പെരുമ്പിലാവ്: പെരുമ്പിലാവ് മുല്ലപ്പിള്ളിക്കുന്നിലെ നാലുസെന്റ് കോളനിയില്‍ ലഹരിമാഫിയാ സംഘാംഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ വെട്ടേറ്റുമരിച്ചു. മരത്തങ്ങോട്ട് വാടകയ്ക്ക് താമസിക്കുന്ന കടവല്ലൂര്‍ സ്വദേശി കൊട്ടിലിങ്ങല്‍ വീട്ടില്‍ അക്ഷയ് (കൂത്തന്‍-28) ആണ് മരിച്ചത്.
കേസിലെ മുഖ്യപ്രതി മുല്ലപ്പിള്ളി നാലുസെന്റ് കോളനിയില്‍ മണ്ടുമ്പാല്‍ വീട്ടില്‍ ലിഷോയ് ഉൾപ്പെടെ നാലുപേർ പിടിയിലായി. കാർ വാടകയ്ക്കെടുത്തതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് അക്ഷയ് ഭാര്യ നന്ദനയുമൊന്നിച്ച് ലിഷോയുടെ വീട്ടിലെത്തുന്നത്. പെരുമ്പിലാവിലെ വീട്ടിലേക്ക് അക്ഷയിയെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. ഈ സമയം ലിഷോയുടെ സുഹൃത്തുക്കളും വീട്ടിലുണ്ടായിരുന്നു.
ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. വീടിനു മുന്നില്‍ ഉണ്ടായിരുന്ന കാര്‍ തല്ലിത്തകര്‍ത്തിട്ടുമുണ്ട്. കൊലയ്ക്കുശേഷം ലിഷോയ് വീടിനടുത്തുതന്നെയുള്ള ഒരു പാടത്ത് ഒളിച്ചു. അവിടെനിന്ന് ശനിയാഴ്ച രാവിലെ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പോലീസ് പിടികൂടി.
വെട്ടേറ്റ അക്ഷയ് രക്തത്തില്‍ക്കുളിച്ചാണ് വീടിനു പുറത്തേക്കോടിയത്. വീടിന്റെ പടിയിലും രക്തം തളംകെട്ടിക്കിടപ്പുണ്ട്. ലഹരി കേസില്‍ ജയിലിലായിരുന്ന ലിഷോയ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. അടുത്തിടെയാണ് അക്ഷയ്യുടെ വിവാഹം നടന്നത്. ഷബിനാണ് അക്ഷയ്യുടെ പിതാവ്. ഷീജയാണ് അമ്മ.





