റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ കേസ് ഫെബ്രുവരി രണ്ടിന് വീണ്ടും പരിഗണിക്കും. ബുധനാഴ്ച രാവിലെ എട്ടിന് റിയാദ് ക്രിമിനൽ കോടതിയിൽ സിറ്റിങ് നടന്നെങ്കിലും നിലവിലെ ബെഞ്ചിൽ മാറ്റം വരുത്തി കേസ് വീണ്ടും വിശദമായി കേൾക്കാനായി മാറ്റിവെക്കാനായിരുന്നു കോടതി തീരുമാനം. പുതിയ ജഡ്ജിമാരെ കൂടി ഉൾപ്പെടുത്തിയ ബെഞ്ച് ഫെബ്രുവരി രണ്ടിന് രാവിലെ എട്ടിന് കേസിൽ വാദം കേൾക്കും.
ബുധനാഴ്ച നടന്ന ഓൺലൈൻ സിറ്റിങ്ങിൽ ജയിലിൽനിന്ന് റഹീമും റഹീമിെൻറ അഭിഭാഷക സംഘവും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരിയും സഹായ സമിതി സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു. പ്രോസിക്യൂഷന്റെ വാദം കേൾക്കലും പ്രതിഭാഗത്തിന്റെ മറുപടി പറച്ചിലുമായി കുറച്ചധികം നീണ്ട സിറ്റിങ് നടപടികൾ തീർപ്പിലെത്തും എന്ന പ്രതീക്ഷയുണ്ടാക്കിയിരുന്നെങ്കിലും കേസ് മാറ്റിവെക്കുന്നുവെന്ന അറിയിപ്പാണ് ഒടുവിൽ വന്നത്.





