സഊദിയിൽ കമ്പനി ബോർഡുകളിൽ മന്ത്രിമാർക്ക് വിലക്ക്

0
1774

റിയാദ്: സഊദിയിൽ കമ്പനി ബോർഡുകളിൽ മന്ത്രിമാർക്ക് വിലക്ക് ഏർപ്പെടുത്തി. ഇതോടെ കമ്പനികളുടെ അധ്യക്ഷ പദവിയിൽ ഇരിക്കാനോ ബോർഡുകളിൽ ചേരാനോ മന്ത്രിമാർക്ക് അനുവാദം ഉണ്ടാകുകയില്ല. പുതിയ തീരുമാനം ഔദ്യോഗിക ഗസറ്റ് ആയ ഉമ്മുൽ ഖുറയിൽ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചു. ഒരു മന്ത്രിക്കും ഒരു കമ്പനിയുടെയും ബോർഡ് അധ്യക്ഷനാകാനോ അംഗമായി പ്രവർത്തിക്കാനോ അനുവാദമില്ല, സർക്കാർ തീരുമാനത്തിൽ വ്യക്തമാക്കി. എന്നാൽ, പ്രധാനമന്ത്രിയുടെ ഉത്തരവനുസരിച്ച് ഏൽപ്പിക്കപ്പെടുന്ന ചെയർമാൻ സ്ഥാനമോ അംഗത്വമോ ഇതിൽ ഉൾപ്പെടുന്നില്ല.

ധനകാര്യ മന്ത്രി മുഹമ്മദ് അൽ-ജദ്ആൻ, സഹമന്ത്രി ഇബ്രാഹിം അൽ അസ്സാഫ് എന്നിവർ ഇപ്പോൾ സർക്കാർ നടത്തുന്ന ഊർജ്ജ സ്ഥാപനമായ സഊദി അറേബ്യൻ ഓയിൽ കമ്പനിയുടെ ബോർഡ് അംഗങ്ങളാണ്. സഊദി പൊതു നിക്ഷേപ ഫണ്ട്, സഊദി പരമാധികാര സമ്പത്ത് ഫണ്ട് എന്നീ ബോർഡുകളിൽ സ്റ്റേറ്റ് വാണിജ്യ, നിക്ഷേപ, ടൂറിസം മന്ത്രിമാരും അംഗങ്ങളാണ്. സർക്കാർ ഉടമസ്ഥതയിലുള്ള സഊദി അറേബ്യൻ മിലിട്ടറി ഇൻഡസ്ട്രീസിലും ടൂറിസം, വ്യവസായം, ധാതു വിഭവങ്ങൾ എന്നിവയുടെ മന്ത്രിമാരുമുണ്ട്.