ദമാമിൽ നിന്ന് പ്രവാസികളെ തിരിച്ചയച്ച സംഭവം; നേരിട്ടുള്ള പ്രവേശന നിയമങ്ങൾ ലംഘിച്ചതിനാൽ

0
2971

ദമാം: കഴിഞ്ഞ ദിവസം മലയാളികൾ ഉൾപ്പെടെ പതിനഞ്ചോളം പേരെ തിരിച്ചയച്ചത് പ്രവേശന നിയമങ്ങൾ ലംഘിചതിനെ തുടർന്ന്. രണ്ട് ഡോസ് വാക്സിൻ സഊദിയിൽ നിന്ന് സ്വീകരിച്ചു റീ എൻട്രിയിൽ പോയവർക്ക് മാത്രമാണ് നേരിട്ട് പ്രവേശനം സാധ്യമാകൂ എന്ന് സഊദി അധികൃതർ വ്യക്തമാക്കിയിട്ടും തവക്കൽന സ്റ്റാറ്റസ് അടിസ്ഥാനമാക്കി പ്രവേശനം അനുവദിക്കപ്പെടുമെന്ന നിഗമനത്തിൽ എത്തിയവരെയാണ് ദമാമിൽ നിന്ന് തിരിച്ചയച്ചത്. വിമാന കമ്പനികളുടെ അനാസ്ഥയോടൊപ്പം യാത്രക്കാർ ഇക്കാര്യം മറച്ചു വെക്കുകയുമായിരുന്നു. നഗ്നമായ നിയമ ലംഘനമാണ് ഇവർ നടത്തിയത്.

ശനിയാഴ്ചയാണ് തിരുവന്തപുരത്ത് നിന്നെത്തിയ മൂന്ന് മലയാളികളേയും ബാംഗ്ലുർ, ഡൾഹി തുടങ്ങിയ വിമാനത്താവളങ്ങളിൽ നിന്നെത്തിയ 12 പേരെയും ഉൾപ്പെടെ പതിനഞ്ചോളം പേരെ സഊദിയിലേക്ക് പ്രവേശിക്കാൻ അനുവദിക്കാതെ തിരിച്ചയച്ചത്.
നേരത്തെ ഇവർക്ക് കൊവിഡ് വന്നതിനാൽ ഇവരുടെ തവൽക്കന സ്റ്റാറ്റസിൽ കൊവിഡ് വാക്സിൻ പൂർത്തീകരിച്ചതായും ഇമ്യൂൺ സ്റ്റാറ്റസും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സ്റ്റാറ്റസ് വെച്ചാണ് ഇവർ നേരിട്ട് പറന്നത്. വിമാന കമ്പനിയുടെ പ്രാഥമിക പരിശോധനയിൽ ഇവർ ഇമ്മ്യൂൺ ആയത് രണ്ട് ഡോസ് എടുക്കാതെ ആണെന്നത് വിട്ടു പോകുകയും ചെയ്തു. ഇക്കാര്യം യാത്രക്കാർ മറച്ചു വെക്കുകയും നേരിട്ടുള്ള പ്രവേശനത്തിനായി ജവാസാത് പ്രവേശന രജിസ്ട്രേഷൻ പൂർത്തിയാക്കുകയുമാണ് ചെയ്തത്.

സഊദിയിൽ നിന്ന് കൊറോണ ബാധിക്കുകയും പിന്നീട് ഒരു ഡോസ് വാക്സിൻ സ്വീകരിക്കുകയും ചെയ്ത് തവക്കൽനയിൽ ഫുൾ ഇമ്യൂൺ സ്റ്റാറ്റസുമായി നാട്ടിലെത്തുകയും പിന്നീട് സഊദിയിലേക്ക് നേരിട്ട് പറന്നെത്തുകയും ചെയ്തവരെയാണ് എമിഗ്രേഷനിൽ നിന്ന് നാട്ടിലേക്ക് തന്നെ മടക്കിയത്. ദമാമിൽ ഇറങ്ങിയ ഇവരോട് തവക്കൽന സ്റ്റാറ്റസിൽ രണ്ട് ഡോസുകളും ഒരേ തിയതിയിൽ സ്വീകരിച്ചതായാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നതിനാൽ സഊദിയിലെ എമിഗ്രേഷൻ സിസ്റ്റത്തിൽ ഉൾപ്പെടുത്താൻ സാധിക്കില്ല എന്ന മറുപടിയായിരുന്നു ലഭിച്ചത്. എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ രണ്ട് ഡോസുകളും നിശ്ചിത കാലാവധി കഴിഞ്ഞുള്ള തിയതികളിൽ സ്വീകരിച്ചതായാണ് രേഖപ്പെടുത്തേണ്ടത്. ഇതിൽ മാറ്റം വരുത്താൻ സാധിക്കില്ലെന്നും അതിനാൽ തർക്കിച്ചിട്ട് കാര്യമില്ലെന്നും അധികൃതർ യാത്രക്കാരെ അറിയിക്കുകയായിരുന്നു. ഇത്തരക്കാർക്കെതിരെയും ഇവരെ എത്തിക്കുന്ന വിമാന കമ്പനികൾക്കെതിരെയും നടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും ഇവരെ തിരിച്ചയക്കുക മാത്രമാണ് ചെയ്തതെന്നത് ആശ്വസിക്കാവുന്നതാണ്.

അതേസമയം, ഇതേ മാർഗ്ഗം ഉപയോഗിച്ച് നേരിട്ട് വരാനുള്ള ശ്രമം ചിലർ ഇനിയും നടത്തുന്നതായാണ് ട്രാവൽസ് ഏജൻസികൾ പറയുന്നത്. തവക്കൽന ഇമ്മ്യൂൺ സ്റ്റാറ്റസ് ആയതിനാൽ വാക്സിനേറ്റഡ് കാറ്റഗറിയിൽ അറൈവൽ രജിസ്ട്രേഷൻ പൂർത്തീകരിക്കാൻ സാധിക്കുമെന്നതിനാൽ പ്രവേശനം സാധ്യമാകുമെന്നതാണ് ഇവരുടെ വാദം. എന്നാൽ, നിലവിൽ നേരിട്ടുള്ള പ്രവേശനം സഊദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് റീ എൻട്രിയിൽ പോയവർക്ക് മാത്രമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അല്ലാത്തവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

ഇതും കൂടി വായിക്കുക 👇

“സഊദി പ്രവേശനം ആർക്കൊക്കെ? രണ്ട് ഡോസുകൾ വ്യത്യസ്ത രാജ്യങ്ങളിൽ നിന്ന് സ്വീകരിച്ചവർക്കും കൊവിഡ് വന്നവർക്കും സാധ്യമോ? ജവാസാത് മറുപടി അറിയാം”