മൂവാറ്റുപുഴ: പാതിവില തട്ടിപ്പു കേസിൽ പ്രതി അനന്തു കൃഷ്ണൻ പ്രഥമദൃഷ്ട്യാ കുറ്റക്കാരനെന്നു കോടതി. ജാമ്യം നൽകിയാൽ അനന്തു തെളിവു നശിപ്പിക്കാൻ സാധ്യതയുണ്ടെന്നു പറഞ്ഞ മൂവാറ്റുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചു.
തിരിച്ചുനൽകാൻ 300 കോടി രൂപ!
അനന്തു കൃഷ്ണനിൽനിന്നു സംഭാവന വാങ്ങിയവരെയും പദ്ധതിയുടെ ഗുണഭോക്താക്കളെയും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണു പൊലീസ്. പാതിവിലയ്ക്കു ലഭിച്ച സാധനങ്ങള്‍ കസ്റ്റഡിയിലെടുക്കാതെ വിവരങ്ങൾ രേഖപ്പെടുത്തി തിരികെ നൽകും. അവ കസ്റ്റഡിയിൽ സൂക്ഷിക്കുക പ്രായോഗികമല്ലാത്തിനാലാണ് ഇത്. കേസിന്‍റെ നടപടികള്‍ പൂർത്തിയാകുന്നതുവരെ കൈമാറ്റമോ വിൽപനയോ പാടില്ലെന്ന വ്യവസ്ഥയുമുണ്ട്. ഓരോ ജില്ലയിലും നൂറുകണക്കിനു പ്രതികളുണ്ട്. ഓരോരുത്തരുടെയും പങ്കു പരിശോധിച്ച് അറസ്റ്റ് ചെയ്യുകയാണ് അന്വേഷണസംഘത്തിനു മുന്നിലെ വെല്ലുവിളി.
പണം വാങ്ങിയ ജനപ്രതിനിധികൾ അടക്കമുള്ളവരുടെ മൊഴിയെടുക്കാനാണു നീക്കം. പണം വാങ്ങാനിടയായ സാഹചര്യം ഇവർ വ്യക്തമാക്കേണ്ടിവരും. തട്ടിച്ചെടുത്ത പണത്തിന്‍റെ പങ്ക് പറ്റിയിട്ടുണ്ടെങ്കിൽ അവരെ പ്രതിയാക്കുമോ എന്നതും വ്യക്തമാകണം.
പണം നഷ്ടമായവരുടെയും പകുതി വിലയിൽ സ്കൂട്ടറും ലാപ്ടോപ്പും രാസവളവും തയ്യൽ മെഷീനും വാങ്ങിയവരുടെയും മൊഴിയെടുക്കാനുണ്ട്. 65,000 പേർക്കു സാധനങ്ങള്‍ നൽകിയിട്ടുണ്ടെന്നാണ് അനന്തുകൃഷ്ണന്‍റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചതിൽനിന്നു പൊലീസിന്‍റെ നിഗമനം.





