ദുബൈ: സഊദി അറേബ്യയിൽ നിന്നും യുഎഇയിലേക്കുള്ള സർവ്വീസുകൾ പുനഃരാരംഭിക്കാൻ അനുമതി നൽകിയതോടെ ഈ സെക്റ്ററിൽ വിമാന ടിക്കറ്റിനായി നെട്ടോട്ടം. സർവ്വീസുകൾ തിരഞ്ഞെടുക്കാനും ടിക്കറ്റ് നിരക്കുകൾ അറിയാനും ഫ്ലൈറ്റുകൾക്കായുള്ള ഓൺലൈൻ സൈറ്റുകളിൽ തിരച്ചിൽ വർധിച്ചത് 1,700 ശതമാനം. മാസങ്ങളായി മുടങ്ങിക്കിടന്ന സർവ്വീസ് പുനഃരാരംഭിച്ചതോടെയാണ് സർവ്വീസുകൾ തിരഞ്ഞ് ആളുകൾ കൂട്ടത്തോടെ എത്തിയത്.
കൊവിഡ് ആശങ്കകൾക്കിടയിൽ ജൂലൈ തുടക്കം മുതൽ ഇരു രാജ്യങ്ങൾക്കുമിടയിലെ വിമാനങ്ങൾ നിർത്തിവച്ചിരുന്നു. പിന്നീട്, ഈ ആഴ്ചയാണ് സേവനങ്ങൾ പുനരാരംഭിക്കാൻ സഊദി അനുമതി നൽകിയത്. വിമാന സർവ്വീസ് തിരഞ്ഞു ആളുകൾ കൂട്ടമായി എത്തുകയാണെന്നും ഇരു രാജ്യങ്ങളിലെയും സഞ്ചാരികളിൽ നിന്നുള്ള ആവശ്യകതയാണ് ഇത് വ്യക്തമാക്കുന്നതെന്നും ഓൺലൈൻ ട്രാവൽ മേഖലയിലെ “വീഗോ’ യുടെ മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക (മിന), ഇന്ത്യ മാനേജിംഗ് ഡയറക്ടറുമായ മഹ്മൂൻ ഹംദാൻ പറഞ്ഞു.
ഈ പ്രഖ്യാപനത്തിനായി മേഖല ആകാംക്ഷയോടെ കാത്തിരുന്നു. “മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക (മിന)” യാത്രക്കാർക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന സ്ഥലങ്ങളിൽ ഒന്നാണ് സഊദി അറേബ്യ. ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ, കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ സഊദി അറേബ്യയിൽ നിന്ന് യുഎഇയിലേക്കുള്ള ഫ്ലൈറ്റ് തിരയലിൽ 1,700 ശതമാനം വർദ്ധനവ് ഉണ്ടായി. വരും ദിവസങ്ങളിൽ ഫ്ലൈറ്റ് തിരയലുകളിലും ബുക്കിംഗുകളിലും കൂടുതൽ വളർച്ച കാണുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം 50 ശതമാനം യാത്രക്കാർ ഒരാഴ്ചയ്ക്കുള്ളിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും 60 ശതമാനം പേർ മൂന്ന് ദിവസത്തേക്ക് ഒരു ഹ്രസ്വ താമസത്തിനായി തിരയുകയാണെന്നും ഹംദാൻ വെളിപ്പെടുത്തി. ഫാമിലികളും ദമ്പതികളും വിമാന ഷെഡ്യുൾ തിരയുന്നതിൽ ഏറെ മുന്നിലാണ്.
അബുദാബി ആസ്ഥാനമായുള്ള ഇത്തിഹാദ് എയർവേയ്‌സ് ശനിയാഴ്ച മുതൽ സഊദി അറേബ്യയിലേക്ക് വിമാന സർവീസുകൾ ആരംഭിക്കും. കൂടാതെ, ഫ്ലൈ ദുബൈ എയർ 12 മുതലും എയർ അറേബ്യ സെപ്റ്റംബർ 14 മുതലും സർവ്വീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, സഊദി എയർ ലൈൻസും സർവ്വീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വിമാനകമ്പനികളുടെ സർവീസുകൾ എല്ലാം യുഎഇ യിലെ വിവിധ എമിറേറ്റ്കളിൽ നിന്ന് സഊദിയിലെ ദമാം, റിയാദ്, ജിദ്ദ തുടങ്ങിയ അന്താരാഷ്ട്ര വിമാനതാവളങ്ങളിലേക്ക് പ്രതിദിന സർവ്വീസുകൾ നടത്തും.




