പണം എവിടെയാണെന്ന ചോദ്യത്തിന് പിന്നാലെ ശുചിമുറിയില്‍ പൂട്ടി, കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം കവര്‍ന്നു; 3മിനിറ്റില്‍ മോഷ്ടിച്ചത് 15ലക്ഷം: പട്ടാപ്പകല്‍ ബാങ്ക് കൊള്ളയിൽ ഞെട്ടി ചാലക്കുടി

0
1405

പ്രതി കൊച്ചിയിലേക്ക്? സിസിടിവി ദൃശ്യങ്ങളുടെ പിന്നാലെ പൊലീസ്, റൈഡിങ് ജാക്കറ്റും ഗ്ലൗസും ഹെൽമറ്റും; വിരലടയാളം പതിയില്ലെന്നും സെക്യൂരിറ്റി ഇല്ലെന്നും ഉറപ്പുവരുത്തിയ ശേഷം മോഷണം

ചാലക്കുടി: പോട്ട ഫെഡറല്‍ ബാങ്ക് ശാഖയില്‍ നടന്നത് മുന്‍കൂട്ടി തയാറാക്കിയ പദ്ധതി അനുസരിച്ചുള്ള മോഷണമാകാമെന്ന അനുമാനത്തിൽ പോലീസ്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവമുണ്ടാകുന്നത്. ബാങ്കിലെ ജീവനക്കാരില്‍ ഏറെയും ഭക്ഷണം കഴിക്കാന്‍ പോകുന്ന സമയമാണ് മോഷ്ടാവ് തന്റെ കൃത്യത്തിനായി തിരഞ്ഞെടുത്തത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ അനുസരിച്ച് നമ്പര്‍ പ്ലേറ്റ് മറച്ച സ്‌കൂട്ടറില്‍ ഹെല്‍മറ്റ്, ജാക്കറ്റ്, ഗ്ലൗസ് എന്നിവ ധരിച്ചാണ് മോഷ്ടാവ് എത്തിയത്.

തന്റെ മുഖവും വിരലടയാളം ഉള്‍പ്പെടെയുള്ളവയും എവിടെയും പതിയരുതെന്ന ഉദ്ദേശ്യത്തോടെയാണിത്. ബാങ്കിന് സെക്യൂരിറ്റിയില്ലെന്നും ചുറ്റുപാടുമുള്ള മറ്റ് സ്ഥാപനങ്ങളിലൊന്നും സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിച്ചിട്ടില്ലെന്നും മോഷ്ടാവ് മനസിലാക്കിയിട്ടുണ്ടാവാമെന്നും കരുതുന്നു. ബാങ്കിലേക്ക് കയറിയ മോഷ്ടാവ് അവിടെയുണ്ടായിരുന്ന ജീവനക്കാരില്‍ രണ്ടുപേരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും പണം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് ചോദിച്ച് മനസിലാക്കിയ ശേഷം ബാങ്കിനുള്ളിലെ ശുചിമുറിയില്‍ പൂട്ടിയിടുകയായിരുന്നുവെന്നുമാണ് ബാങ്കിനുള്ളിലെ സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് ലഭിക്കുന്ന സൂചന.

ബാങ്കിന് സെക്യൂരിറ്റിയില്ലെന്നും ചുറ്റുപാടുമുള്ള മറ്റ് സ്ഥാപനങ്ങളിലൊന്നും സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിച്ചിട്ടില്ലെന്നും മോഷ്ടാവ് മനസിലാക്കിയിട്ടുണ്ടാവാമെന്നും കരുതുന്നു. ബാങ്കിലേക്ക് കയറിയ മോഷ്ടാവ് അവിടെയുണ്ടായിരുന്ന ജീവനക്കാരില്‍ രണ്ടുപേരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും പണം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് ചോദിച്ച് മനസിലാക്കിയ ശേഷം ബാങ്കിനുള്ളിലെ ശുചിമുറിയില്‍ പൂട്ടിയിടുകയായിരുന്നുവെന്നുമാണ് ബാങ്കിനുള്ളിലെ സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് ലഭിക്കുന്ന സൂചന.

ജീവനക്കാരെ തള്ളി ശുചിമുറിയില്‍ എത്തിച്ചശേഷം അത് തുറക്കാതിരിക്കാന്‍ കസേര ഡോര്‍ ഹാന്‍ഡിലിന്റെ ഇടയിലേക്ക് ഭിത്തിയോട് ചേര്‍ത്ത് തള്ളികയറ്റി വയ്ക്കുന്നതും സി.സി.ടി.വി.ദൃശ്യത്തില്‍ കാണാം. നീലയും വെള്ളയും ചുവപ്പും നിറത്തിലുള്ള റൈഡിങ് ജാക്കറ്റും മുഖം തിരിയാതിരിക്കാനുള്ള ടിന്റഡ് ഗ്ലാസ് ഹെല്‍മറ്റുമാണ് മോഷ്ടാവ് ധരിച്ചത്.

പണം സൂക്ഷിച്ചിരുന്ന ക്യാഷ് കൗണ്ടര്‍ പൊളിക്കാനുള്ള നീണ്ടനേരത്തെ പരിശ്രമത്തിനൊടുവില്‍ കൗണ്ടര്‍ കസേര ഉപയോഗിച്ച് തല്ലിപൊളിച്ച ശേഷം ട്രേയില്‍ സൂക്ഷിച്ചിരുന്ന പണം മോഷ്ടിക്കുകയായിരുന്നു. മോഷ്ടാവ് എത്തി വെറും മൂന്നുമിനിറ്റിനുള്ളില്‍ 15 ലക്ഷം രൂപയുമായാണ് അയാള്‍ കടന്നുകളഞ്ഞതെന്നാണ് വിവരം. എന്നാല്‍, മോഷ്ടാവ് സംസാരിച്ച ഭാഷ ഏതാണെന്ന് കൃത്യമായി മനസിലായില്ലെന്നാണ് ബാങ്ക് ജീവനക്കാര്‍ പോലീസിനോട് പറഞ്ഞത്.

മോഷണത്തിന് ശേഷം തൃശ്ശൂര്‍ ഭാഗത്തേക്കാണ് മോഷ്ടാവ് സ്‌കൂട്ടറുമായി പോയതെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് മനസിലാകുന്നത്. ബാങ്ക് ജീവനക്കാര്‍ പോലീസില്‍ വിവരമറിയിച്ചതിന്റെ പശ്ചാത്തലത്തില്‍ റൂറല്‍ എസ്.പി.ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് സംഘം സംഭവ സ്ഥലത്തെത്തി. വിരലടയാള പരിശോധന ഉള്‍പ്പെടെ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനുള്ള നീക്കത്തിലാണ് പോലീസ്.