുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ശനിയാഴ്ചയാണ് സംഭവമുണ്ടായതെന്നും യൂറോ വീക്കിലി  വ്യക്തമാക്കുന്നു. 

ലിമസീന് തീപിടിക്കുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. യുഎസ് മധ്യസ്ഥതയില്‍ യുക്രൈയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് വധശ്രമമെന്നും ദുരൂഹമാണ്.  പുട്ടിന്‍റെ വാഹനവ്യൂഹത്തിലെ കാറിന് തീ പിടിച്ചതിന് പിന്നാലെ തീയണയ്ക്കാന്‍ അടുത്ത കടകളില്‍ നിന്നുള്ള തൊഴിലാളികള്‍ വരെ ഓടിയെത്തുന്നത് വിഡിയോയില്‍ കാണാം. കാറിന്‍റെ എന്‍ജിനില്‍ നിന്നാണ് തീയും പുകയും പുറത്തുവന്നതെന്നും ഇത് പിന്നീട് ഉള്ളിലേക്ക് വ്യാപിക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. കനത്തപുകയാണ് കാറില്‍ നിന്നുയര്‍ന്നത്. കാറിന‍്റെ മുന്‍ഭാഗം അഗ്നിബാധയില്‍ ഏറെക്കുറെ പൂര്‍ണമായും കത്തിനശിച്ചു. സംഭവസമയത്ത് കാറിനുള്ളില്‍ ആരൊക്കെ ഉണ്ടായിരുന്നുവെന്നത് സംബന്ധിച്ച് വ്യക്തതയില്ല. അഗ്നിബാധ പെട്ടെന്ന് തന്നെ പുട്ടിന്‍റെ യാത്രകളുടെ ചുമതലയുള്ള പ്രോപ്പര്‍ട്ടി വകുപ്പ് കൈകാര്യം ചെയ്തുവെന്നും ദ് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.