നിറഞ്ഞ സദസ്സിൽ അധ്യാപകനെ കണ്ട് ഓടിയെത്തി ചേർത്ത്പിടിച്ച് യുഎഇ ഭരണാധികാരി, വൈറൽ

0
2073

അബുദാബി: കഴിഞ്ഞ ദിവസം അബുദാബിയിൽ ഒരു അപൂർവ സംഗമം നടന്നു. സേവനത്തിൽ നിന്ന് വർഷങ്ങൾക്ക് മുൻപ് പിരിഞ്ഞ ഒരു അധ്യാപകനും പൂർവ വിദ്യാർഥിയും തമ്മിൽ കണ്ടുമുട്ടി. അത് മാറ്റാരുമല്ല, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും അദ്ദേഹത്തെ ബാല്യകാലത്ത് പഠിപ്പിച്ച പ്രഫ. അഹമ്മദ് ഇബ്രാഹിം മൻദി അൽ തമീമിയും. തലസ്ഥാനത്ത് പ്രസിഡന്റ് ഒരുക്കിയ റമസാൻ സംഗമത്തിലായിരുന്നു ഊഷ്മളമായ രംഗങ്ങൾ അരങ്ങേറിയത്. 

അഹമ്മദ് ഇബ്രാഹിമിന്  അപ്രതീക്ഷിതവും അനർഘവുമായ ഒരു നിമിഷമായിരുന്നു അത്. ഷെയ്ഖ് മുഹമ്മദ്  തന്റെ എതിർദിശയിലിരിക്കുകയായിരുന്ന അധ്യാപകനെ തിരിച്ചറിഞ്ഞ ശേഷം നിറഞ്ഞ സദസ്സിനിടയിലൂടെ നടന്നുപോയി അദ്ദേഹത്തെ  ആലിംഗനം ചെയ്യുന്നതും അദ്ദേഹത്തോട് സംസാരിക്കുന്നതും തുടർന്ന് ഈ ഇരിപ്പിടത്തിലേക്ക് മടങ്ങുന്നതുമാണ് വിഡിയോയിലുള്ളത്.

ആഭ്യന്തര മന്ത്രിയും സഹോദരനുമായ സെയ്ഫ് ബിൻ സായിദ് അൽ നഹ്യാനാണ് വിഡിയോ പങ്കിട്ടത്. ഇതിന് നിമിഷങ്ങൾക്കകം ഒട്ടേറെ പേർ ലൈക്കും കമന്റും നൽകി. ഇങ്ങനെയാണ് മുതിർന്നവർ നമ്മെ എല്ലാ ദിവസവും പാഠങ്ങൾ പഠിപ്പിക്കുന്നതെന്നാണ് ഒരു ഉദ്യോഗസ്ഥൻ പോസ്റ്റിന് കമന്റ് നൽകിയത്. ഷെയ്ഖ് മുഹമ്മദ്  തന്റെ അധ്യാപകനെ കണ്ടുമുട്ടുന്നത് ഇതാദ്യമല്ല. 2017 ൽ ഷെയ്ഖ് മുഹമ്മദ് ഖലീഫ സിറ്റിയിലെ അഹമ്മദ് ഇബ്രാഹിമിന്റെ വീട് സന്ദർശിച്ചു.