യു.പ്രതിഭയുടെ മകൻ കഞ്ചാവ് ഉപയോഗിച്ചതിന് സാക്ഷികളില്ല; എക്സൈസിന് വീഴ്ചയുണ്ടായെന്ന് റിപ്പോർട്ട്

0
614

ആലപ്പുഴ: യു.പ്രതിഭ എംഎൽഎയുടെ മകൻ കഞ്ചാവ് ഉപയോഗിച്ചെന്ന കേസിന്റെ അന്വേഷണത്തിൽ എക്‌സൈസിനു വീഴ്ചയുണ്ടായെന്ന് റിപ്പോർട്ട്. മകനെതിരെ എക്സൈസ് വ്യാജ കേസെടുത്തെന്ന യു.പ്രതിഭയുടെ പരാതിയിൽ അന്വേഷണം പൂർത്തിയാക്കി ആലപ്പുഴ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ റിപ്പോർട്ട് സമർപ്പിച്ചു. പ്രതിഭയുടെ മകൻ കനിവ് കഞ്ചാവ് ഉപയോഗിച്ചെന്നതിനെ പിന്തുണയ്ക്കുന്ന സാക്ഷിമൊഴികളില്ലെന്ന് അന്വേഷണ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

അതേസമയം, കനിവ് ഉൾപ്പെടെയുള്ളവർ മുൻപു കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥരോടു സമ്മതിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വൈദ്യപരിശോധനയ്ക്കു ഹാജരാക്കാതെയാണു മകനും സുഹൃത്തുക്കൾക്കുമെതിരെ എക്സൈസ് കേസെടുത്തതെന്ന യു.പ്രതിഭയുടെ ആരോപണവും റിപ്പോർട്ട് ശരിവയ്ക്കുന്നു.

ആലപ്പുഴ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ എസ്.അശോക് കുമാർ തയാറാക്കിയ അന്വേഷണ റിപ്പോർട്ട് ജോയിന്റ് എക്സൈസ് കമ്മിഷണർ ബി.രാധാകൃഷ്ണനാണു സമർപ്പിച്ചത്. റിപ്പോർട്ട് പരിശോധിച്ച ശേഷം കുട്ടനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറോടും റേഞ്ച് ഇൻസ്പെക്ടറോടും തിരുവനന്തപുരത്തു ജോയിന്റ് എക്സൈസ് കമ്മിഷണർ ആസ്ഥാനത്തെത്താൻ നിർദേശിച്ചിട്ടുണ്ട്.

ഡിസംബർ 28ന് ഉച്ചയോടെ തകഴി പുലിമുഖം ജെട്ടിക്കു സമീപത്തുനിന്ന് കനിവ് ഉൾപ്പെടെ 9 പേരെയാണു കഞ്ചാവുമായി കുട്ടനാട് എക്സൈസ് സംഘം പിടികൂടിയതും പിന്നീടു സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതും. 3 ഗ്രാം കഞ്ചാവ്, കഞ്ചാവ് കലർന്ന പുകയില മിശ്രിതം, പള്ളഭാഗത്ത‌ു ദ്വാരമുള്ള പ്ലാസ്റ്റിക് കുപ്പി, പച്ച പപ്പായ തണ്ട് എന്നിവയാണ് സംഘത്തിൽനിന്നു പിടിച്ചെടുത്തതെന്നും എഫ്ഐആറിൽ പറയുന്നു.