റിയാദ്: ഇന്ത്യക്കാർ ഏറ്റവും കൂടുതൽ പ്രവാസ ജീവിതം നയിക്കുന്ന രാജ്യങ്ങളിൽ പ്രമുഖമായ സഊദി അറേബ്യയുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്ന കാലമായിരുന്നു അന്തരിച്ച മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഡോ:മൻമോഹൻ സിംഗിന്റെ ഭരണകാലം. അത് സാക്ഷ്യപ്പെടുത്തുന്നതായിരുന്നു 2010 ൽ അദ്ദേഹം നടത്തിയ ചരിത്ര പ്രസിദ്ധമായ സഊദി സന്ദർശനം. 1982 ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സഊദി സന്ദർശനം നടത്തിയ ശേഷം, 28 വർഷം കഴിഞ്ഞാണ് പിന്നീട് 2010 ൽ മറ്റൊരു ഇന്ത്യൻ പ്രധാനമന്ത്രി സഊദിയിൽ എത്തുന്നത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
സഊദി അറേബ്യയുടെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ സ്പെഷ്യൽ ക്ലാസ് ബഹുമതിയും നൽകി സഊദി അറേബ്യ മൻമോഹൻ സിംഗിനെ 2010 ൽ ആദരിച്ചിരുന്നത് അദേഹത്തിന്റെ കഴിവും ഇന്ത്യയോടുള്ള ബന്ധവും അടയാളപ്പെടുത്തുന്നതാണ്. പ്രധാനമന്ത്രി ആയിരിക്കുന്ന വേളയിലാണ് മൻമോഹൻ സിംഗ് സഊദി അറേബ്യ സന്ദർശിക്കുന്നത്. 2006 ൽ അന്നത്തെ സഊദി ഭരണാധികാരി ആയിരുന്ന അബ്ദുള്ള രാജാവിന്റെ ഇന്ത്യാ സന്ദർശനത്തിന് നാല് വർഷത്തിന് ശേഷമായിരുന്നു അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സഊദിയിൽ എത്തിയത്.
അറബ് മാധ്യമങ്ങൾ എല്ലാം തന്നെ ഈ സന്ദർശനത്തെ ഏറെ പ്രാധാന്യത്തോടെയാണ് നോക്കി കണ്ടിരുന്നത്. ‘ഇന്ത്യൻ പ്രധാനമന്ത്രി സഊദിയിൽ, ചരിത്ര സന്ദർശനം’ എന്ന തലക്കെട്ടിലായിരുന്നു പ്രമുഖ ദിനപത്രമായ അറബ് ന്യൂസ് അച്ചു നിരത്തിയത്. സഊദിയിലെ എല്ലാ പത്രങ്ങളുടെയും മുൻ പേജുകളിൽ മൻമോഹൻ സിംഗിൻ്റെ സന്ദർശന വാർത്ത വൻ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. റിയാദ് കിംഗ് ഖാലിദ് ഇൻ്റർനാഷണൽ എയർപോർട്ടിൽ കിരീടാവകാശിക്കും മറ്റ് രാജകുടുംബാംഗങ്ങൾക്കുമൊപ്പം മൻമോഹൻ സിംഗ് ഹസ്തദാനം ചെയ്യുന്നതിൻ്റെ ചിത്രങ്ങൾ ഉൾപ്പെടെയുള്ള വാർത്തകളാണ് അന്ന് പത്രങ്ങളിൽ ഇടം പിടിച്ചിരുന്നത്.
1982-ൽ ഇന്ദിരാഗാന്ധിയുടെ സന്ദർശനത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ സന്ദർശനമായതിനാൽ വൻ സ്വീകരണമാണ് സഊദി അറേബ്യ നൽകിയത്. “ഇത് നമ്മുടെ പ്രധാനമന്ത്രിക്ക് അഭൂതപൂർവമായ സ്വാഗതമായിരുന്നു,” എന്നാണ് വിദേശകാര്യ മന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് അറബ് ന്യൂസ് റിപ്പോർട്ട് ചെയ്തത്. സന്ദർശന വേളയിൽ സുരക്ഷ, ശാസ്ത്രം, സാങ്കേതികവിദ്യ, സംസ്കാരം, മാധ്യമം തുടങ്ങി എന്നിവ കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പ് വെക്കുകയും ചെയ്തിരുന്നു. പലസ്തീൻ മുതൽ പാകിസ്ഥാൻ വരെയുള്ള പശ്ചിമേഷ്യൻ ദക്ഷിണേഷ്യൻ ഭാഗങ്ങളിലും വളർന്നുവരുന്ന വിവിധ പ്രശ്നങ്ങൾ ചർച്ചയുടെ പ്രധാന കേന്ദ്രബിന്ദുവായിരുന്നു.
പ്രശസ്ത സാമ്പത്തിക വിദഗ്ധനും ഇന്ത്യയുടെ സാമ്പത്തിക പരിഷ്കാരങ്ങളുടെ ശില്പി കൂടിയായിരുന്ന മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് സഊദി അറേബ്യയിലെ പ്രശസ്തമായ കിംഗ് സഊദ് സർവകലാശാല സന്ദർശന വേളയിൽ ഓണററി ഡോക്ടറേറ്റ് നൽകി ആദരിക്കുകയും ചെയ്തിരുന്നു. ബഹുമതി ഏറ്റുവാങ്ങിയുള്ള സദസ്സിൽ യൂണിവേഴ്സിറ്റി പ്രൊഫസറായിരുന്ന തൻ്റെ നാളുകളെക്കുറിച്ചും യുവമനസ്സുകളെ പ്രചോദിപ്പിക്കുന്നതിൽ വഹിച്ച പങ്കിനെക്കുറിച്ചും അനുസ്മരിച്ച് നടത്തിയ പ്രസംഗം ഏറെ ശ്രദ്ധേയമായിരുന്നു.
അന്നത്തെ ആരോഗ്യമന്ത്രി ഗുലാം നബി ആസാദ്, വാണിജ്യ-വ്യവസായ മന്ത്രി ആനന്ദ് ശർമ, പെട്രോളിയം പ്രകൃതി വാതക മന്ത്രി മുരളി ദേവ്‌റ, വിദേശകാര്യ സഹമന്ത്രി ശശി തരൂർ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, കോർപ്പറേറ്റ് ഇന്ത്യയിലെ സിഇഒമാരുടെ 25 അംഗ പ്രതിനിധി സംഘത്തോടൊപ്പമാണ് പ്രധാനമന്ത്രി റിയാദിൽ എത്തിയത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





