ഹൈദരാബാദ്: ഹൈദരാബാദിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ മാംസം കണ്ടെത്തി. പിന്നെ പറയണോ പുകില്‍. ഇറച്ചക്കഷ്ണത്തൈ ഏറ്റു പിടിച്ച് വര്‍ഗീയത പ്രചരിപ്പിക്കാന്‍ പതിവുപോല ഹിന്ദുത്വ സംഘങ്ങളെത്തി. പിന്നെ പ്രതിഷേധങ്ങളായി. മുദ്രാവാക്യങ്ങളായി. എന്തിനേറെ. കലാപത്തിലേക്ക് വരെ എത്തിയേക്കുമെന്ന് സംശയിച്ചു ഈ ചെറിയ ഇറച്ചിക്കഷ്ണം. അപ്പോഴതാ സാക്ഷാല്‍ സിസിടിവ രംഗത്തെത്തുന്നു. പിന്നെ നടന്നതാണ് രസകരം. സിസിടിവി പരിശോധിച്ചപ്പോള്‍ പ്രതിയാരാ..അസ്സലൊരു പൂച്ച.
ഒരു പൂച്ചയാണ് ഇക്കണ്ട പുകിലുകളൊക്കെ ഉണ്ടാക്കിയ ആട്ടിറച്ചക്കഷ്ണം ക്ഷേത്ര പരിസരത്ത് കൊണ്ടിട്ടതത്. ഏതായാലും ഇതോടെ വ്യാജ പ്രചാരണങ്ങള്‍ക്ക് അന്ത്യമായിരിക്കുകയാണ്.
ബുധനാഴ്ച രാവിലെയായിരുന്നു തപ്പചബുത്രയിലെ ക്ഷേത്രത്തിലെ ശിവലിംഗത്തിന് പിന്‍വശത്തായി 250 ഗ്രാം മാംസക്കഷ്ണം കണ്ടെത്തിയത്. പ്രാര്‍ഥനക്കെത്തിയ ഭക്തര്‍ മാംസം കാണുകയും ക്ഷേത്ര അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു. ക്ഷേത്രത്തിലേക്ക് ആരോ മാംസം വലിച്ചെറിഞ്ഞു എന്നതായിരുന്നു പ്രചരിച്ച വാര്‍ത്ത. ശിവലിംഗത്തിന് സമീപം ആരോ മാംസം വലിച്ചെറിഞ്ഞതായി ഒരു ക്ഷേത്ര കമ്മിറ്റി അംഗം ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആരോപിക്കുകയും ചെയ്തു.
ഇതോടെ പ്രതിഷേധവുമായി നൂറുകണക്കിന് പേര്‍ രംഗത്തെത്തി. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാക്കളും രംഗത്തെത്തിയതോടെ സ്ഥിതി മാറി. ഭാരതീയ ജനതാ യുവമോര്‍ച്ച (ബി.ജെ.വൈ.എം) അംഗങ്ങളും നാട്ടുകാരും ക്ഷേത്രത്തിന് മുന്നില്‍ തടിച്ചുകൂടി പ്രതിഷേധിക്കുകയും സംഭവത്തെ അപലപിച്ച് മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
സാമുദായിക സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കൂടുതല്‍ പൊലിസിനെയും വിന്യസിച്ചിരുന്നു. ഉന്നത പൊലിസുദ്യോഗസ്ഥര്‍ അടക്കം സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്നാണ് സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ഒരു പൂച്ചയാണ് ക്ഷേത്രത്തില്‍ മാംസം കൊണ്ടിട്ടതെന്ന് വ്യക്തമാവുകയായിരുന്നു.