‘അവൻ ഏതെങ്കിലും കാട്ടിൽ ഒളിച്ചിരിപ്പുണ്ടാകും’, തമാശ പറഞ്ഞ് അയൽക്കാരുമായി കൂട്ടുകൂടി സമയം ചെലവഴിച്ചു, ഒരു തെളിവും ബാക്കി വെച്ചിലെന്ന ആത്മവിശ്വാസത്തിൽ കവർച്ചയെക്കുറിച്ച് അയൽക്കാരുമായുള്ള ചർച്ചയിലും സജീവം; ഒടുവിൽ പ്രതി റിജോയെ പോലീസ് പൊക്കിയപ്പോൾ ഞെട്ടിയത് അയൽവാസികളും ബന്ധുക്കളും സുഹൃത്തുക്കളും

0
2060

ബാങ്കിൽ ചോദിച്ചു, ‘കാഷ് കിധർ ഹേ?’; ഞായറാഴ്ചയും അവധിയില്ലാതെ പൊലീസ്, റിജോയെ പൂട്ടിയത് എങ്ങനെ?

ചാലക്കുടി: നാട്ടിൽ ആഡംബര ജീവിതം നയിച്ചുവന്ന റിജോയിലേക്ക് ഒരിക്കലും ആരുടെയും സംശയം നീണ്ടിരുന്നില്ല. തമാശകൾ പറഞ്ഞും അയൽക്കാരുമായി കൂട്ടുകൂടിയും സമയം ചെലവഴിച്ചിരുന്നു. കവർച്ചയെക്കുറിച്ച് അയൽക്കാർ ചർച്ച ചെയ്യുമ്പോൾ അതിലും റിജോ സജീവമായി പങ്കെടുത്തു. ഇയാളുടെ വീട്ടിൽ നടത്തിയ കുടുംബയോഗത്തിലും പ്രതി ഇതേ കുറിച്ചു ചർച്ച നടത്തി. ‘അവൻ ഏതെങ്കിലും കാട്ടിൽ ഒളിച്ചിരിപ്പുണ്ടാകും’ എന്നായിരുന്നു ചിരിച്ചു കൊണ്ടുള്ള പ്രതികരണം. പ്രതിക്കു വേണ്ടി പൊലീസ് നാടാകെ പരക്കം പായുമ്പോൾ അതിന്റെ വാർത്തകൾ വീട്ടിലിരുന്നു മൊബൈൽ ഫോണിൽ കാണുകയായിരുന്നു റിജോ ആന്റണി. 

ഒരു തെളിവും ബാക്കി വെച്ചിലെന്ന ആത്മവിശ്വാസം

ചെറിയ തെളിവുകൾ പോലും ശേഷിപ്പിക്കാതെ നടത്തിയ കവർച്ചയിൽ താൻ ഒരിക്കലും പിടിക്കപ്പെടില്ലെന്ന് അത്രയ്ക്ക്  ആത്മവിശ്വാസമുണ്ടായിരുന്നു. മങ്കിക്യാപ്പും അതിനു മുകളിൽ വച്ച ഹെൽമെറ്റും തന്റെ മുഖം കൃത്യമായി മറയ്ക്കും എന്ന് കരുതി. ഇടയ്ക്ക് വഴിയിൽ വസ്ത്രങ്ങൾ മാറുമ്പോൾ പോലും ഹെൽമറ്റ് മാറ്റിയില്ല. ബാങ്കിൽ നിന്ന് ഒന്നര കിലോമീറ്റർ മാത്രം അകലെയുള്ള വീട്ടിലേക്ക് ഉൾ റോഡുകളിലൂടെ  മാറി മാറിയാണ് സഞ്ചരിച്ചത്. ഗ്ളൗസ് ധരിച്ചിരുന്നതിനാൽ വിരലടയാളം ലഭിക്കില്ലെന്നും വിശ്വസിച്ചു. യാത്രയ്ക്കു മുൻപ് നീക്കം ചെയ്ത സ്കൂട്ടറിന്റെ കണ്ണാടി ഇടയ്ക്ക് തിരികെ പിടിപ്പിച്ചും ആശയകുഴപ്പമുണ്ടാക്കാൻ നോക്കി. ഇന്ന് ആശാരിപ്പാറയിലെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തും.ഹെൽമെറ്റും തന്റെ മുഖം കൃത്യമായി മറയ്ക്കും എന്ന് കരുതി. ഇടയ്ക്ക് വഴിയിൽ വസ്ത്രങ്ങൾ മാറുമ്പോൾ പോലും ഹെൽമറ്റ് മാറ്റിയില്ല. ബാങ്കിൽ നിന്ന് ഒന്നര കിലോമീറ്റർ മാത്രം അകലെയുള്ള വീട്ടിലേക്ക് ഉൾ റോഡുകളിലൂടെ  മാറി മാറിയാണ് സഞ്ചരിച്ചത്. ഗ്ളൗസ് ധരിച്ചിരുന്നതിനാൽ വിരലടയാളം ലഭിക്കില്ലെന്നും വിശ്വസിച്ചു. യാത്രയ്ക്കു മുൻപ് നീക്കം ചെയ്ത സ്കൂട്ടറിന്റെ കണ്ണാടി ഇടയ്ക്ക് തിരികെ പിടിപ്പിച്ചും ആശയകുഴപ്പമുണ്ടാക്കാൻ നോക്കി. ഇന്ന് ആശാരിപ്പാറയിലെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തും.

