ഓൺലൈൻ ടാക്സിയിൽ യാത്ര ചെയ്ത യുവതിക്ക് വഴിമധ്യേ സുഖപ്രസവം; രക്ഷകനായി ഡ്രൈവർ

0
160

ഛണ്ഡി​ഗാർഹ്: ഹരിയാനയിലെ ​ഗുരു​​ഗ്രാമിൽ ഓൺലൈൻ ടാക്സിയിൽ യാത്ര ചെയ്ത യുവതിക്ക് വഴിമധ്യേ സുഖപ്രസവം. ​ഗുരു​ഗ്രാമിലെ റാപ്പിഡോ ഓൺലൈൻ ടാക്സി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെയാണ് പ്രസവശേഷം യുവതിയും കുഞ്ഞും സുരക്ഷിതമായി ആശുപത്രിയിലെത്തിയത്. റാപ്പിഡോ ഡ്രൈവർ വികാസാണ് നിർണായക ഇടപെടലിലൂടെ സോഷ്യൽ മീഡിയയുടെ പ്രശംസ ഏറ്റുവാങ്ങുന്നത്.

തന്റെ വീട്ടിലെ പാചകക്കാരനും, അദ്ദേഹത്തിന്റെ ​ഗർഭിണിയായ ഭാര്യയ്ക്കും വേണ്ടി രോഹൻ മെഹ്റ എന്ന വ്യക്തിയാണ് റാപിഡോ ബുക്ക് ചെയ്തത്. രോഹൻ മെഹ്റ തന്നെയാണ് ഈ ‘പ്രസവവാർത്ത’ റെഡ്ഡിറ്റിലൂടെ പുറംലോകത്തെ അറിയിച്ചത്. രാത്രി പ്രസവവേദന കടുത്തതോടെയാണ് യുവതിയും ഭർത്താവും ആശുപത്രിയിലേക്ക് പോകാൻ തീരുമാനിച്ചത്. എന്നാൽ യാത്രാമധ്യേ തന്നെ യുവതി കാറിൽ പ്രസവിക്കുകയായിരുന്നു.

കാറിൽ പ്രസവിക്കാൻ യുവതിയെയും ഭർത്താവിനെയും സഹായിച്ചതും, പ്രസവശേഷം വളരെ വേ​ഗത്തിൽ കുഞ്ഞിനെയും അമ്മയെയും ആശുപത്രിയിൽ എത്തിച്ചതും റാപ്പിഡോ ഡ്രൈവർ വികാസ് ആയിരുന്നു. സഹായത്തിന് പ്രത്യുപകാരമായി രോഹൻ മെഹ്റ കൂടുതൽ പണം നൽകി. എന്നാൽ പണം നിരസിച്ച വികാസ് ആപ്പിൽ ബുക്ക് ചെയ്തപ്പോൾ കാണിച്ച യാത്രാക്കൂലി മാത്രമാണ് പ്രതിഫലമായി വാങ്ങിയത്.

രോഹൻ മെഹ്റയുടെ കുറിപ്പ് റെഡ്ഡിറ്റിൽ വൈറലായതോടെ വികാസിനെ അഭിനന്ദനങ്ങൾ കൊണ്ട് പൊതിയുകയാണ് സോഷ്യൽ മീഡിയ.അമ്മയെയും കുഞ്ഞിനെയും പറ്റി അന്വേഷിക്കുന്നവരോട്, അമ്മയും കുഞ്ഞും സുഖമായിട്ടിരിക്കുന്നുവെന്നും ഇരുവരേയും തിരിച്ചു വീട്ടിലേക്ക് കൊണ്ടുവരാന്‍ വികാസിനോടു തന്നെ താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും രസകരമായി മെഹ്റ മറുപടി നൽകുന്നു. ഒപ്പം വികാസിനെപോലെയുള്ളവരെ നമ്മുടെ സമൂഹത്തിന് ആവശ്യമാണെന്ന് ഒരുപാട് റെഡ്ഡിറ്റ് ഉപയോക്താക്കളും പറയുന്നുണ്ട്.