താമരശ്ശേരി: പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിനെ കൊന്നത് കൃത്യമായ ഗൂഢാലോചന നടത്തിയ ശേഷമെന്ന് തെളിവുകൾ. പൊലീസ് കസ്റ്റഡിയിലെടുത്ത 5 വിദ്യാർഥികളിൽ പൊലീസ് ഉദ്യോഗസ്ഥന്റെ മകനുമുണ്ട്. വിദ്യാർഥികളെന്നതിനപ്പുറം കൃത്യമായ ക്രിമിനൽ മനസ്സോടെയാണ് ഇവർ പ്രവർത്തിച്ചതെന്നും പുറത്തുവന്ന തെളിവുകളിൽനിന്ന് വ്യക്തമാകുന്നു.
കൊല്ലണമെന്ന് ഉറപ്പിച്ചശേഷമാണ് ഷഹബാസിനെ വീട്ടിൽനിന്ന് വിളിച്ചുകൊണ്ടുപോയത്. അതിനു മുൻപു തന്നെ ഷഹബാസിനെ കൊല്ലുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ വാട്സാപ്പ്, ഇൻസ്റ്റഗ്രാം ഗ്രൂപ്പുകൾ തുടങ്ങി. ആളുകൾ കൂട്ടമായി ചേർന്ന് മർദിച്ചാൽ കേസ് നിൽക്കില്ലെന്നും മരിച്ചാൽ പോലും ജയിലിൽ കിടക്കേണ്ടി വരില്ലെന്നുമുൾപ്പെടെയുള്ള നിയമ വശങ്ങളും ചർച്ച ചെയ്തു. എസ്എസ്എൽസി പരീക്ഷയായതിനാൽ അതിന്റെ ആനുകൂല്യവും ലഭിക്കും. പ്രായപൂർത്തിയാകാത്തതിനാൽ വലിയ പ്രശ്നങ്ങളുണ്ടാകില്ലെന്നും ഇവർ മനസ്സിലാക്കി.
വാടക വീട്ടിലായിരുന്ന ഷഹബാസിനെ വിളിച്ചിറക്കിക്കൊണ്ടുവന്ന് ആളുകൾ നോക്കിനിൽക്കെ നഗരമധ്യത്തിലിട്ടാണ് മർദിച്ചത്. വിളിച്ചിറക്കി കൊണ്ടുവന്നതാകട്ടെ അടുത്ത സുഹൃത്തും. കുട്ടികൾ തമ്മിൽ പ്രശ്നമുണ്ടായാൽ പിടിച്ചുമാറ്റാൻ പോകുന്നതല്ലാതെ ഇതുവരെ ഷഹബാസ് ആരെയും മർദിച്ചതായി അറിവില്ലെന്ന് സുഹൃത്തുക്കൾ പറഞ്ഞു. മുൻപും ഏളേറ്റിൽ സ്കൂളിലെയും താമരശ്ശേരി സ്കൂളിലെയും കുട്ടികൾ തമ്മിൽ പ്രശ്നമുണ്ടായിട്ടുണ്ട്. അതെല്ലാം ചെറുതായിരുന്നു. പക്ഷേ, മർദിച്ച വിദ്യാർഥികൾ ഇതെല്ലാം പകയായി മനസ്സിൽ കൊണ്ടുനടന്നിരുന്നുവെന്നാണ് സംശയിക്കുന്നത്. ഒടുവിൽ ഫെയർവെൽ പാർട്ടിക്കിടെയുണ്ടായ പ്രശ്നത്തിൽ എല്ലാം കൂടി തീർത്തു.
പഠനത്തിലുൾപ്പെടെ ഷഹബാസ് മിടുക്കനായിരുന്നുവെന്നും സുഹൃത്തുക്കൾ പറഞ്ഞു. സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന കുടുംബമാണ് ഷഹബാസിന്റേത്. ഉപ്പ ഇക്ബാൽ ആദ്യം ഗൾഫിലായിരുന്നു. ഇപ്പോൾ നാട്ടിലെത്തി പെയിന്റ് പണി ഉൾപ്പെടെ ചെയ്യുകയാണ്. വാടക വീട്ടിലാണ് താമസം. സ്വന്തമായി നിർമിക്കുന്ന വീടിന്റെ പണി പുരോഗമിക്കുകയാണ്. ഷഹബാസിന് മൂന്ന് അനുജൻമാരാണ് ഉള്ളത്.





