സഊദിയിൽ നഗരങ്ങളിലേക്ക് ട്രക്കുകൾ പ്രവേശിക്കുന്നതിന് ഓൺലൈൻ പാസ്, ആദ്യ ഘട്ടം ജിദ്ദയിൽ

0
1765

ജിദ്ദ: രാജ്യത്ത് നഗരങ്ങളിലേക്ക് ട്രക്കുകൾ പ്രവേശിക്കുന്നതിന് ഓൺലൈൻ പാസ് സംവിധാനവുമായി ഗതാഗത വകുപ്പ്. ആദ്യ ഘട്ടത്തിൽ ജിദ്ദയിൽ തുടക്കമാകുന്ന പദ്ധതി ഘട്ടം ഘട്ടമായി രാജ്യത്തുടനീളം നടപ്പാക്കാനാണ് പദ്ധതിയെന്ന് പൊതുഗതാഗത അതോറിറ്റി (പിടിഎ) അറിയിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കും സഊദി തുറമുഖ അതോറിറ്റിയും (മാവാനി) സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നഗരങ്ങളിലേക്ക് ട്രക്കുകളുടെ പ്രവേശനം ഒരു ഇലക്ട്രോണിക് അപ്പോയിന്റ്മെന്റ് ബുക്കിംഗ് സംവിധാനത്തിലൂടെ സുഗമമാക്കുകയാണ് ലക്ഷ്യം. നിശ്ചിത സമയത്തു മാത്രമായിരിക്കും പ്രവേശനം.

ട്രക്കുകളുടെ ഭാഗത്തുനിന്നുള്ള നിയമ ലംഘനം കണ്ടെത്തുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിൽ ഈ സംവിധാനം സഹായിക്കും. നിരോധനസമയത്ത് ട്രക്കുകൾ നഗരങ്ങളിലേക്ക് പ്രവേശിക്കുന്നത് രാജ്യത്തെ എല്ലാ നഗരങ്ങളിലെയും പ്രധാന റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള ഒരു ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ നിരീക്ഷിക്കുകയും അതിനനുസരിച്ച് ശിക്ഷാനടപടികൾ സ്വീകരിക്കുകയും ചെയ്യും. ട്രക്കുകളുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിനും നഗരങ്ങളുടെ പ്രവേശന കവാടങ്ങളിൽ കുടുങ്ങുന്നത് തടയുന്നതിനും, പ്രവേശനത്തിനായുള്ള അവരുടെ ഊഴം കാത്തിരിക്കുന്നതിനും ഇതിൽ സംവിധാനം രൂപകൽപ്പന ചെയ്തിട്ടുണ്ട്. ഗതാഗതത്തിന്റെയും ട്രാഫിക് ഒഴുക്കിന്റെയും ഗുണനിലവാരവും കാര്യക്ഷമതയും ഉയർത്താനും ഇത് ലക്ഷ്യമിടുന്നു. ചരക്ക് കൊണ്ടുപോകുന്ന ട്രക്ക് ഡ്രൈവർമാർക്ക് നഗരങ്ങൾക്കുള്ളിലെ പ്രധാന റോഡുകളിലെ തിരക്ക് ഒഴിവാക്കുന്ന സമയത്ത് ശരിയായ ചരക്ക് കടത്തിന് ഈ പ്രോഗ്രാം സഹായിക്കും.

കൂടാതെ, ട്രക്ക് ഡ്രൈവർമാരുടെ നീണ്ട കാത്തിരിപ്പ് സമയം കുറക്കൽ, ചരക്ക് ഗതാഗത പ്രവർത്തനത്തിൽ സ്വകാര്യ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനം സുഗമമാക്കൽ, പ്രവർത്തന ചെലവ് കുറക്കൽ, രാജ്യത്തെ നഗരങ്ങളിലും പ്രദേശങ്ങളിലും ഷിപ്പിംഗ് പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തൽ, ലോജിസ്റ്റിക് പ്രസ്ഥാനത്തിന്റെ പ്രവർത്തന സേവനങ്ങളുടെ കാര്യക്ഷമതയും ഗുണനിലവാരവും ഉയർത്തൽ, ചരക്ക് ഗതാഗത സംവിധാനം കൂടുതൽ മെച്ചപ്പെടുത്തൽ, കാരിയറുകൾക്കുള്ള സാമ്പത്തിക നഷ്ടം കുറക്കൽ, ലക്ഷ്യമിട്ട സാമ്പത്തിക വളർച്ച കൈവരിക്കാൻ ആവശ്യമായ കാര്യങ്ങൾ എന്നിവക്ക് പുതിയ സംവിധാനം സഹായകമാകും.