കൃത്യമായ  ആസൂത്രണം; നിരീക്ഷണത്തിന്  ‘സൈറ്റ് വിസിറ്റ്’ 

കവർച്ച നേരത്തേ ആസൂത്രണം ചെയ്ത പ്രതി അനുകൂലമായ അവസരത്തിനായി ക്ഷമയോടെ കാത്തിരിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. നിരീക്ഷണത്തിന് 4 ദിവസം മുൻപു പ്രതി ബാങ്കിലെത്തി. എക്സ്പയറി തീയതി കഴിഞ്ഞ എടിഎം കാർഡുമായെത്തി ഇതു വർക്ക് ചെയ്യുന്നില്ലെന്നു ജീവനക്കാരോടു പറഞ്ഞു. ഈ സമയത്താണ് ബാങ്കിൽ ഉച്ചസമയത്ത് ജീവനക്കാർ കുറവാണെന്നതു പ്രതി ഉറപ്പിച്ചത്. അത് അനുകൂലമാണെന്നു കണ്ടു സമയം അതു തന്നെ തിരഞ്ഞെടുത്തു. 

പള്ളിയുടെ എതിർവശത്തെ ബാങ്ക് കവർച്ചയ്ക്ക് ‘സെലക്‌ട്’ ചെയ്തു. ചാലക്കുടി മെയിൻ ശാഖയിലാണ് തന്റെ അക്കൗണ്ടെങ്കിലും പല കാര്യത്തിനുമായി പോട്ട ശാഖയിൽ പലപ്പോഴും വന്നു പോയി. ചാലക്കുടിയിലെ ആൾത്തിരക്കും ഉച്ചഭക്ഷണ സമയത്തു പോലും ഇടപാടുകാർ കാത്തു നിൽക്കുന്നതും കവർച്ചയ്ക്ക് അനുകൂലമല്ലാത്തതിനാൽ ചെറിയ ബ്രാഞ്ചുകളിൽ കവർച്ച നടത്താനുള്ള സാധ്യത ചിന്തിച്ചു. കവർച്ച നടത്തിയ ശേഷം മടങ്ങിയ വഴികളിലൂടെയെല്ലാം പലവട്ടം സഞ്ചരിച്ചു തിരിച്ചു പോകാനുള്ള ‘റൂട്ട് മാപ്പ്’ തയാറാക്കിയായിരുന്നു കവർച്ചയ്ക്കുള്ള മുന്നൊരുക്കം.

ബാങ്കിൽ ചോദിച്ചു, ‘കാഷ് കിധർ ഹേ?’; ഞായറാഴ്ചയും അവധിയില്ലാതെ പൊലീസ്, റിജോയെ പൂട്ടിയത് എങ്ങനെ?

കത്തി കാട്ടി ഫെഡറൽ ബാങ്ക് പോട്ട ശാഖയിൽനിന്ന് 15 ലക്ഷം രൂപ കവർന്ന പ്രതി റിജോയെ പൊലീസ് കുടുക്കിയത് ഉറക്കമൊഴിച്ച് രാപകലില്ലാതെ 3 ദിവസം നടത്തിയ അന്വേഷണത്തിൽ. തെളിവുകളില്ല, സൂചനകളില്ല. പക്ഷേ പോട്ടയിൽ ബാങ്കിൽ കവർച്ച നടത്തിയ പ്രതിയെ മിടുക്കരായ ചാലക്കുടി പൊലീസ് പൊക്കി. മൂന്നു ദിവസമായി ആർക്കും ഉറക്കമുണ്ടായില്ലെന്ന് അന്വേഷണ സംഘാംഗങ്ങൾ പറഞ്ഞു. ഞായറാഴ്ചയായിട്ടും ഒരാൾ പോലും വീട്ടിൽ പോയില്ല. റാങ്ക് വ്യത്യാസമില്ലാതെ എല്ലാവരും അന്വേഷണത്തിന്റെ ഭാഗമായി.

