റിയാദ്: ‘ഡാകർ റാലി’ക്ക് ആതിഥേയത്വം വഹിക്കുന്ന സൗദിയ്ക്ക് ചരിത്ര നേട്ടം. യസീദ് അൽ രാജ്ഹി കാർ വിഭാഗത്തിൽ ഡാക്കാർ റാലി 2025 വിജയിച്ചുകൊണ്ട് ചാംപ്യനായി.
ലോകത്തിലെ ഏറ്റവും പ്രശസ്തമായ റാലിയിൽ ഈ മഹത്തായ നേട്ടം കൈവരിക്കുന്ന ആദ്യത്തെ സൗദി ഡ്രൈവറായി.
കായിക മന്ത്രാലയത്തിൻ്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ സൗദി ഓട്ടോമൊബൈൽ ആൻഡ് മോട്ടോർസൈക്കിൾ ഫെഡറേഷൻ സംഘടിപ്പിച്ച റാലിയുടെ ആറാമത് പതിപ്പ് ജനുവരി 3 മുതൽ 17 വരെ സൗദി അറേബ്യയിലാണ് നടന്നത്.
ഷുബൈത്തയിൽ ഫിനിഷ് ചെയ്ത ഡാകർ റാലിയുടെ 12-ാമത്തെയും അവസാനത്തെയും ഘട്ടത്തിലാണ് സൗദി അറേബ്യയുടെ അഭിമാനമുയർത്തി യസീദ് അൽ രാജ്ഹി തെൻറ കരിയറിലെ ആദ്യത്തെ ഡാകർ റാലി കിരീടം നേടിയത്.
43 കാരനായ യസീദ് അൽ രാജിഹി ദക്ഷിണാഫ്രിക്കൻ താരം ഹെങ്ക് ലാറ്റെഗനെ (ടൊയോട്ട) 3.57 മിനിറ്റിനും സ്വീഡിഷ് താരം മത്തിയാസ് എക്‌സ്‌ട്രോമിനെ (ഫോർഡ്) 20.21 മിനിറ്റിനും പിന്നിലാക്കിയാണ് തെൻറ ടൊയോട്ട കാറുമായി ഫിനിഷ് ചെയ്തത്.
സൗദി മോട്ടോർസ്‌പോർട്ട് കമ്പനി ചെയർമാൻ ഖാലിദ് ബിൻ സുൽത്താൻ ബിൻ അബ്ദുല്ല ബിൻ ഫൈസൽ രാജകുമാരൻ രാജ്യത്തിൻ്റെ നേതൃത്വത്തിനും കായിക മന്ത്രിക്കും ഈ ശ്രദ്ധേയമായ നേട്ടത്തിന് നന്ദി പറഞ്ഞു. അവരുടെ അചഞ്ചലമായ പിന്തുണയാണ് വിജയത്തിന് കാരണം. ഈ നാഴികക്കല്ല് മോട്ടോർ സ്പോർട്സിൽ സൗദിയുടെ കൂടുതൽ സുപ്രധാന നേട്ടങ്ങൾക്ക് വഴിയൊരുക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.





