സഊദിയിലെ ബസ് – ട്രക്ക് അപകടം; വിഷ്ണുപ്രസാദിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും

0
958

ജിസാൻ: ജിസാനിൽ ബസും ട്രക്കും കൂട്ടിയിടിച്ച് മരിച്ച കൊല്ലം കുണ്ടറ സ്വദേശി വിഷ്ണു നിവാസിൽ വിഷ്ണുപ്രസാദ് പിള്ളയുടെ (31) മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് സംസ്കരിക്കും. കൊല്ലം ചക്രപാണി റോഡിൽ നന്ദാവൻ കോളനിയിലെ പ്രസാദ് മാധവൻ പിള്ളയുടെയും രാധ പ്രസാദ് പിള്ളയുടെയും മകനാണ് അവിവാഹിതനായ വിഷ്ണുപ്രസാദ്.

3 വർഷമായി സൗദിയിലെ എസിഐസി കമ്പനിയിൽ എൻജിനീയറായി ജോലി ചെയ്തുവരികയായിരുന്നു. യുകെയിൽ സോഫ്റ്റ് വെയർ എൻജിനീയറായ സഹോദരൻ മനു പ്രസാദ് അപകട വിവരം അറിഞ്ഞ് നാട്ടിൽ എത്തിയിട്ടുണ്ട്.

അപകടത്തിൽ വിഷ്ണു ഉൾപ്പെടെ 9 ഇന്ത്യക്കാരടക്കം 15 പേർ മരിച്ചിരുന്നു. തെലങ്കാന സ്വദേശി രമേശ് കപല്ലി, ബിഹാർ സ്വദേശികളായ മുഹമ്മദ് മുഹ്തഷിം, താരിഖ് അലാം, മഹേഷ് ചന്ദ്ര, മുസഫർ ഹുസൈൻ ഖാൻ ഇബ്രാൻ, പുഷ്കർ സിങ് ദാമി, സഖലൈൻ ഹൈദർ, ദിനകർഭായ് ഹരിഭായ് എന്നിവരാണ് മരിച്ച മറ്റു ഇന്ത്യക്കാർ. 3 നേപ്പാൾ, 3 ഘാന സ്വദേശികളാണ് മരിച്ച മറ്റുള്ളവർ.

ഗുരുതര പരുക്കേറ്റ് ജിസാൻ, അബഹ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവർ അപകട നില തരണം ചെയ്തുവരുന്നു. ജിസാൻ അരാംകൊ റിഫൈനറി റോഡിൽ തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം.