ജിദ്ദ: സൗദി സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ എച്ച്1-എക്സ് പറക്കും ടാക്‌സികൾ നിർമിക്കാനും കയറ്റുമതി ചെയ്യുന്നതിനുമായി സൗദി അറേബ്യ യുഎസ് കമ്പനിയുമായി സഹകരിക്കുന്നതായി അമേരിക്കൻ ഡൊറോണി എയ്‌റോസ്‌പേസ് കമ്പനി അറിയിച്ചു. വ്യക്തിഗത ഉപയോഗത്തിനായി രൂപകൽപന ചെയ്‌തിരിക്കുന്ന എച്ച്എക്സ്-1 ഗാരേജിൽ പാർക്ക് ചെയ്യാവുന്നതും വീട്ടിൽ നിന്ന് ചാർജ് ചെയ്യാവുന്നതും ഡ്രൈവ് വേയിൽ നിന്ന് പറന്നുരുന്നതുമായ രണ്ട് സീറ്റുള്ള വിമാനമാണ്.
സൗദി അറേബ്യയിലെ എയ്‌റോ ഇൻഡസ്ട്രീസ് (കെഎഐ) ആയി പ്രവർത്തിക്കുന്ന ഇന്നൊവേഷൻ വിങ്സ് ഇൻഡസ്‌ട്രീസിൽ (ഐഡബ്ല്യുഐ) നിന്ന് 30 മില്യൻ ഡോളർ നിക്ഷേപം നേടിയതായി ഡൊറോണി എയ്‌റോസ്‌പേസ് അറിയിച്ചു. ഈ നിക്ഷേപം കമ്പനിയുടെ എച്ച്1 എക്സിന്റെ ഇവിടിഒഎൽ (ഇലക്‌ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫും ലാൻഡിങ്ങും) വികസനം ത്വരിതപ്പെടുത്തും. 2026 അവസാനത്തോടെ വിമാനം പുറത്തിറക്കാനാണ് ലക്ഷ്യം. 2027 മുതൽ സൗദി അറേബ്യയിൽ എച്ച് 1- എക്സ് നിർമിക്കുന്നതിനുള്ള സംയുക്ത സംരംഭത്തിനുള്ള പദ്ധതികളുടെ അന്തിമ കരാറിൽ ഒപ്പിട്ടു.
ഡോറോണിയുമായി സഹകരിച്ച് കെഎഐ വിമാനം നിർമിച്ച് ലോകമെമ്പാടും വിതരണം ചെയ്യുമെന്ന് കരാർ വ്യവസ്ഥ ചെയ്യുന്നു. എണ്ണ വരുമാനത്തെ മാത്രം ആശ്രയിക്കാതെ സൗദി സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ വിഷൻ 2030 പദ്ധതികളുടെ ഭാഗമായി വിപുലമായ ഗതാഗത സാങ്കേതികവിദ്യയിൽ സൗദി അറേബ്യ നിക്ഷേപം നടത്തുന്നുണ്ട്.