ഉന്നത പൊലീസ് അധികാരികളുമായി ദിവസവും പലവട്ടം വിഡിയോ കോൺഫറൻസ് നടത്തി അന്വേഷണം വിലയിരുത്തി. സൈബർ ടീമുകളുടെ സഹായവും തേടി. ആദ്യം 25 അംഗ സംഘമാണ് അന്വേഷണത്തിന് ഉണ്ടായിരുന്നതെങ്കിലും പിന്നീട് 7 പേരെ കൂടി ഭാഗമാക്കി. ബാങ്കിന്റെ ഒന്നര കിലോമീറ്റർ മാത്രം അകലെയുള്ള പോട്ട ആശാരിപ്പാറ സ്വദേശി തെക്കൻ റിജോ ആന്റണിയാണ് (റിന്റോ–49) പ്രതിയെന്നു അന്വേഷണത്തിന് ഒടുവിൽ കണ്ടെത്തി. റൂറൽ‌ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

ഇന്നലെ രാവിലെ തന്നെ ഇയാളിലേക്ക് അന്വേഷണത്തിന്റെ മുന നീണ്ടെങ്കിലും കൃത്യമായ വിവരങ്ങൾ ലഭിക്കാനായി പൊലീസ് കാത്തു. ഉച്ചയ്ക്കു ശേഷം വീട്ടിലെത്തി ചോദ്യം ചെയ്തതോടെ ആദ്യം നിഷേധിച്ചെങ്കിലും ഒടുവിൽ സമ്മതിച്ചു. മോഷണത്തിനായി പോയ സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. ആർഭാട ജീവിതത്തിനു പണം കണ്ടെത്താനായിരുന്നു ഒരു മാസത്തിലേറെ സമയം എടുത്ത് ആസൂത്രണം ചെയ്ത് കവർച്ച നടത്തിയത്. ഗൾഫിലായിരുന്ന റിജോ 2 വർഷം മുൻപാണ് ആശാരിപ്പാറയിലേക്കു താമസത്തിനെത്തിയത്.

വീട്ടിൽ ഇയാളുടെ സ്കൂട്ടർ കണ്ട പൊലീസ് പ്രതി റിജോ തന്നെയെന്ന് ഉറപ്പിച്ചു. വീട്ടിലേക്കുള്ള വഴികളിലെല്ലാം പൊലീസ് നിലയുറപ്പിച്ച ശേഷമാണ് അന്വേഷണ സംഘാംഗങ്ങൾ വീട്ടിലേക്കു കയറിയത്. പൊലീസാണെന്നു തിരിച്ചറിഞ്ഞതോടെ പ്രതി ഞെട്ടി. ബാങ്ക് ജീവനക്കാരെ വിരട്ടാൻ ഉപയോഗിച്ച കറിക്കത്തി വിദേശത്തു നിന്ന് കൊണ്ടു വന്നതാണ്. എന്നാൽ ഇതു കണ്ടെടുക്കാനായില്ലെന്നു പൊലീസ് അറിയിച്ചു.

10 ലക്ഷം രൂപ ബണ്ടിൽ പൊട്ടിക്കാതെ സൂക്ഷിച്ചിരുന്നതു പൊലീസ് കണ്ടെടുത്തതായാണു സൂചന. ഭാര്യ അയച്ചു കൊടുക്കുന്ന പണം ധൂർത്തടിക്കുന്നതും ഇയാളുടെ പതിവാണത്രേ. ഇന്നലെ ഇയാളുടെ വീട്ടിൽ നടന്ന കുടുംബയോഗത്തിൽ എത്തിയവരോട് കളിചിരികളുമായി സംസാരിക്കുമ്പോഴും ഇയാളാണ് പ്രതിയെന്ന് ആർക്കും സംശയമുണ്ടായില്ല. പൊലീസ് എത്തുമ്പോൾ വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്നു പ്രതി. അതിനു മുൻപു മഫ്തിയിൽ പലവട്ടം എത്തി പൊലീസ് നിരീക്ഷണം നടത്തി മടങ്ങിയിരുന്നു.

ചാലക്കുടി ഡിവൈഎസ്പി കെ.സുമേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർമാരായ എം.കെ.സജീവ് (ചാലക്കുടി), അമൃത് രംഗൻ (കൊരട്ടി), പി.കെ.ദാസ് (കൊടകര), വി.ബിജു (അതിരപ്പിള്ളി), എസ്ഐമാരായ എൻ.പ്രദീപ്, സി.എസ്.സൂരജ്, സി.എൻ.എബിൻ, കെ.സലിം, പി.വി.പാട്രിക് എന്നിവരും ജില്ലാ ക്രൈം സ്ക്വാഡും സൈബർ ജില്ലാ സ്പെഷൽ സ്ക്വാഡും ഉണ്ടായിരുന്നു. ഇടശേരി ജ്വല്ലറി കവർച്ചയും ഹൈവേ കൊള്ളയും അടക്കം തെളിയിച്ച പൊലീസ് സംഘമാണ് ചാലക്കുടിയിലേത്.